INDIA

സുചന മകനെകൊന്നത് ശ്വാസം മുട്ടിച്ചെന്ന് പോലീസ്, ഗോവ കൊലപാതകക്കേസിൽ തെളിവെടുപ്പ് ഇന്ന്, കുഞ്ഞിന്റെ പിതാവിനെ ചോദ്യം ചെയ്യും

ദ ഫോർത്ത് - ബെംഗളൂരു

ഗോവയിൽ സർവീസ് അപ്പാർട്മെന്റിൽ മുറിയെടുത്ത് നാലു വയസുകാരൻ മകനെ കൊന്നു ബാഗിലാക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. പോലീസിന്റെ നിർദേശ പ്രകാരം ഇന്തോനേഷ്യയിൽനിന്ന് ചൊവ്വാഴ്ച ഇന്ത്യയിൽ എത്തിയതാണ് മലയാളിയായ വെങ്കിട്ട് രാമൻ. പാലക്കാട് സ്വദേശിയായ ഇദ്ദേഹം ജക്കാർത്തയിലായിരുന്നു ജോലി ചെയ്തിരുന്നത്. ചിത്ര ദുർഗയിലെ ഹിരിയൂർ സർക്കാർ ആശുപത്രിയിലെത്തി വെങ്കിട്ട് രാമൻ കുഞ്ഞിന്റെ മൃതദേഹം കണ്ടു. കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കുമെന്നാണ് സൂചന.

കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വെങ്കിട്ട് രാമനില്‍ നിന്നും ചൊവ്വാഴ്ച പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഭാര്യ സുചന സേത്തുമായി അകന്നു കഴിയുകയാണെന്നും വിവാഹ മോചനത്തിനുള്ള നടപടികൾ തുടങ്ങിയതായും വെങ്കിട്ട രാമൻ പോലീസിനോട് പറഞ്ഞു. വീഡിയോ കോളിലൂടെയായിരുന്നു മകനുമായി ബന്ധപ്പെട്ടിരുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേസിലെ പ്രതിയായ സുചന സേത്തിനെ കൊലപാതകം നടത്തിയ നോർത്ത് ഗോവയിലെ കണ്ടോലിമിലുള്ള സർവീസ് അപ്പാർട്മെന്റിൽ എത്തിച്ച് ഇന്ന് തെളിവെടുക്കും. നിലവിൽ ആറു ദിവസത്തെ കസ്റ്റഡിയിൽ കഴിയുകയാണ് സുചന. ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സുചന മകനോടൊപ്പം എത്തി ഇവിടെ മുറിയെടുത്തത്.

കുഞ്ഞിന്റെ മൃതദേഹം ചിത്ര ദുർഗയിലെ ഐമംഗല പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് 36 മണിക്കൂർ മുൻപ് കൊലപാതകം നടന്നതായാണ് പോലീസിന്റെ നിഗമനം. തലയണ കൊണ്ട് മുഖം പൊത്തി ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് സുചന പോലീസിന് നൽകിയ പ്രാഥമിക മൊഴി. ശ്വാസം മുട്ടി പിടഞ്ഞപ്പോൾ രക്തക്കുഴലുകൾ പൊട്ടി മൂക്കിലൂടെ ഒഴുകിയ രക്തമാണ് മുറിയിലെ വിരിപ്പിലും തറയിലും കാണപ്പെട്ടതെന്നാണ് കരുതുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സുചന ആത്മഹത്യക്കു ശ്രമിച്ചിരുന്നു. കൈത്തണ്ടയിലെ ഞരമ്പ് അറുത്തെങ്കിലും രക്തം പൊടിഞ്ഞതല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. തുടർന്നായിരുന്നു പ്രതി കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി സ്ഥലം വിടാൻ തീരുമാനിച്ചത് എന്നാണ് പോലീസ് ഭാഷ്യം. ഗോവയിലെ മപൂസ ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതി സുചനയുടെ ഇടതു കൈത്തണ്ടയിൽ മുറിവ് ദൃശ്യമായിരുന്നു .

പശ്ചിമ ബംഗാൾ സ്വദേശിനി ആയ സുചന സേത്തും പാലക്കാട് സ്വദേശിയായ വെങ്കിട്ട് രാമനും 2010ലാണ് വിവാഹിതരായത്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം 2019 ലായിരുന്നു ഇരുവർക്കും കുഞ്ഞ് പിറന്നത്. എന്നാൽ അധികം വൈകാതെ ഇവർക്കിടയിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉടലെടുക്കുകയും രണ്ടുപേരും പിരിഞ്ഞു താമസം ആരംഭിക്കുകയും ചെയ്തു. വിവാഹ മോചന കേസിന്റെ വിധി വരാനിരിക്കെയാണ് പ്രതി മകനെ കൊലപ്പെടുത്തിയത്. ആഴ്ചയിലൊരിക്കൽ മകനെ പിതാവിനോടൊപ്പം ചെലവഴിക്കാൻ അനുവദിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അങ്ങനെ മകനെ അച്ഛനോടൊപ്പം വിടുന്നതിൽ സുചനക്കുണ്ടായ അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണമെന്തെന്ന് വ്യക്തമാകൂ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും