INDIA

ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യത്തിന് ഭരണത്തുടർച്ച; മേഘാലയയിൽ ബിജെപി പിന്തുണയോടെ എൻപിപി സർക്കാർ

വെബ് ഡെസ്ക്

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മേല്‍ക്കൈ. ത്രിപുരയില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ നാഗാലാന്‍ഡില്‍ ബിജെപി സഖ്യം അനായാസ ജയം നേടി. ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാവാത്ത മേഘാലയയില്‍ എന്‍പിപി ആണ് ഏറ്റവും വലിയ ഒറ്റകക്ഷി.

ത്രിപുരയില്‍ ഇടത് പ്രതിപക്ഷത്ത് തന്നെ

ബിജെപിയെ തുരത്താന്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസുമായി കൈകോര്‍ത്ത സിപിഎമ്മിന്, സഖ്യം തിരിച്ചടിച്ചു. കഴിഞ്ഞ തവണ സിപിഎം ഒറ്റയ്ക്ക് നേടിയത് 16 സീറ്റെങ്കില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ആകെ നേടാനായത് 14 സീറ്റ് മാത്രം. സിപിഎമ്മിന് 11 ഉം കോണ്‍ഗ്രസിന് മൂന്നും ഇടത്താണ് വിജയം നേടാനായത്. ഗോത്ര മേഖലയില്‍ തിപ്രാമോത നേടിയ മുന്നേറ്റമാണ് ബിജെപി സഖ്യത്തിന് 2018 ലെ നേട്ടം നല്‍കാതിരുന്നത്. ബിജെപിക്ക് നാല് സീറ്റ് കുറഞ്ഞപ്പോള്‍ സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ തവണ ഐപിഎഫ്ടി എട്ടും ബിജെപി 36ഉം ഇടത്താണ് വിജയിച്ചത്. ഇത്തവണ തിപ്രാമോത 13 സീറ്റ് നേടിയെങ്കിലും ബിജെപി സഖ്യം കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ നിര്‍ണായക ശക്തിയല്ലാതായി. പ്രദ്യോത് ദേബ്ബര്‍മയുടെ കിങ് മേക്കര്‍ സ്വപ്‌നം കൂടിയാണ് ഇതോടെ അസ്തമിച്ചത്.

നാഗാലാന്‍ഡില്‍ മിന്നും ജയം നേടി ബിജെപി സഖ്യം

നാഗാലാന്‍ഡില്‍ 2018 നേക്കാള്‍ മികച്ച ജയം നേടാന്‍ ബിജെപി- നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി സഖ്യത്തിന് സാധിച്ചു. ആകെ 30 സീറ്റുണ്ടായിരുന്ന സഖ്യം നില മെച്ചപ്പെടുത്തി 37 ലെത്തി. 12 സീറ്റ് ബിജെപി നിലനിര്‍ത്തിയപ്പോള്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി, 25 സീറ്റുമായി നില മെച്ചപ്പെടുത്തി. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് നേരിട്ടത് വന്‍ തകര്‍ച്ചയാണ്. 26 ല്‍ നിന്ന് പാര്‍ട്ടി രണ്ട് മണ്ഡലങ്ങളിലേക്ക് ഒതുങ്ങി. ഏഴ് സീറ്റുമായി എന്‍സിപി വീണ്ടും നിയമസഭയിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.

മേഘാലയയില്‍ തൂക്കുസഭ

ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാവാത്ത മേഘാലയയില്‍ കൊൺ‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 20ല്‍ നിന്ന് സീറ്റ് നേട്ടം 26 ലെത്തിക്കാനും പാര്‍ട്ടിക്ക് സാധിച്ചു. കൂട്ടക്കൊഴിഞ്ഞുപോക്കിന്‌റെ ക്ഷീണത്തില്‍ നിന്ന് കോണ്‍ഗ്രസിന് തിരിച്ചെത്താനായിട്ടില്ല. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ഒതുങ്ങിയപ്പോള്‍, കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ചേക്കേറിയ തൃണമൂല്‍ കോണ്‍ഗ്രസിനും അഞ്ച് സീറ്റുമാത്രമാണ് ലഭിച്ചത്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി 11 സീറ്റ് നേടി. ബിജെപി, എൻപിപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ മറ്റുള്ളവരുടെ സഹായത്താൽ സഖ്യം സർക്കാരുണ്ടാക്കുമെന്ന് ഉറപ്പാണ്

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?