INDIA

പ്രതിപക്ഷ നേതാവ് ആരാകും? കര്‍ണാടക ബിജെപിയില്‍ തര്‍ക്കം, യെദ്യൂരപ്പയെ ഡൽഹിക്ക് വിളിപ്പിച്ചു

പ്രതിപക്ഷ നേതാവിന്റെയും പാർട്ടി സംസ്ഥാന അധ്യക്ഷന്റെയും സ്ഥാനങ്ങൾക്കായി ബിജെപിയിൽ ഔദ്യോഗിക പക്ഷവും യെദ്യൂരപ്പ പക്ഷവും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്

വെബ് ഡെസ്ക്

ബിജെപി പാർലമെന്ററി ബോർഡ് അംഗവും മുതിർന്ന നേതാവുമായ ബി എസ് യെദ്യൂരപ്പയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് പാർട്ടി ഉന്നത നേതൃത്വം. കർണാടക നിയമസഭയിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ഉന്നത നേതൃത്വം യെദ്യൂരപ്പയെ ഇന്ന് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനായി ഇന്ന് നടത്താനിരുന്ന ബിജെപി നിയമസഭാ കക്ഷിയോഗം റദ്ദാക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

പ്രതിപക്ഷ നേതൃസ്ഥാനവും സംസ്ഥാന അധ്യക്ഷ പദവിയും സംബന്ധിച്ച് ഏതാനും ആഴ്ചകളായി കര്‍ണാടക നേതൃത്വത്തില്‍ തര്‍ക്കം രൂക്ഷമാണ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ബിജെപി പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. രണ്ട് പ്രധാന സ്ഥാനങ്ങൾക്കായി ബിജെപിയിൽ ഔദ്യോഗിക പക്ഷവും യെദ്യൂരപ്പ പക്ഷവും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മന്ത്രിമാരായ അരഗ ജ്ഞാനേന്ദ്ര, ആർ അശോക, വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ എന്നിവർ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബൊമ്മെയെ പ്രതിപക്ഷ നേതാവാക്കണം എന്നാണ് യെദ്യൂരപ്പ പക്ഷത്തിന്റെ ആവശ്യം. അതേസമയം ആർ അശോക്, ബസന ഗൗഡ പാട്ടീൽ യത്നാൽ തുടങ്ങിയവരുടെ പേരാണ് ബിജെപി കർണാടക ഘടകം നിർദേശിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടീൽ, ദേശീയ ജനറൽ സെക്രട്ടറി സി ടി രവി എന്നിവരുടെ പിന്തുണ ഇവര്‍ക്കാണ്.

കാലാവധി പൂര്‍ത്തിയായി ഒരു വർഷത്തിലേറെയായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് സ്ഥാനത്ത് തുടര്‍ന്നതെന്ന് നളിൻ കുമാർ കട്ടീൽ പറഞ്ഞിരുന്നു. നിലവിലെ സ്ഥാനത്ത് നിന്ന് മാറുന്ന കാര്യത്തിൽ പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇരുപക്ഷത്തുമല്ലാതെ മുൻ മന്ത്രി വി സോമണ്ണയും ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്റെയും പാർട്ടി സംസ്ഥാന അധ്യക്ഷന്റെയും സ്ഥാനാർഥികളെ തീരുമാനിക്കാനാണ് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ യെദ്യൂരപ്പയെ നേരിട്ടു വിളിച്ചുവരുത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും യെദ്യൂരപ്പയുടെ ഭാ​ഗത്തു നിന്നുണ്ടായിട്ടില്ല. അതേസമയം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനാവാത്ത ബിജെപിക്കെതിരെ ആക്ഷേപ പരസ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കര്‍ണാടകയ്ക്ക് ഒരു പ്രതിപക്ഷ നേതാവിനെ വേണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ പരസ്യം. പ്രതിപക്ഷ നേതാവിനുണ്ടാകേണ്ട യോഗ്യതകളും പരസ്യത്തില്‍ ഉൾപ്പെടുത്തിയിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍