INDIA

'രേണുക സ്വാമി വധം ദർശന്റെ ക്വട്ടേഷൻ തന്നെ'; കുറ്റമേൽക്കാൻ കൊലയാളി സംഘത്തിന് 5 ലക്ഷം രൂപ വീതം നല്‍കിയെന്ന് പോലീസ്

ഫാൻസ്‌ അസോസിയേഷൻ ജില്ലാ അധ്യക്ഷൻ രാഘവേന്ദ്ര വഴി ദർശൻ നാലുപേർക്ക് നടൻ പണം നൽകിയെന്ന് റിമാൻഡ് റിപ്പോർട്ട്

ദ ഫോർത്ത് - ബെംഗളൂരു

രേണുക സ്വാമി വധം നടൻ ദർശൻ നൽകിയ ക്വട്ടേഷൻ തന്നെയെന്നുറപ്പിച്ചു കർണാടക പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ദർശൻ, പവിത്ര ഗൗഡ എന്നിവരുൾപ്പടെയുള്ള 13 പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതി മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് കൊലപാതക ആസൂത്രണത്തിന്റെ വിശദവിവരങ്ങളുള്ളത്. രേണുക സ്വാമിയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടൻ ചിത്രദർഗയിലെ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകരുടെ സഹായം തേടിയതെന്നു പോലീസ് പറയുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെയോ പവിത്ര ഗൗഡയുടെയോ പേര് വരാതിരിക്കാൻ ദർശൻ സസൂക്ഷ്മം കരുക്കൾ നീക്കിയതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഫാൻസ്‌ അസോസിയേഷൻ ചിത്രദുർഗ ജില്ലാ അധ്യക്ഷൻ രാഘവേന്ദ്രയുമായി ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും റിപ്പോർട്ടില്‍ പറയുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെയോ പവിത്ര ഗൗഡയുടെയോ പേര് വരാതിരിക്കാൻ ദർശൻ സസൂക്ഷ്മം കരുക്കൾ നീക്കിയെന്നു പോലീസ്

രാഘവേന്ദ്രയുടെ സഹായത്തോടെയാണ് രേണുക സ്വാമിയെ ദർശൻ കണ്ടെത്തുന്നത്. സ്ത്രീയെന്ന വ്യാജേന ഫോണിലൂടെ സംസാരിച്ച് രേണുക സ്വാമിയെ വലയിലാക്കിയ രാഘവേന്ദ്രയുടെ സഹായികൾ ഇദ്ദേഹത്തെ ബെംഗളുരുവിലേക്കു തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നഗരത്തിലെ ആർ ആർ നഗറിലെ  ഉൾപ്രദേശത്തുള്ള വിജനമായ ഇടത്തെ ഷെഡിൽ കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയെന്നാണു പോലീസ് പറയുന്നത്. കൊലപാതകത്തിനുശേഷം മൃതദേഹം ഉപേക്ഷിച്ച് പ്രതികൾ പലവഴിക്കു പോകുകയായിരുന്നുവെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

മൃതദേഹം കണ്ടെത്തി പോലീസ് അന്വേഷണം തുടങ്ങിയതോടെ കൊലപാതകക്കുറ്റം ഏറ്റെടുത്തു മൂന്നുപേർ രംഗത്തുവന്നിരുന്നു. സാമ്പത്തികത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. ഇതിൽ സംശയം തോന്നിയ പോലീസ് വിശദമായി ഇവരെ ചോദ്യം ചെയ്തതോടെയായിരുന്നു നടൻ ദർശന്റെ പങ്കും ഞെട്ടിക്കുന്ന ആസൂത്രണ കഥയും പുറംലോകമറിഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയർന്നുവരാതിരിക്കാൻ ദർശൻ കൊലയാളിസംഘത്തിലെ നാലുപേർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ് രാഘവേന്ദ്ര വഴിയാണ് പണമെത്തിച്ചത്. കൊലപാതകക്കുറ്റം പൂർണമായും ഏറ്റെടുക്കണമെന്നായിരുന്നു ദർശന്റെ ആവശ്യം. പ്രതികൾ ജയിലിൽ അടയ്ക്കപ്പെടുന്നതോടെ തുക വീട്ടുകാരെ ഏൽപ്പിക്കുമെന്നും ഉറപ്പുനൽകിയിരുന്നു. ഇതിനായുള്ള തിരക്കഥ തയ്യാറാക്കി പ്രതികളെ പഠിപ്പിക്കുകയും ചെയ്തു.

കുറ്റമേറ്റു പറഞ്ഞു മൂന്നുപേർ പോലീസ് മുൻപാകെ കീഴടങ്ങിയതോടെ തിരക്കഥ പാളിത്തുടങ്ങി. പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ പിടിച്ചുനിൽക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ചിത്രദുർഗയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളും മൊഴികളും തമ്മിൽ വൈരുധ്യമേറി വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു. സാമ്പത്തിക തർക്കത്തിന്റെ പേരിൽ കൊലപാതകം നടത്താൻ മാത്രം പ്രതികളും കൊല്ലപ്പെട്ട രേണുക സ്വാമിയും തമ്മിൽ ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തിയതോടെ പദ്ധതി പൊളിഞ്ഞത്. പ്രതികളുടെ പേരിലുള്ള മൊബൈൽ നമ്പറിൽനിന്ന് ഒരിക്കൽ പോലും രേണുക സ്വാമിക്കു കോളുകൾ പോയിട്ടില്ലെന്നത് പ്രാഥമികാന്വേഷണത്തിൽ തന്നെ പോലീസിനു ബോധ്യമായി.

തുടർന്നായിരുന്നു ആർക്കു വേണ്ടിയാകും ഇവർ രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്ന ചോദ്യമുയർന്നത്. പോലീസ് തുടർച്ചയായി ചോദ്യം ചെയ്തതോടെ പ്രതികൾ ഫാൻസ്‌ അസോസിയേഷൻ അധ്യക്ഷൻ രാഘവേന്ദ്രയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. രാഘവേന്ദ്രയെ കസ്റ്റഡിയിലെടുത്തതോടെ നടൻ ദർശന്റെയും പവിത്ര ഗൗഡയുടെയും പേരുകൾ പോലീസിനു ലഭിക്കുകയായിരുന്നു. ഇതോടെയായിരുന്നു കന്നഡ സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടനും നടിയും അറസ്റ്റിലായത്.

രണ്ടുപേർക്കും കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളതായി സംശയിക്കുന്നതായും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. കൊലപാതകം നടന്നെന്നു പറയപ്പെടുന്ന ഷെഡിൽ ദർശൻ ഉൾപ്പടെയുള്ള 13 പ്രതികളെയും എത്തിച്ച് ബുധനാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിനുപയോഗിച്ച മരക്കമ്പുകളും വടികളും ഇവിടെനിന്ന് പോലീസ് കണ്ടെടുത്തു. ദർശന്റെ ചുവന്ന നിറമുള്ള ജീപ്പ് കൊലപാതകം നടന്ന സമയത്തു ഈ ഷെഡിന്റെ പരിസരത്തു കാണപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഈ വാഹനം ഉൾപ്പടെ കൊലയാളി സംഘം സഞ്ചരിച്ച മുഴുവൻ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ