2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസിനെ ഒരുക്കിയെടുക്കുക; രാജ്യത്തെ ഒന്നിപ്പിക്കുക; പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാക്കുക. നിര്‍ണായക രാഷ്ട്രീയ ലക്ഷ്യങ്ങളുമായി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഒരു മാസം പിന്നിട്ടിരിക്കുന്നു. ഇതിനകം 1000 കിലോമീറ്ററാണ് യാത്ര പിന്നിട്ടത്.
150 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര കന്യാകുമാരിയില്‍ നിന്ന് ശ്രീനഗറില്‍ എത്തിച്ചേരുമ്പോള്‍ 3500 കിലോമീറ്റര്‍ പിന്നിടും. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും കടന്ന് പോകുന്ന ഭാരത് ജോഡോ കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഏറെ നിർണായകമാണ്.
കോണ്‍ഗ്രസിന് ശക്തിയുള്ള കേരളത്തിലും കര്‍ണാടകയിലും യാത്രയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇനിയങ്ങോട്ട് യാത്രയുടെ സാഹചര്യം എന്താകുമെന്നാണ് അറിയാനുള്ളത്.
സെപ്റ്റംബര്‍ ഏഴിനാണ് യാത്ര കന്യാകുമാരിയില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തത്. തമിഴ്‌നാട്ടില്‍ പ്രതിപക്ഷ ഐക്യമെന്ന സൂചന നല്‍കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ യാത്രയുടെ തുടക്കത്തില്‍ പങ്കാളിയായി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ യാത്രയുടെ പതാക രാഹുല്‍ ഗാന്ധിക്ക് കൈമാറിയത് സ്റ്റാലിനാണ്. യാത്രയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ ഐക്യത്തിന്‌റെ സാഹചര്യമുണ്ടെന്ന സൂചന നല്‍കുന്നതായിരുന്നു ഇത്.
സെപ്റ്റംബര്‍ 11നാണ് ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് കടക്കുന്നത്. കോണ്‍ഗ്രസിന്‌റെ ശക്തികേന്ദ്രമായ കേരളത്തില്‍ യാത്ര നീണ്ടു നിന്നത് 19 ദിവസം. ഓരോ കേന്ദ്രത്തിലും രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് വലിയ സ്വീകരണം. ദേശീയ നേതാക്കളും കേരളാ നേതാക്കളും പൂര്‍ണ പിന്തുണയുമായി രാഹുലിനൊപ്പം നടന്നു. പൊതുജന പങ്കാളിത്തവും വലുതായിരുന്നു.
കോണ്‍ഗ്രസിന്‌റെ ശക്തികേന്ദ്രമായ കേരളത്തിലെ ഓരോ കേന്ദ്രത്തിലും രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് വലിയ സ്വീകരണം.
സെപ്റ്റംബര്‍ 30ന് കേരളത്തില്‍ നിന്ന് ഗൂഡല്ലൂര്‍ വഴി യാത്ര കര്‍ണാടകയിലേക്ക് പ്രവേശിച്ചു. ഭരണത്തിലില്ലെങ്കിലും കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ളവയാണ് കര്‍ണാടകയിലെ പലമേഖലകളും. കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരെല്ലാം മാറ്റിവച്ച് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തുടങ്ങി സംസ്ഥാന നേതാക്കളെല്ലാം രാഹുലിനൊപ്പം നിന്നു. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി തൂത്തുവാരുക എന്ന ലക്ഷ്യത്തോടെ മുന്നേറിയ യാത്രയില്‍ സോണിയ ഗാന്ധിയുടെ സാന്നിധ്യമാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. ഏറ്റവുമധികം ദിവസം ഭാരത് ജോഡോ യാത്ര നീണ്ടുനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കര്‍ണാടകയാണ്. ഒക്ടോബര്‍ 20നാണ് രാഹുലിന്‌റെ പദയാത്ര കര്‍ണാടക വിടുക.
ഇനിയുള്ള സംസ്ഥാനങ്ങളില്‍ എത്രത്തോളം ജനപങ്കാളിത്തമുണ്ടാകുമെന്നത് കോണ്‍ഗ്രസിന് മുന്നിലെ പ്രതിസന്ധിയാണ്
കോണ്‍ഗ്രസിന്‌റെ ശക്തികേന്ദ്രങ്ങളല്ലാത്ത സംസ്ഥാനങ്ങളാണ് ഇനി മുന്നോട്ടുള്ളത്. ആന്ധ്രപ്രദേശില്‍ യാത്ര പ്രവേശിക്കുക ഒക്ടോബര്‍ 18നാണ്. 21 വരെ യാത്ര സംസ്ഥാനത്ത് തുടരും. മൂന്നിടങ്ങളിലായുള്ള പൊതു സമ്മേളനത്തില്‍ എത്രത്തോളം ജനപങ്കാളിത്തമുണ്ടാകുമെന്നത് കോണ്‍ഗ്രസിന് മുന്നിലെയും പ്രതിസന്ധിയാണ്. സംസ്ഥാന പ്രസിഡന്‌റ് എസ് ശൈലജനാഥിന്‌റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍.
ഒക്ടോബര്‍ 23ന് യാത്ര തെലങ്കാനയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്ര ഹൈദരബാദില്‍ പ്രവേശിക്കുമെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഹൈദരബാദില്‍ പ്രവേശിക്കുകയും പൊതുസമ്മേളനം സംഘടിപ്പിക്കുകയും ചെയ്യും വിധം യാത്ര പുനഃസംഘടിപ്പിച്ചുവെന്നാണ് സംസ്ഥാന നേതാക്കള്‍ അറിയിക്കു ന്നത്.
മഹാരാഷ്ട്രയില്‍ കാര്യമായ സ്വാധീമുണ്ടാക്കാന്‍ ഭാരത് ജോഡോയിലൂടെ സാധിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. പ്രതിപക്ഷ ഐക്യം ഉയര്‍ത്തിക്കാട്ടി മഹാരാഷ്ട്രയിലെ സഖ്യ കക്ഷികളെ കൂടി യാത്രയുടെ ഭാഗമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്‍സിപി നേതാവ് ശരദ് പവാര്‍ യാത്രയെ സ്വീകരിക്കാന്‍ സംസ്ഥാനത്തുണ്ടാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. മകളും ലോക്‌സഭാ എംപിയുമായ സുപ്രിയ സുലെയും രാഹുലിനെ സ്വീകരിക്കാനെത്തും.
യാത്രയുടെ തുടക്കത്തില്‍ കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടിയായിരുന്നു ഗോവയിലെ കൂറുമാറ്റം
യാത്രയുടെ തുടക്കത്തില്‍ കോണ്‍ഗ്രസിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഗോവയിലെ കൂറുമാറ്റം. രാജ്യത്തെ കൂട്ടിയോജിപ്പിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് എട്ട് എംഎല്‍എമാരാണ് ഗോവയില്‍ ബിജെപിയില്‍ ചേര്‍ന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് യാത്ര നിര്‍ണായകമാണ്. പ്രധാന നേതാക്കളൊന്നും യാത്രയുടെ ഭാഗമാകാനില്ലെങ്കിലും ഗോവയില്‍ യാത്ര വിജയിപ്പിക്കുക എന്നത് കോണ്‍ഗ്രസിന്‌റെ ആവശ്യമാണ്.
മധ്യപ്രേദശില്‍ അധികാരത്തില്‍ തിരിച്ചെത്തുക എന്ന കമല്‍നാഥിന്‌റെ ലക്ഷ്യത്തിന് പിന്തുണ നല്‍കുകയെന്നതാണ് ഭാരത് ജോഡോ യാത്രയ്ക്ക് നിറവേറ്റാനുള്ള ഏറ്റവും വലിയ രാഷ്ട്രീയ ലക്ഷ്യം. യാത്ര വലിയ വിജയമാക്കാന്‍ കമല്‍നാഥും നേതാക്കളും നേരത്തെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ വഞ്ചനയ്ക്ക് മറുപടി നല്‍കാനും യാത്രയുടെ വിജയം അനിവാര്യമാണെന്ന് സംസ്ഥാന നേതാക്കള്‍ വിലയിരുത്തുന്നു. മധ്യപ്രദേശിലാകും പ്രിയങ്ക ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുക.
യാത്ര കടന്നുപോകുന്നതില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനം രാജസ്ഥാനാണ്
രാജസ്ഥാനാണ് രാഹുലിന്‌റെ യാത്ര കടന്നുപോകുന്നതില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനം. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അശോക് ഗെഹ്‌ലോട്ടിന്‌റെ പേര് ഉയര്‍ന്നുകേട്ടതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും രാജസ്ഥാന്‍ കോണ്‍ഗ്രസിലുണ്ടാക്കിയത് വലിയ ചേരിതിരിവാണ്. ഗെഹ്‌ലോട്ട് - സച്ചിന്‍ പൈലറ്റ് ചേരിതിരിവ് പക്ഷെ രാഹുലിന്‌റെ യാത്രയുടെ ശോഭ കെടുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു നേതാക്കളും ഗാന്ധി കുടുംബത്തോട് അടുപ്പം പുലര്‍ത്തുന്നതിനാല്‍ തന്നെ യാത്രയിലെ പ്രവര്‍ത്തകരുടെ പങ്കാളിത്തവും വലുതാകുമെന്ന് കരുതുന്നു.
പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരെ യാത്രയോട് അടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം
പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരെ യാത്രയോട് അടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കര്‍ഷക മാര്‍ച്ചിനും സമരങ്ങള്‍ക്കും രാഹുല്‍ ഗാന്ധി നല്‍കിയ പിന്തുണ യാത്രയുടെ വിജയത്തിനും അതുവഴി പാര്‍ട്ടിയുടെ ഭാവിയ്ക്കും സഹായകമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കര്‍ഷക സംഘടനകളോട് സഹകരിച്ചാവും ഈ സംസ്ഥാനങ്ങളില്‍ യാത്രയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപിയുടെ ശക്തികേന്ദ്രമായ ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം മാത്രമാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യാത്രയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയിരുന്നു. റൂട്ട് മാപ്പ് പ്രകാരം ഉത്തര്‍പ്രദേശില്‍ ബുലന്ദ്‌സഹറില്‍ മാത്രമാണ് ഭാരത് ജോഡോ യാത്രയുടെ പൊതുസമ്മേളനമുള്ളത്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തതിന് ശേഷമാകും യുപിയില്‍ ഉള്‍പ്പെടെ യാത്ര എന്നതിനാല്‍ തന്നെ സംഘടനാതലത്തില്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു.
തലസ്ഥാന നഗരിയില്‍ യാത്ര എത്തുന്നത് തിരിച്ചുവരവ് പ്രതീക്ഷ ശക്തിപ്പെടുത്താനായാണ്. കേന്ദ്ര സര്‍ക്കാരിനെതിരായ ആരോപണങ്ങളെല്ലാം ഉയര്‍ത്തിക്കാട്ടി ഡല്‍ഹിയിലെ പൊതുസമ്മേളനത്തില്‍ രാഹുലിന്‌റെ ശക്തമായ പ്രസംഗമാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
ജമ്മു കശ്മീരില്‍ യാത്രയ്ക്ക് പ്രതിപക്ഷ പിന്തുണ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. പിഡിപി നേതാവ് മെഹബൂബ മുഫ്തി രാഹുലിനെ പുകഴ്ത്തി മുന്നോട്ട് വന്നതും ഈ സൂചന നല്‍കുന്നു. രാജ്യത്തിന്‌റെ സുരക്ഷയ്ക്കും ജനാധിപത്യത്തെ കൊല്ലുന്ന ബിജെപിക്കും മറുപടി നല്‍കാന്‍ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ശ്രീനഗറിലാണ് യാത്രയുടെ അവസാന പൊതുസമ്മേളനം.
കേരളത്തിനും കര്‍ണാടയ്ക്കുമപ്പുറം വിജയമാകുകയാണെങ്കില്‍ ഭാരത് ജോഡോ യാത്രയുടെ അടുത്തഘട്ടം കൂടി യാഥാര്‍ത്ഥ്യമാക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. ഗുജറാത്ത് മുതല്‍ അരുണാചല്‍ പ്രദേശ് വരെ രാഹുലിന്റെ യാത്ര നടത്തുന്നത് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ് അറിയിച്ചിരുന്നു. ഗുജറാത്ത് പോലുള്ള ബിജെപി ശക്തി കേന്ദ്രമായ സംസ്ഥാനങ്ങളെ യാത്രയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്ര വിജയമാകുകയാണെങ്കില്‍ മാത്രമെ അടുത്തഘട്ടത്തിലേക്ക് കടക്കൂവെന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.