ലോകത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായി ബെംഗളൂരു. ഡച്ച് ലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റ് ടോംടോം പ്രസിദ്ധീകരിച്ച 2022 ലെ ട്രാഫിക് സൂചിക പ്രകാരമാണ് ബെംഗളൂരു നഗരം രണ്ടാമതെത്തിയത്. ബെംഗളൂരു നഗരത്തിലൂടെ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 29 മിനിറ്റും 10 സെക്കന്റും സമയം എടുക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ലണ്ടൻ നഗരമാണ് സൂചികയിൽ ഒന്നാമതായെത്തിയത്. ലണ്ടന്‍ നഗര മധ്യത്തിലൂടെ റോഡില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 36 മിനിറ്റ് സമയം എടുക്കുമെന്നാണ് കണ്ടെത്തൽ.
2021 നെ അപേക്ഷിച്ച് ബെംഗളൂരുവിലെ യാത്ര സമയം 40 സെക്കന്റ് വർധിച്ചു
അയർലണ്ട് തലസ്ഥാനം ഡബ്ലിൻ, ജാപ്പനീസ് നഗരമായ സപ്പോരോ, ഇറ്റലിയിലെ മിലാൻ എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. സൂചികയിൽ മറ്റ് ഇന്ത്യൻ നഗരങ്ങൾ പൂനെ ( റാങ്ക് 6 ), ന്യൂഡൽഹി ( 34 ) മുംബൈ ( 47 ) എന്നിവയാണ്. ഓരോ വർഷവും പുറത്തിറക്കുന്ന ടോംടോം ട്രാഫിക് സൂചികയുടെ പന്ത്രണ്ടാം പതിപ്പ്, 56 രാജ്യങ്ങളിലെ 389 നഗരങ്ങളെ ഉൾപ്പെടുത്തിയുള്ള പഠനമാണ്.
ഗതാഗത കുരുക്കിനോടൊപ്പം കാർബൺ പുറന്തള്ളലിലും ബെംഗളൂരു മുൻനിരയിൽ
നഗരത്തിലൂടെ സഞ്ചരിക്കാൻ ഏറ്റവും മോശമായ ദിവസം ഒക്ടോബർ 15 ആയിരുന്നു. അന്ന് 10 കിലോമീറ്റർ സഞ്ചരിക്കാൻ 33 മിനിറ്റും 50 സെക്കന്റും സമയം എടുത്തു. ബെംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നഷ്ടമായ ശരാശരി സമയം 129 മണിക്കൂറായിരുന്നു. ഇക്കാര്യത്തില്‍ ബെംഗളൂരു ടോപ് 5 പട്ടികയില്‍ നാലാം സ്ഥാനത്താണ്. വെള്ളിയാഴ്ചയാണ് നഗരത്തിലെ യാത്ര ഒഴിവാക്കാൻ ഏറ്റവും മികച്ച സമയം എന്നും പഠനത്തിൽ പറയുന്നു. 2019 ലെ സൂചികയിലെ ഏറ്റവും തിരക്കേറിയ നഗരം ബെംഗളൂരു ആയിരുന്നു. ഗതാഗത കുരുക്കിനോടൊപ്പം കാർബൺ പുറന്തള്ളലിലും ബെംഗളൂരു മുൻനിരയിൽ ആണ്. അതേസമയം, 2021 നെ അപേക്ഷിച്ച് ബെംഗളൂരുവിലെ യാത്ര സമയം 40 സെക്കന്റ് വർധിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
പെട്രോൾ, ഡീസൽ എന്നിവയുടെ വിലയും ഇവികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് ഈടാക്കുന്ന നിരക്കുമെല്ലാം അടിസ്ഥാനപ്പെടുത്തി ഡ്രൈവിംഗ് ചെലവിനെ കുറിച്ചും ഗവേഷണം പഠനവിധേയമാക്കിയിരുന്നു. ഇത് പ്രകാരം ലോകത്ത് വാഹനമോടിക്കാൻ ഏറ്റവും ചെലവേറിയ രണ്ടാമത്തെ നഗരമായും ലണ്ടൻ തെരഞ്ഞെടുക്കപ്പെട്ടു. ഹോങ്കോങ് ആണ് ഒന്നാമത്.