പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളിലെ ഉപസംവരണം സംബന്ധിച്ച സുപ്രിംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ഇന്ന് ദളിത് സംഘടനകളുടെ ഭാരത് ബന്ദിനു തുടക്കം. രാവിലെ ആറിന് ആരംഭിച്ച റിസര്‍വേഷന്‍ ബച്ചാവോ സംഘര്‍ഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വൈകീട്ട് ആറു വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഭാരത് ബന്ദിന് പിന്തുണ പ്രഖ്യപിച്ച് കേരളത്തില്‍ ഇന്ന് ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വിടുതലൈ ചിരിതൈഗള്‍ കച്ചി (വി സി കെ), ദലിത് സാംസ്‌കാരിക സഭ, ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലയരയ സംരക്ഷണസമിതി, എം സി എഫ്, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോത്ഥാന സഭ എന്നീ സംഘടനകളാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.
വാഹനങ്ങള്‍ തടയുകയോ കടകള്‍ അടപ്പിക്കുകയോ ചെയ്യില്ല. അതിനാല്‍ ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിക്കില്ല. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാടിനെ ഒഴിവാക്കിയിട്ടുണ്ട്. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഭീം ആര്‍മിയും വിവിധ സംഘടനകളും ചേര്‍ന്ന് ദേശീയതലത്തില്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചത്.
സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസമേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാ തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്‌സി, എസ്‌ടി വിഭാഗങ്ങളെ ഭരണഘടനയുടെ ഒൻപതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.