രാജ്യത്തെ പ്രതിപക്ഷ ഐക്യം ഉയര്‍ത്തിക്കാട്ടി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനം. മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യ സഖ്യത്തിന്റ ഭാഗമായ സംസ്ഥാന മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കാളികളായി. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം നടക്കുന്ന റാലി രാജ്യത്തെ പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് കാഹളമായി മാറി.
ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആരംഭമായാണ് ഇന്ത്യ സഖ്യം ഈ റാലിയെ കാണുന്നതെന്ന് നേതാക്കളുടെ പ്രസംഗം വ്യക്തമാക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍, തേജസ്വി യാദവ്, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും സമാപനവേദിയിലുണ്ട്. എന്നാല്‍ ഇടതുപാര്‍ട്ടിയുടെ അഭാവവും മഹാ സമ്മേളനത്തില്‍ പ്രകടമാണ്.
ജനുവരി 14 ന് മണിപ്പുരിൽ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 63 ദിവസം പിന്നിട്ട് ഇന്നലെ മഹാരാഷ്ട്രയിൽ അവസാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് ഭാരത് ജോഡോ ന്യായ് മൻസിൽ എന്ന പേരിൽ ഈ മെഗാ റാലി സംഘടിപ്പിക്കപ്പെടുന്നത്. രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തിൽ മത്സരിക്കുന്നത് ശരിയല്ലെന്നും, ഇന്ത്യ സഖ്യത്തിനെതിരെ തന്നെയാണ് ഇവർ മത്സരിക്കുന്നത് എന്നും ആരോപിച്ച് സിപിഐ, സിപിഎം എന്നീ ഇടതുപക്ഷ സംഘടനകൾ റാലിയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
എൻസിപി നേതാവ് ശരദ് പവാറും ആർജെഡി നേതാവും ബീഹാറിന്റെ മുൻമുഖ്യമന്ത്രിയുമായിരുന്ന തേജസ്വിയാദവും, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും റാലിയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചത്. പരുക്കേറ്റ് വിശ്രമത്തിലായതിനാൽ മമത ബാനർജി റാലിയിലെത്തില്ലെന്ന് ഉറപ്പായിരുന്നു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.