കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക്. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര ഇന്ന് കശ്മീരിലേക്ക് പ്രവേശിക്കും. സുരക്ഷാ ഭീഷണിയും, വിവാദങ്ങളും നിലനില്‍ക്കെയാണ് ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് കടക്കുന്നത്. ജനുവരി 30നാണ് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം. അതേസമയം മുൻ ബിജെപി നേതാവിനെ യാത്രയിലുൾപ്പെടുത്തിയതിനെതിരെ മറ്റ് പാർട്ടികളിൽ നിന്ന് പ്രതിഷേധം ശക്തമാവുകയാണ്.
ഇന്ന് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്ന് ആരംഭിച്ച യാത്ര കത്വയിലൂടെ ജമ്മു-കശ്മീരില്‍ പ്രവേശിക്കും. കശ്മീര്‍ അതിര്‍ത്തിയായ ലഖന്‍പൂരില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള യാത്രയെ സ്വീകരിക്കും. പതിനൊന്ന് ദിവസം സംസ്ഥാനത്ത് കൂടി സഞ്ചരിക്കുന്ന യാത്രയ്ക്കിടെ 23 ന് പൊതു റാലിയെയും രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. റിപ്പബ്ളിക് ദിനത്തില്‍ ബനി ഹാളില്‍ പതാകയുയര്‍ത്തുകയും ചെയ്യും. 30 ന് ശ്രീനഗര്‍ ഷെര്‍ ഇ കശ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, എം കെ സ്റ്റാലിന്‍, ഉദ്ദവ് താക്കറെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇടത് പാര്‍ട്ടികള്‍ക്കും സമാപന ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും സിപിഐ മാത്രമാണ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്.
അതിനിടെ മുന്‍ നിശ്ചയിച്ച പാതയില്‍ നിന്ന് ഇന്നലെ ഒരു ദിനം ഭാരത് ജോഡോ മാറി സഞ്ചരിച്ചതും ശ്രദ്ധേയമായി. നേരത്തെ ഭാരത് ജോഡോ യാത്രയുടെ സഞ്ചാര വഴിയില്‍ ഉള്‍പ്പെടാതിരുന്ന ഹിമാചല്‍ പ്രദേശിലൂടെയായിരുന്നു യാത്ര. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹിമാചലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ആയിരുന്നു യാത്ര സംസ്ഥാനത്തേക്കും കടന്നത്.
ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് കടക്കുമ്പോള്‍ വിവാദങ്ങളും തിരിച്ചടികളും തെല്ല് ക്ഷീണം ചെയ്തിട്ടുണ്ട്. പാര്‍ട്ടി വക്താവും കത്വ കേസിലെ അഭിഭാഷകയുമായ ദീപിക രജാവത്ത് രാജിവെച്ചതാണ് ഇതിലെ ഒടുവിലത്തെ സംഭവം. ബിജെപിയിൽ നിന്ന് വന്ന മുന്‍ മന്ത്രി ചൗധരി ലാല്‍ സിങിനെ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആക്ഷേപം നേരിട്ടുന്ന വ്യക്തിയാണ് ചൗധരി ലാല്‍ സിങ്. പഞ്ചാബിലും പദയാത്രയ്ക്കിടെ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചാബില്‍ മുന്‍ ധനമന്ത്രി മന്‍പ്രീത് സിങ് ബാദലും ജമ്മു കശ്മീരില്‍ പാര്‍ട്ടി വക്താവ് അഡ്വ. ദീപിക പുഷ്‌കര്‍നാഥും കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി വിട്ടിരുന്നു.
സുരക്ഷാ പ്രശ്നങ്ങളാണ് മറ്റൊരു വിവാദ വിഷയം. ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ട്. കശ്മീരിലെ ചില പ്രദേശങ്ങളില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നും പകരം കാര്‍ ഉപയോഗിക്കണമെന്നുമാണ് നിര്‍ദേശം. യാത്ര കടന്നുപോകുന്ന വഴികളില്‍ സുരക്ഷാ പരിശോധനകളും ശക്തമാണ്. ഇതിനിടെ പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ വച്ച് രാഹുല്‍ ഗാന്ധിക്ക് നേരെ യുവാവ് പാഞ്ഞടുത്ത് കെട്ടിപ്പിടിച്ചതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
വിഷയത്തിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലും വാക്പോരുകള്‍ സജീവമായി. രാഹുലിന് സര്‍ക്കാര്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തുന്നില്ലെന്നും സുരക്ഷാ വീഴ്ചയുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാല്‍ രാഹുല്‍ ഗാന്ധി നിരന്തരംസുരക്ഷ ലംഘിച്ചുവെന്ന് കേന്ദ്ര സര്‍ക്കാരും സുരക്ഷാ ഏജന്‍സികളും ആരോപിച്ചിരുന്നു.