ഛത്തീസ്ഗഡിനും മധ്യപ്രദേശിനും പുറമേ രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മയെ തിരഞ്ഞെടുത്തു. സാങ്കനേറില്‍ നിന്നുള്ള എംഎല്‍എയാണ് ഭജന്‍ലാല്‍. തിരഞ്ഞെടുപ്പിൽ സാങ്കനേർ നിയമസഭാ സീറ്റിൽ നിന്ന് 1,45,000 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ മൂന്ന് കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ജയ്പൂരിലെ പാർട്ടി ഓഫീസിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെയാണ് പ്രഖ്യാപനം. സംസ്ഥാനത്തെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളായ വസുന്ധര രാജെ സിന്ധ്യയെ മുഖ്യമന്ത്രി ആക്കുമെന്ന ചർച്ചകൾക്കിടയിലാണ് ബിജെപിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
രാജസ്ഥാനില്‍ ബിജെപിയുടെ സവര്‍ണമുഖമാണ് ഭജന്‍ലാല്‍. ബ്രാഹ്മണവിഭാഗത്തിന്റെ സമുന്നത നേതാവായ ഭജന്‍ലാല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നാലുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഭജന്‍ലാല്‍ നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യ ഊഴത്തില്‍ തന്നെ മുഖ്യമന്ത്രിയാകാനും കഴിഞ്ഞു. ഭജന്‍ലാലിനു കീഴില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയും ബിജെപി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രേംചന്ദ് ബെര്‍വയും ദിയാകുമാരിയുമാണ് ഉപമുഖ്യമന്ത്രിമാര്‍. വസുദേവ് ദേവ്നാനി രാജസ്ഥാന്‍ നിയമസഭാ സ്പീക്കറാകും.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വസുന്ധരാ രാജെ സിന്ധ്യ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ വസുന്ധരയ തഴഞ്ഞ് ഭജന്‍ലാലില്‍ വിശ്വാസമര്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുള്ള വസുന്ധരയെ തഴഞ്ഞത് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
നേരത്തെ വസുന്ധര രാജെ സിന്ധ്യയെ മാറ്റി നിർത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി അസ്വാരസ്യങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിന്നിരുന്നു. രണ്ട് പതിറ്റാണ്ടായി ബിജെപിയുടെ രാജസ്ഥാനിലെ മുഖമാണെങ്കിലും പാർട്ടി നേതൃത്വവുമായി സിന്ധ്യ എത്ര സുഖത്തിലല്ലെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ദേശീയ നേതൃത്വവുമായി 2018 മുതൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും രാജസ്ഥാനിൽ പാർട്ടിയുടെ ഭാഗമായി സജീവ രാഷ്ട്രീയത്തിൽ തുടർന്നിരുന്നു. 2003 ലും 2013 ലും രാജസ്ഥാനില്‍ ബിജെപിയ്ക്ക് വലിയ വിജയങ്ങള്‍ നേടിക്കൊടുത്തത് വസുന്ധര രാജെ സിന്ധ്യയായിരുന്നു. ഇത്തവണ വസുന്ധരയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മുന്നോട്ട് വെക്കണമെന്ന് അനുയായികളായ എംഎല്‍എമാര്‍ നേരത്തെ ആവശ്യം ഉയര്‍ത്തിയെങ്കിലും ദേശീയ നേതൃത്വം ഇത് ചെവികൊണ്ടിരുന്നില്ല.