INDIA

ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇന്ന് ഖാപ് പഞ്ചായത്ത്; താരങ്ങൾക്ക് രാജ്യാന്തര ഒളിമ്പിക്‌ കമ്മറ്റിയുടെ പിന്തുണ

ഇന്ന് ഖാപ് നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാനിരിക്കുകയാണ് കിസാന്‍ യൂണിയന്‍

വെബ് ഡെസ്ക്

ഗുസ്തി താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റിയും ഭാരതീയ കിസാന്‍ യൂണിയനും രംഗത്ത്. ബ്രിജ് ഭൂഷണെതിരെയുള്ള നിയമ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ഇരു കൂട്ടരുടേയും ആവശ്യം. ഇതിനായി ഇന്ന് ഖാപ് നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാനിരിക്കുകയാണ് കിസാന്‍ യൂണിയന്‍. ട്വിറ്ററിലൂടെയായിരുന്നു രാജ്യാന്തര ഒളിമ്പിക് കമ്മറ്റിയുടെ പ്രതികരണം.

ഗുസ്തി താരങ്ങളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് ടികായതിന്റെ നേതൃത്വത്തിലാണ് ഇന്ന് മുസാഫര്‍ നഗറിലെ സൗറാം ഗ്രാമത്തില്‍ ഖാപ് നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുക. ഉത്തര്‍പ്രദേശ് ഹരിയാന ഉത്തരാഖണ്ഡ് പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായി 30 ല്‍ പരം ഖാപ് നേതാക്കള്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയെന്നും ടികായത്ത് മാധ്യമങ്ങളോട് പങ്കുവച്ചു.

അതേ സമയം ഗുസ്തി താരങ്ങളെ ഡല്‍ഹി പോലീസ് കൈകാര്യം ചെയ്തത് വളരെ മോശമായെന്നായിരുന്നു രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ പ്രതികരണം. അവരെ കയ്യേറ്റം ചെയ്തതും മണിക്കൂറുകളോളം തടഞ്ഞുവച്ചതും വളരെ അസ്വസ്ഥതയുണ്ടാക്കി. ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണ പരാതിയില്‍ നിഷ്പക്ഷമായ കൃത്യമായ അന്വേഷണം ഉണ്ടാകണം. ഈ പ്രക്രിയയിലുടനീളം അത്‌ലറ്റുകളുടെ സുരക്ഷയും ക്ഷേമവും കൃത്യമായി പരിഗണിക്കപ്പെടണമെന്നും അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു. ഐ ഒസി ട്വീറ്റ് ചെയ്തു.

പി ടി ഉഷ അധ്യക്ഷയായ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനോട് അത്‌ലറ്റുകളെ സംരക്ഷിക്കാനും കമ്മിറ്റി ആവശ്യപ്പെട്ടു. യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗും വിഷയത്തില്‍ ഇടപെട്ടു. ഗുസ്തി താരങ്ങളെ തടഞ്ഞുവച്ചതും അവരെ കയ്യേറ്റം ചെയ്തതും ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗിന്റെ പ്രതികരണം. നിശ്ചിത സമയത്തിനുള്ളില്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് നടത്തണമെന്നും യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് ആവശ്യപ്പെട്ടു.

ബ്രിജ്ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതിലും ഞായറാഴ്ച ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും രാജ്യത്തിന് വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗയില്‍ ഒഴുക്കുമെന്ന പ്രഖ്യാപനവുമായി താരങ്ങള്‍ ഹരിദ്വാറിലെത്തിയിരുന്നു.ബജ്രംഗ് പുനിയ, സാക്ഷിമാലിക് അടക്കമുള്ളവര്‍ ഹരിദ്വാറിൽ എത്തി വികാരാധീനരായി. രാജ്യത്തിന്റെ യശസ് ഉയര്‍ത്തി രാജ്യാന്തരവേദികളില്‍ നേടിയ മെഡലുകള്‍ നദിയിലൊഴുക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്ന അവരെ വലിയ ജനാവലിയാണ് സ്വീകരിച്ചത്. മെഡലുകള്‍ ഗംഗയിലൊഴുക്കാനുള്ള നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ഷക നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് താരങ്ങള്‍ പിന്‍വാങ്ങിയത്. ഈ സംഭവത്തോടെ നിരവധിയാളുകളാണ് താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

ഇതിനിടെ, തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നും വിഷയത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം നടത്തുകയാണെന്നും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡണ്ട് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പ്രതികരിച്ചു. ഗംഗ നദിയില്‍ മെഡലുകള്‍ ഒഴുക്കാനെത്തിയ ഗുസ്തി താരങ്ങളെ ഭൂഷൺ പരിഹസിക്കുകയും ചെയ്തു. ഗംഗയില്‍ ഒഴുക്കാനായി കൊണ്ടു പോയ മെഡലുകള്‍ രാകേഷ് ടികായിത്തിന് നല്‍കാനായിരുന്നു താരങ്ങള്‍ തീരുമാനമെടുത്തതെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് പേര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പരാതി. ജനുവരിയില്‍ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മേല്‍നോട്ട സമിതിയെ നിയോഗിച്ചിരുന്നു. യാതൊരു തീരുമാനവുമുണ്ടാകാത്ത സാഹചര്യത്തിലാണ് ഏപ്രിലില്‍ അവര്‍ വീണ്ടും പ്രതിഷേധം കടുപ്പിച്ചത്. സുപ്രീംകോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തെങ്കിലും അറസ്റ്റോ മറ്റ് നടപടികളോ ഇതുവരെയുണ്ടായില്ല. ഇതോടെ പാര്‍ലമെന്റ് മന്ദിരോദ്ഘാടനവേളയില്‍ ഗുസ്തി താരങ്ങൾ വലിയ പ്രതിഷേധ മാര്‍ച്ച് ആസൂത്രണം ചെയ്തു. മാര്‍ച്ച് തടഞ്ഞ പോലീസ്, ഗുസ്തിതാരങ്ങളെ മര്‍ദിച്ചു. ഇത് വ്യാപകപ്രതിഷേധങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.ഗുസ്തി താരങ്ങളുടെ സമരം രാജ്യാന്തരതലത്തിൽ തന്നെ ചർച്ചയാകുന്നത് ഈ സംഭവവികാസങ്ങളോടെയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ