ബിഹാറിലെ സീതാമർഹി ജില്ലയില്‍ ദളിത് സ്ത്രീയെ പോലീസ് ഉദ്യോഗസ്ഥന്‍ പട്ടാപ്പകല്‍ പൊതുമധ്യത്തില്‍ വടികൊണ്ട് മർദിച്ച സംഭവം വിവാദമാകുന്നു. കഴിഞ്ഞ ശരിയാഴ്ച നടന്ന സംഭവത്തില്‍ രാജ് കിഷോർ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥാനാണ് സ്ത്രീയെ മർദിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പോലീസ് യൂണിഫോമിലെത്തിയ രാജ് കിഷോർ വടിയുപയോഗിച്ച് സ്ത്രീയുടെ തലയിലും ശരീരത്തിലും മർദിക്കുന്നതായാണ് വീഡിയോയില്‍ കാണാനാകുന്നത്. നിരവധി പേർ നോക്കിനില്‍ക്കെയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. സ്ത്രീയുടെ കൂടെയുണ്ടായിരുന്നതെന്ന് കരുതപ്പെടുന്നവർ പോലും സഹായത്തിനായി എത്തിയില്ല.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സീതാമർഹി എസ്‌പി മനോജ് കുമാർ തിവാരിയുടെ ഇടപെടലുണ്ടായി. പോലീസ് ഉദ്യോഗസ്ഥന്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ കർശന നടപടിയെടുക്കുമെന്ന് മനോജ് കുമാർ പ്രതികരിച്ചു.
സീതാമർഹി പോലീസ് വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഘട്ടനത്തിലേർപ്പെട്ട രണ്ട് സ്ത്രീകളെ പിന്തിരിപ്പിക്കുന്നതിനിടെയുണ്ടായ സംഭവമാണെന്നാണ് വിശദീകരണം.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സീതാമർഹി എസ്‌പി മനോജ് കുമാർ തീവാരിയുടെ ഇടപെടലുണ്ടായി
സ്ത്രീക്ക് നേരെയുണ്ടായ മർദനം ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധിപ്പിച്ചായിരുന്നു സബ് ഡിവിഷണല്‍ പോലീസ് ഓഫീസർ (എസ്‌ഡിപിഒ) വിനോദ് കുമാറിന്റെ വാക്കുകള്‍. കുട്ടിയെ കണ്ടെത്തിയെന്നും പിന്നാലെ പോലീസ് സ്റ്റേഷന് പുറത്ത് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നെന്നും വിനോദ് കൂട്ടിച്ചേർത്തു.
എന്നാല്‍ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ബിജെപി. ബിജെപിയും ദേശീയ അധ്യക്ഷന്‍ ഷെഹസാദ് പൂനെവാല പോലീസ് ഉദ്യോഗസ്ഥന്റെ നടപടിയില്‍ രൂക്ഷ വിമർശനം ഉന്നയിച്ചു. ബിഹാറില്‍ പോലീസിന്റെ ക്രൂരതയ്ക്ക് സാധാരണക്കാർ ഇരയാകുകയാണെന്ന് ഷെഹസാദ് പറഞ്ഞു.