INDIA

ഭിന്ദ്രൻവാലയെ പോലെ തോന്നിക്കാൻ പ്ലാസ്റ്റിക്ക് സ‍ർജറി; അമൃത്പാല്‍ സിങ് ജോർജിയയിൽ രണ്ട് മാസം താമസിച്ചതായി റിപ്പോർട്ട്

അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ കഴിയുന്ന സിങ്ങിന്റെ അനുയായികൾ ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

വെബ് ഡെസ്ക്

കാഴ്ചയിൽ ഖാലിസ്ഥാനി വാദി ജർണയിൽ സിങ് ഭിന്ദ്രൻവാലയെ പോലെ തോന്നിക്കാൻ വാരിസ് പഞ്ചാബ് ദേ തലവനായ അമൃത്പാല്‍ സിങ് പ്ലാസ്റ്റിക്ക് സ‍ർജറി നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുൻപ് ജോർജിയയിൽ പോയി ശസ്ത്രക്രിയ നടത്തിയെന്നാണ് വിവരം. അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ കഴിയുന്ന സിങ്ങിന്റെ അനുയായികൾ ചോദ്യം ചെയ്യലിനിടെ ഇക്കാര്യം വെളിപ്പെടുത്തിയതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. രണ്ട് മാസത്തോളം അമൃത്പാല്‍ സിങ് ജോർജിയയിൽ താമസിച്ചതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്.

ഡൽഹിയിലെ കർഷക സമരത്തിനിടെ സിങ് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ ഇട്ടിരുന്നതായും ചിലരുമായി ബന്ധപ്പെട്ടിരുന്നതായും അറസ്റ്റിലായവർ പറഞ്ഞു. വാരിസ് പഞ്ചാബ് ദേ സംഘടനയ്ക്ക് പാകിസ്താനിൽ നിന്ന് ഫണ്ട് ലഭിച്ചെന്നും വ്യക്തിഗത കടങ്ങൾ തീർക്കാൻ അത് ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്.

മാതാവിന്റെ സഹോദരൻ ഹർജിത് സിങ്, ദൽജിത് സിങ് കൽസി എന്നിവരുൾപ്പെടെ സിങ്ങിന്റെ എട്ട് അനുയായികളാണ് അറസ്റ്റിലായത്. പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവിന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അമൃത്പാല്‍ സിങ് പെട്ടെന്ന് എവിടെനിന്ന് പ്രത്യക്ഷപ്പെട്ടെന്നും വാരിസ് പഞ്ചാബ് ദേയുടെ നേതാവായി എങ്ങനെ ചുമതലയേറ്റെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്റലിജൻസ് വൃത്തങ്ങൾ.

മാർച്ച് 18നാണ് അമൃത്പാൽ സിങ് ഒളിവിൽ പോകുന്നത്. അതിനുശേഷം നിരവധി കഥകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും അമൃത്പാൽ എവിടെയെന്ന് ആർക്കുമറിയില്ല. നേപ്പാളിലേക്ക് കടന്നുവെന്നടക്കം വാർത്തകൾ പുറത്തുവന്നു. എന്നാൽ ഒരു തവണ പോലും കൃത്യമായ വിവരം പങ്കുവയ്ക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.

അനുയായികളെ വിട്ടുകിട്ടാൻ അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം ആറിലേറെ കേസുകളാണ് അമൃത്പാലിനെതിരെയുള്ളത്. ഫെബ്രുവരി 24ന് അമൃത്പാലും അനുയായികളും പോലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടന്ന് നിരവധി പോലീസുകാർക്ക് പരുക്കേറ്റിരുന്നു. വധശ്രമം, പോലീസുകാരെ കൈയേറ്റം ചെയ്യൽ എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാല്‍ പ്രതിയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ