INDIA

'കോൺഗ്രസ് നരസിംഹറാവുവിനെ ബലിയാടാക്കി'; ഗാന്ധി കുടുംബത്തിനെതിരെ നരസിംഹ റാവുവിന്റെ ചെറുമകൻ

വെബ് ഡെസ്ക്

മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന് ഭാരതരത്‌ന പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ വിമർശനവുമായി നരസിംഹ റാവുവിന്റെ ചെറുമകനും ബിജെപി നേതാവുമായ എൻ വി സുഭാഷ്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഭാരതരത്‌ന പോയിട്ട് മറ്റെന്തെങ്കിലും അവർഡ് പോലും നരസിംഹറാവുവിന് നൽകിയില്ലെന്നും കോൺഗ്രസ് പാർട്ടിയുടെ പരാജയങ്ങൾക്ക് നരസിംഹ റാവുവിനെ ബലിയാടാക്കിയത് ഗാന്ധി കുടുംബമാണെന്നും എൻ വി സുഭാഷ് ആരോപിച്ചു.

'നരേന്ദ്ര മോദി ദേശീയ നേതാവായി മാറിയ ഈ നിർണായക ഘട്ടത്തിൽ മറ്റ് നേതാക്കളെ നിരന്തരം അംഗീകരിക്കുന്നയാളെന്ന നിലയിലും ലോകത്തിന്റെ മുഴുവൻ നേതാവെന്ന നിലയിലും ഇത് അഭിമാനകരമാണ്, ഇത് ഞങ്ങൾക്ക് ഒരു ബഹുമതിയാണ്. ഈ സമയം വളരെ വികാരാധീനമാണ്, കാരണം ഭാരതരത്നം വൈകുമെന്നായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്,' അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെതിരെ വിമർശനങ്ങളുമായി ബിജെപിയുടെ മറ്റു നേതാക്കളും രംഗത്ത് എത്തി. സ്വന്തം നേതാക്കളെ ആദരിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് ബിജെപി ആരോപിച്ചു. 'സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ അടിത്തറ പാകിയ വ്യക്തിയായ മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ ഭൗതികാവശിഷ്ടങ്ങൾ ഓഫീസിനുള്ളിൽ കൊണ്ടുവരാൻ പോലും കോൺഗ്രസ് അനുവദിച്ചില്ല. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഇപ്പോൾ ഭാരതരത്ന നൽകി.' എന്നായിരുന്നു ബിജെപി നേതാവ് കെപി മൗര്യയുടെ പ്രതികരണം.

കോൺഗ്രസ് ഗാന്ധി കുടുംബത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു. അതേസമയം ഭാരതരത്‌നയ്ക്ക് പരിഗണിക്കുന്നതിൽ നിന്ന് മുൻ പ്രധാനമന്ത്രി കൂടിയായ മൻമോഹൻ സിങ്ങിനെ ബിജെപി ഒഴിവാക്കിയതായി കോൺഗ്രസ് എംപി രാജീവ് ശുക്ല വിമർശിച്ചു.

'രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണം കൊണ്ടുവന്ന പിവി നരസിംഹ റാവുവിന് ഭാരതരത്ന നൽകുന്നത് നല്ലതാണ്. പക്ഷേ, ആ ടീമിൽ മൻമോഹൻ സിങ്ങും ഉണ്ടായിരുന്നു. അദ്ദേഹത്തെ തഴഞ്ഞത് സങ്കടകരമാണെന്നും രാജീവ് ശുക്ല പറഞ്ഞു.

എൽ കെ അദ്വാനി, കർപ്പൂരി താർക്കൂർ എന്നിവർക്കു പിന്നാലെയാണ് ഇന്ന് മൂന്നുപേർക്കു കൂടി ഭാരതരത്‌ന പ്രഖ്യാപിച്ചത്. മുൻ പ്രധാനമന്ത്രിമാരായിരുന്ന പി വി നരസിംഹ റാവുവിന് പുറമെ ചരൺ സിങ്, പരിസ്ഥിതി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ എന്നിവർക്കാണ് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്‌ന പ്രഖ്യാപിച്ചത്. മൂന്നുപേർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും