അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ഗുജറാത്തില്‍ അതീവ ജാഗ്രത. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച്, തീരങ്ങളില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മുന്‍ കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കുകയാണ് ഭരണകൂടം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കച്ചിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു
ദുരന്ത ബാധിത മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പ്രദേശത്തെ മുഴുവന്‍ ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടര്‍മാരുമായും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ഇതിനിടെ സൗരാഷ്ട്രയിലും ഗുജറാത്തിലെ കച്ച് തീരത്തും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കച്ചിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ജൂണ്‍ 14 വരെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം മുംബൈയിലെയും മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. മഴ കനത്തതോടെ മുംബൈ വിമാനത്താവളത്തിലെ റണ്‍വേ(0927) താല്‍ക്കാലികമായി അടച്ചു. ഇത് പല വിമാനങ്ങളും വൈകാനും റദ്ദാക്കാനും കാരണമായി മാറി. താനെ, മുംബൈ, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.