INDIA

രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയാക്കി നടത്തി; ഗെഹ്‍ലോട്ടിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

വെബ് ഡെസ്ക്

രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിയ സംഭവത്തിൽ കോണ്‍ഗ്രസിനും അശോക് ഗെഹ്‍ലോട്ടിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാജസ്ഥാനിലെ പ്രതാപ്ഗഡിലാണ് സംഭവം. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുപത്തൊന്നുകാരിയായ യുവതിയെ ഭർത്താവും ഭർതൃബന്ധുക്കളും ചേർന്ന് നഗ്നയാക്കി പൊതുവിടത്തിലൂടെ നടത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, യുവതിയുടെ ഭർത്താവ് ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, വരും മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ, കോൺഗ്രസിനെതിരെയുള്ള ആയുധമായി ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ സംഭവം ഏറ്റെടുത്തതോടെ, പ്രതിഷേധവും വാക്ക്പ്പോരും ശക്തമാകുകയാണ്.

വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, സംഭവത്തെ അപലപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് രംഗത്തെത്തി. "പ്രതാപ്ഗഡ് ജില്ലയിൽ, ഭർതൃവീട്ടുകാരുമായുള്ള കുടുംബ തർക്കത്തെത്തുടർന്ന് ഒരു സ്ത്രീയെ ഭർതൃവീട്ടുകാർ നഗ്നയാക്കി നടത്തിച്ച വീഡിയോ പുറത്തുവന്നു. പിന്നാലെ, എഡിജിയെ സംഭവസ്ഥലത്തേക്ക് അയച്ച് ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. പരിഷ്കൃത സമൂഹത്തിൽ ഇത്തരം കുറ്റവാളികൾക്ക് സ്ഥാനമില്ല. ഇവരെ ജയിലിലടയ്ക്കുകയും ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിക്കുകയും ചെയ്യും." ഗെഹ്‌ലോട്ട് എക്സിൽ പോസ്റ്റ് ചെയ്തു. പ്രതിഷേധം ശക്തമായതോടെ, പ്രതാപ്ഗഡിലേക്ക് എത്തുമെന്നും യുവതിയുടെ കുടുംബത്തെ കാണുമെന്നും അശോക് ഗെഹ്‌ലോട്ട് അറിയിച്ചു. ജില്ലാ കളക്ടറുമായും ജില്ലാ പോലീസ് സൂപ്രണ്ടുമായും വിഷയം ചർച്ച ചെയ്തതായും പോലീസ് വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും ധരിയവാഡ് നിയമസഭയിൽ നിന്നുള്ള എംഎൽഎ നാഗരാജ് മീന പറഞ്ഞു.

എന്നാൽ, സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ഭരണപക്ഷം അധികാരത്തർക്കത്തിൽ ലയിച്ചിരിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ആരോപിച്ചു. ഡൽഹിയിൽ അധികാരം കയ്യടക്കിയിരിക്കുന്നവരെ സഹായിക്കാനാണ് മറ്റ് സമയങ്ങൾ വിനിയോഗിക്കുന്നതെന്ന് കോൺഗ്രസിലെ കുടുംബവാഴ്ചയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജനങ്ങൾ സംസ്ഥാന സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നും വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടി നദ്ദ അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ശെഖാവത്ത് സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്യുകയും കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തിരുന്നു. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനെ സമാനമായ സംഭവത്തിൽ, രാഹുൽ ഗാന്ധി അശോക് ഗെഹ്‍ലോട്ടിന്റെ രാജി ആവശ്യപ്പെടുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെടുകയും ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു.

"രാജസ്ഥാനിൽ സ്ത്രീകളുടെ മേലുള്ള മനുഷ്യത്വത്തിന്റെ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് റിപ്പോർട്ട് പോലും തയ്യാറാക്കിയിട്ടില്ല! കോൺഗ്രസിന്റെ കാപട്യം വെളിപ്പെട്ടിരിക്കുകയാണ്. രാഹുൽ ഗാന്ധി അശോക് ഗെഹ്‍ലോട്ടിന്റെ രാജി ആവശ്യപ്പെടുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെടുകയും ചെയ്യുമോ? സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന അശോക് ഗെഹ്‍ലോട്ട് ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ്? രാഹുല്‍ ഗാന്ധി എവിടെ? അദ്ദേഹം എപ്പോഴാണ് ധരിയവാഡിലേക്ക് വരുന്നത്? എപ്പോഴാണ് അശോക് ഗെഹ്‍ലോട്ടിന്റെ രാജി ആവശ്യപ്പെടുകയും രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുകയും ചെയ്യുക? ഷെഖാവത്ത് പോസ്റ്റ് ചെയ്തു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം