2002ലെ ഗുജറാത്ത് കൂട്ടബലാത്സംഗ കേസ് പ്രതികളെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് മോചിപ്പിച്ചത് ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചു. 11 പ്രതികളെ വിട്ടയച്ചതിനെതിരെയാണ് ബില്‍ക്കിസ് ബാനു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. പ്രതികളെ മോചിപ്പിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജിയിലും ബില്‍ക്കിസ് ബാനു ഫയല്‍ ചെയ്തു.
ബില്‍ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുന്‍പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ കേസ് കേട്ടിരുന്ന ജസ്റ്റിസ് അജയ് റസ്‌തോഗി ഇപ്പോള്‍ ഭരണഘടനാ ബെഞ്ചിലാണെന്നും അദ്ദേഹത്തിന് ഈ വിഷയം കേള്‍ക്കാന്‍ കഴിയുമോയെന്നും അഡ്വ. ശോഭ ഗുപ്ത സംശയം പ്രകടിപ്പിച്ചു. പുനഃപരിശോധനാ ഹര്‍ജി കേട്ടതിന് ശേഷമേ അപ്പീല്‍ പരിഗണിക്കാനാകൂ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷക ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് ലിസ്റ്റ് ചെയ്യുന്നതില്‍ ഇന്ന് വൈകിട്ട് തീരുമാനമെടുക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ഓഗസ്റ്റ് 16നാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളും ജയില്‍ മോചിതരായത്. പ്രതികളെ മോചിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ 19കാരി ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തതാണ് കേസ്. 2008ല്‍ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2017 ല്‍ മുംബൈ ഹൈക്കോടതി വിധി ശരിവെയ്ക്കുകയും ചെയ്തു.
15 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളിലൊരാള്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തു. വര്‍ഷങ്ങളായി ജയില്‍ വാസം അനുഭവിക്കുന്നതിനാല്‍ ശിക്ഷയില്‍ ഇളവു നല്‍കണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. ഇതിനെ തുടര്‍ന്നാണ് മോചന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. 2019 ല്‍ സുപ്രീം കോടതി ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാര തുകയായി നല്‍കണമന്ന് ഗുജറാത്ത് സര്‍ക്കാറിനോട് ഉത്തരവിടുകയും ചെയ്തിരുന്നു.