INDIA

ജോലി സ്ഥലത്ത് ജീൻസും ടി ഷർട്ടും വേണ്ട; ഉത്തരവുമായി ബിഹാർ വിദ്യാഭ്യാസ വകുപ്പ്

വെബ് ഡെസ്ക്

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ജോലിസ്ഥലങ്ങളിൽ ജീൻസും ടി ഷർട്ടും പോലുള്ള കാഷ്വൽ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ട് ബിഹാർ സർക്കാർ. ഓഫീസ് സംസ്കാരത്തിനും തൊഴിൽ അന്തരീക്ഷത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഔദ്യോഗിക വേഷത്തിൽ മാത്രമേ ഓഫീസിൽ വരാൻ പാടുള്ളൂവെന്നും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസിന്റെ അന്തസ്സിനും സംസ്‌കാരത്തിന് വിരുദ്ധമായി അനൗപചാരിക വേഷം ധരിച്ച് ഓഫീസിലെത്തുന്നത് പതിവാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ''വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസ് സംസ്‌കാരത്തിന് വിരുദ്ധമായ വസ്ത്രം ധരിച്ച് ഓഫീസുകളിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരോ മറ്റ് ജീവനക്കാരോ ഓഫീസിൽ കാഷ്വൽ ധരിക്കുന്നത് ഓഫീസിലെ തൊഴിൽ സംസ്കാരത്തിന് എതിരാണ്. അതിനാൽ, എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഔദ്യോഗിക വസ്ത്രങ്ങൾ ധരിച്ച് മാത്രമേ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വരാവൂ. കാഷ്വൽ വസ്ത്രങ്ങൾ, പ്രത്യേകിച്ച് ജീൻസ്, ടി-ഷർട്ട് എന്നിവ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ ധരിക്കാൻ പാടില്ല''- വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) സുബോധ് കുമാർ ചൗധരി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ഏപ്രിലിൽ, സരൺ ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ജീൻസും ടി ഷർട്ടും ധരിക്കുന്നത് ജില്ലാ മജിസ്‌ട്രേറ്റ് വിലക്കിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 2019 ൽ, ബിഹാർ സർക്കാർ, സംസ്ഥാന സെക്രട്ടേറിയറ്റിൽ ജീൻസും ടി ഷർട്ടും ധരിക്കുന്നത് നിരോധിച്ചിരുന്നു. ഓഫീസ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുക എന്നതായിരുന്നു ലക്ഷ്യം. ഓഫീസിൽ ലളിതവും സൗകര്യപ്രദവും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാൻ സർക്കാർ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്‌ത നിറത്തിലും തരത്തിലുമുള്ള വസ്ത്രങ്ങൾ ധരിച്ചെത്തുന്ന ജീവനക്കാരെ കാണുമ്പോൾ അരോചകമായി തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിഹാർ പൊതുഭരണ വകുപ്പും സർക്കുലർ ഇറക്കിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?