ബിൽക്കിസ് ബാനു കേസിലെ മുഴുവൻ പ്രതികളും വീണ്ടും ജയിലിലേക്ക്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം, കീഴടങ്ങാനുള്ള അവസാന തീയതിയായ ഞായറാഴ്ചയാണ് 11 പ്രതികളും പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിൽ ഹാജരായത്. 2022 ഓഗസ്റ്റിൽ പ്രതികളുടെ ശിക്ഷയിൽ ഗുജറാത്ത് സർക്കാർ ഇളവ് നൽകിയിരുന്നെങ്കിലും നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
ബകാഭായ് വോഹാനിയ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, ഗോവിന്ദ്ഭായ് നായ്, ജസ്വന്ത് നായ്, മിതേഷ് ഭട്ട്, പ്രദീപ് മോർധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് തുടങ്ങി 11 കുറ്റവാളികളും ഞായറാഴ്ച രാത്രി വൈകി ജയിൽ അധികൃതർക്ക് മുൻപാകെ ഹാജരായതായി ലോക്കൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ എൻ എൽ ദേശായിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഒരു എസ്‌യുവിയുടെ അകമ്പടിയോടെ 10 സീറ്റുകളുള്ള മൾട്ടി-യൂട്ടിലിറ്റി വാഹനത്തിലാണ് മിക്ക കുറ്റവാളികളും ജയിലിലേക്ക് എത്തിയത്. 11 പ്രതികൾക്കും സുരക്ഷാ ഒരുക്കിയാണ് ജയിൽ വളപ്പിലേക്ക് എത്തിച്ചതെന്ന് ജില്ലാ പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.
ഞായറാഴ്ച രാത്രി 11.45ന്, ദിവസം കഴിയാൻ 15 മിനിറ്റ് ശേഷിക്കെയാണ് പ്രതികളെത്തിയത്. കീഴടങ്ങൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പഞ്ച്മഹൽ ജില്ലാ പോലീസ് ഞായറാഴ്ച വൈകുന്നേരം മുതൽ ഗോധ്ര സബ് ജയിലിന് പുറത്ത് നിരവധി ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
ശിക്ഷ ഇളവ് റദ്ദാക്കിയ ജനുവരി എട്ടിലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഞായറാഴ്ചയായിരുന്നു ഹാജരാകാനുള്ള അവസാന തീയതി. ഇത് നീട്ടി നൽകണമെന്ന് ബിൽക്കിസ് ബാനു കേസിലെ മൂന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചില്ല.
കൃഷിയുടെ വിളവെടുപ്പ്, മാതാപിതാക്കളുടെ ആരോഗ്യാവസ്ഥ എന്നീ കാരണങ്ങളായിരുന്നു സമയം നീട്ടി നൽകാനായി പ്രതികൾ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഇതൊന്നും മതിയായ കാരണങ്ങളല്ലെന്ന് സുപ്രീംകോടതി കണ്ടെത്തുകയായിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ, ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഒന്നര വയസുള്ള കുട്ടിയെ ഉൾപ്പെടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്.