ബെംഗളൂരുവിലെ ശോഭ അരീന അപ്പാർട്ട്‌മെന്റ് നിവാസികൾ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച ദൃശ്യങ്ങൾ ശ്രദ്ധനേടുകയാണ്. കടുത്ത ജലക്ഷാമം നേരിടുന്നതിനിടെ ചെളിവെള്ളം ടാപ്പിൽനിന്ന് പാത്രത്തിലേക്ക് ഒഴുകുന്ന ദൃശ്യങ്ങളാണ് 'ഇതെന്താ സാമ്പാറോ?' എന്ന അടിക്കുറിപ്പോടെ അപ്പാർട്ട്മെന്റ് നിവാസികള്‍ പങ്കുവെച്ചത്. ദൃശ്യങ്ങൾ ഇപ്പോള്‍ വൈറലാണ്.
വെള്ളത്തിൻ്റെ ഗുണനിലവാരമില്ലായ്മ ബെംഗളൂരുവിലെ ഒറ്റപ്പെട്ട പ്രശ്‌നമല്ലെന്നാണ് നിവാസികള്‍ പറയുന്നത്. പ്രശ്നത്തിന്റെ വ്യാപ്തി ഇപ്പോൾ പാർപ്പിട സമുച്ചയങ്ങളിലേക്കും കടന്നിരിക്കുകയാണെന്നാണ് പുതിയ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സാഹചര്യം വഷളായിക്കൊണ്ടിക്കുന്നതിനാൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അപാർട്മെന്റ് നിവാസികൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
അപ്പാർട്ട്മെൻ്റ് സ്ഥിതി ചെയ്യുന്ന കനകപുര മെയിൻ റോഡിലെ തലഗട്ടപുരയിലെ ജുഡീഷ്യൽ ലേഔട്ടിലേക്ക് കാവേരി ജലം ലഭ്യമാക്കണമെന്നും അവർ അധികാരികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സമീപകാലത്തെ ടാങ്ക് ശുചീകരണ പ്രവർത്തനങ്ങളാണ് ചെളിക്ക് കാരണമെന്ന് ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടിരുന്നു, എന്നാൽ ഇത്തരത്തിലുള്ള പ്രശ്നം വ്യാപകമാണെന്നും ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ലെന്നുമാണ് ശോഭ അരീന അപ്പാർട്ട്‌മെന്റിലെ നിവാസികൾ പറയുന്നത്.
ബെംഗളൂരു യെലേനഹള്ളി തടാകം കൈയേറിയതിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കും ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് ആരോപണം. എന്നാൽ മലിനജലത്തിന്റെ കാര്യത്തിൽ പുതിയ പൈപ്പ്‌ലൈൻ കമ്മീഷനുകളോ അറ്റകുറ്റപ്പണികളോ ആണ് കാരണമായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) പറയുന്നത്.