INDIA

പ്രത്യേക ഭരണം: കുകികളുടെ ആവശ്യത്തിനെതിരെ ബിരേൻ സർക്കാർ; നിയമസഭയിൽ പ്രമേയത്തിന് നീക്കം, പിന്തുണച്ച് എട്ട് നാഗാ എംഎൽഎമാർ

സർക്കാരിനെ പിന്തുണച്ച നാഗ എംഎൽഎമാർക്കെതിരെ മണിപ്പൂരിലെ നാഗ വിഭാഗത്തിന്റെ പരമോന്നത സംഘടനയായ യുണൈറ്റഡ് നാഗ കൗൺസിൽ രംഗത്തുവന്നു

വെബ് ഡെസ്ക്

മണിപ്പൂരിലെ വംശീയ കലാപം തുടരുന്നതിനിടെ ചേരുന്ന നിയമസഭാ സമ്മേളനത്തിലും പ്രശ്നപരിഹാരമായേക്കില്ല. ന്യൂനപക്ഷ വിഭാഗമായ കുകികളുടെ 'പ്രത്യേക ഭരണം' എന്ന ആവശ്യത്തിന് ചെവികൊടുക്കാതിരിക്കാൻ കേന്ദ്ര സർക്കാരില്‍ സമ്മർദം ചെലുത്താനാണ് മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെയും സർക്കാരിന്റെയും നീക്കം. ഇതിന് എട്ട് നാഗാ എംഎൽഎമാരുടെ പിന്തുണയുമുണ്ട്.

ഓഗസ്റ്റ് 21ന് ചേരുന്ന നിയമസഭാസമ്മേളനത്തില്‍ മണിപ്പൂരിന്റെ അഖണ്ഡത ഉയർത്തിപ്പിടിക്കണമെന്ന പ്രമേയം അവതരിപ്പിച്ചേക്കും. ഡൽഹിയിൽ ഓഗസ്റ്റ് എട്ടിന് ചേർന്ന 40 എംഎൽഎമാരുടെ യോഗത്തില്‍ പ്രമേയം നിയമസഭയിൽ അവതരിപ്പിക്കണമെന്ന തീരുമാനം കൈക്കൊണ്ടിരുന്നു.

സർക്കാർ തീരുമാനത്തെ പിന്തുണയ്ക്കുന്ന നാഗാ എംഎൽഎമാരിൽ ഒരാൾ കരോങ് മണ്ഡലത്തിൽ നിന്നുള്ള കെ ജുമോ ഷായാണ്. ബാക്കിയുള്ളവർ എൻഡിഎ സഖ്യകക്ഷികളായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), നാഷണലിസ്റ്റ് പീപ്പിൾസ് പാർട്ടി (എൻപിപി) എന്നിവയിലെ അംഗങ്ങളാണ്.

സംസ്ഥാന നിയമസഭയിൽ ആകെ പത്ത് നാഗ എംഎൽഎമാരാണുള്ളത്. പ്രമേയം അവതരിപ്പിച്ചാല്‍ കുകികൾക്ക് പ്രത്യേകമായൊരു സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശം വേണമെന്ന ആവശ്യത്തോട് ചർച്ചകളൊന്നുമില്ലാതെ മുഖംതിരിക്കാനുള്ള സാധ്യതയേറുകയാണ്.

കുറച്ചുകാലമായി 'കൊകോമി' പോലുള്ള പല മേയ്തി സംഘടനകളും ഉന്നയിക്കുന്ന ആവശ്യത്തിന് കൂടിയാണ് ബിരേൻ സിങ് സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിക്ക് ഇതേ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മെമ്മോറാണ്ടവും സമർപ്പിച്ചിരുന്നു. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുക, മ്യാന്മറിൽ നിന്ന് കുടിയേറിയവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന നടപടി കൂടുതൽ വ്യാപിപ്പിക്കുക എന്നീ ആവശ്യങ്ങളെല്ലാം ഉൾപ്പെടുത്തുന്നതായിരുന്നു മെമ്മോറാണ്ടം.

കൂടാതെ, കുകി സായുധ സംഘങ്ങളുമായുള്ള സമാധാന കരാർ( സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ) കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന ബിരേൻ സിങ് സർക്കാരിന്റെ നേരത്തെയുള്ള ആവശ്യവും എംഎൽഎമാർ മെമ്മോറാണ്ടത്തിൽ ആവർത്തിച്ചു. 2008ൽ കേന്ദ്ര- സംസ്ഥാന സർക്കാരുമായി ഒപ്പിട്ട കരാർ പ്രകാരം, കുകി സായുധ സംഘങ്ങൾ അവരുടെ ആയുധങ്ങൾ സമർപ്പിച്ച് സമാധാന ചർച്ചകളിൽ പങ്കെടുക്കാനും നിയുക്ത ക്യാമ്പുകളിൽ തങ്ങാനും വ്യവസ്ഥ ചെയ്തിരുന്നു.

അതേസമയം, സർക്കാരിനെ പിന്തുണച്ച നാഗ എംഎൽഎമാർക്കെതിരെ മണിപ്പൂരിലെ നാഗ വിഭാഗത്തിന്റെ പരമോന്നത സംഘടനയായ യുണൈറ്റഡ് നാഗ കൗൺസിൽ രംഗത്തുവന്നിരുന്നു. 'ഗ്രേറ്റർ നാഗാലിം' എന്ന ആവശ്യം പരിഹരിക്കണമെന്നും സമുദായത്തിന്റെ പരമ്പരാഗത ഭൂമി കൈവശപ്പെടുത്തിക്കൊണ്ടുള്ള ഒരു തീരുമാനവും ഉണ്ടാകരുതെന്നും യുഎൻസി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നാഗാ വിഭാഗക്കാർ അധിവസിക്കുന്ന മേഖല ഒരു ഭരണത്തിന്റെ കുടക്കീഴില്‍ കൊണ്ടുവന്നതാണ് നാഗാലിം. 40 എംഎൽഎമാർ മെമ്മോറാണ്ടം സമർപ്പിച്ച അതേദിവസം തന്നെയായിരുന്നു യുഎൻസിയുടെയും നീക്കം. കൂടാതെ ന്യൂഡൽഹിയിലെ യോഗത്തിൽ പങ്കെടുക്കരുതെന്നും യുഎൻസി നാഗാ എംഎൽഎമാരോട് ആവശ്യപ്പെട്ടിരുന്നു.

ബിരേൻ സിങ് സർക്കാരിന്റെ നീക്കത്തിന് നാഗാ എംഎൽഎമാരുടെ പിന്തുണയുണ്ടെന്നറിഞ്ഞ് യുഎൻസി ഉൾപ്പെടെ നിരവധി നാഗാ സിവിൽ സൊസൈറ്റി സംഘടനകൾ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. നാഗാ ജനതയുടെ കൂട്ടായ വികാരങ്ങളെ എംഎൽഎമാർ നിരാകരിച്ചുവെന്ന് യുഎൻസി കുറ്റപ്പെടുത്തി.

മണിപ്പൂരിലെ നാഗാ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വർക്കിങ് ഗ്രൂപ്പ് ഫോർ നാഗാ റൈറ്റ്സ് എംഎൽഎമാരുടെ നടപടിയെ "ഉപദ്രവകരമായ പ്രവൃത്തി" എന്നാണ് വിശേഷിപ്പിച്ചത്. ചില നിക്ഷിപ്ത ഗ്രൂപ്പുകളുടെ ആജ്ഞകൾക്ക് അവർ വഴങ്ങി. അവർ സംസ്ഥാനത്ത് കലാപം നിലനിർത്താനാണ് ആഗ്രഹിക്കുന്നതെന്നും ഓഗസ്റ്റ് 13ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ