കേരളത്തിലെ 12 മണ്ഡലങ്ങളിലെ ഉള്‍പ്പെടെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 195 അംഗ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖര്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു. മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറില്‍ നിന്നും ജനവിധി തേടും.
കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. രാജീവ് ചന്ദ്രശേഖര്‍(തിരുവനന്തപുരം), വി മുരളീധരന്‍(ആറ്റിങ്ങല്‍), അനില്‍ ആന്റണി(പത്തനംതിട്ട), ശോഭാ സുരേന്ദ്രന്‍( ആലപ്പുഴ), സുരേഷ് ഗോപി(തൃശൂര്‍), സി കൃഷ്ണകുമാര്‍(പാലക്കാട്), പ്രഫുല്‍കൃഷ്ണ(വടകര), ഡോ. അബ്ദുള്‍ സലാം(മലപ്പുറം), അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍(പൊന്നാനി), എംടി രമേശ്(കോഴിക്കോട്), സി രഘുനാഥ്(കണ്ണൂര്‍), എം എല്‍ അശ്വിനി(കാസര്‍ഗോഡ്) എന്നിവരാണ് കേരളത്തില്‍ നിന്ന് ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചവര്‍.
കേരളത്തില്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കുമാണ് ആദ്യ പട്ടികയില്‍ പ്രാമുഖ്യം. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ് തുടങ്ങിയവര്‍ ആദ്യ പട്ടികയില്‍ ഇല്ല. അടുത്തിടെ ബിജെപിയിലേക്ക് ചേക്കേറിയ പിസി ജോര്‍ജിനെയും ഒഴിവാക്കി. ജോര്‍ജിനെ രണ്ടാം ഘട്ട പട്ടികയില്‍ കോട്ടയം മണ്ഡലത്തില്‍ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം സംസ്ഥാന നേതൃത്വത്തിന് അനഭിമതരായിരുന്ന ശോഭാ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ ഇടംപിടിച്ചത് ശ്രദ്ധേയമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശോഭ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് മത്സരിച്ചത്. ഇക്കുറി ശോഭയെ പരിഗണിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
34 കേന്ദ്രമന്ത്രിമാരും രണ്ടു മുന്‍ മുഖ്യമന്ത്രിമാരും രണ്ടു മുന്‍ കേന്ദ്രമന്ത്രിമാരും പട്ടികയിലുണ്ട്. 28 വനിതകളാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്. വ്യാഴാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കിയിരുന്നു. വ്യാഴാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഗണനയ്ക്കു കൂടി പട്ടിക അയയ്ക്കുകയായിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയും ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയ ശേഷം ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ന് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്.
543 അംഗ ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനു വേണ്ട 370 എന്ന മാന്ത്രിക സംഖ്യ ലക്ഷ്യമിടുന്ന ബിജെപി അതിനാല്‍ത്തന്നെ കരുതിക്കൂട്ടിയാണ് വേഗത്തില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പോലും പൂര്‍ത്തിയാകും മുമ്പേ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിലൂടെ 'ഇന്ത്യ'യില്‍ ഐക്യമല്ല അഴിമതിക്കാരുടെ സംഗമമാണ് നടക്കുന്നതെന്ന തങ്ങളുടെ തന്നെ പ്രചാരണത്തെ സാധൂകരിക്കാനും ബിജെപിക്ക് ഇതിലൂടെ കഴിയും. ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകളും എന്‍ഡിഎ മുന്നണി 400 സീറ്റുകളും നേടുമെന്ന് നേരത്തെ പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കവെ അവകാശപ്പെട്ടിരുന്നു.
അതേസമയം മറുവശത്ത് നിതീഷ് കുമാറിന്റെ മുന്നണി വിടലും മമതയുടെ ഇടയലും ഉള്‍പ്പടെ സൃഷ്ടിച്ച വലിയ പ്രതിസന്ധികളില്‍നിന്ന് മുന്നോട്ടുനീങ്ങുകയാണ് 'ഇന്ത്യ' സഖ്യം. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുമായും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജനം വിജയകരമായത് അവര്‍ക്ക് നല്ല സൂചന നല്‍കുന്നു. പ്രാദേശിക നേതാക്കളുടെ കടുംപിടുത്തങ്ങളെ തല്‍കാലം മാറ്റി നിര്‍ത്തി, കേന്ദ്ര നേതൃത്വം നേരിട്ട് ചര്‍ച്ചക്കിറങ്ങിയതാണ് യുപിയിലും ഡല്‍ഹിയിലും മഞ്ഞുരുകലിന് കാരണമായത്.