INDIA

കലാപത്തിന്റെ കനൽ കെടാത്ത ഹരിയാനയിൽ 'വര്‍ഗീയ വിത്തിറക്കി' അമിത് ഷാ; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്ത്രംമാറ്റാതെ ബിജെപി

വര്‍ഗീയ കലാപം ആളിക്കത്തിയ ഹരിയാനയില്‍ വര്‍ഗീയ പരാമര്‍ശം നടത്തി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് അമിത് ഷാ

വെബ് ഡെസ്ക്

''ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു, ഹരിയാനയില്‍ ഞങ്ങള്‍ മുസ്ലിം സംവരണം നടപ്പിലാക്കില്ല. കോണ്‍ഗ്രസ് ഹരിയാനയില്‍ അധികാരത്തിലെത്തിയാല്‍ ഒബിസിക്കാരുടെ സംവരണം തട്ടിയെടുത്ത് മുസ്ലിംങ്ങള്‍ക്ക് നല്‍കും'', ഹരിയാനയില്‍ ബിജെപിയുടെ പിഛഡാ വര്‍ഗ് സമ്മാന്‍ സമ്മേളനില്‍ ( പിന്നാക്ക വിഭാഗ സമ്മേളനം) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകളാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ താഴേത്തട്ടിലുള്ള പ്രാദേശിക നേതാക്കള്‍ വരെ നടത്തിയ പ്രചാരണായിരുന്നു കോണ്‍ഗ്രസ് പിന്നാക്ക വര്‍ഗക്കാരുടെ സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കും എന്നത്. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിലും ഇതേ പ്രചാരണം തന്നെ തുടരാനാണ് ബിജെപി തീരുമാനം എന്നു വ്യക്തമാക്കുന്നതായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

''1980-ല്‍ ഇന്ദിരാ ഗാന്ധി മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കോള്‍ഡ് സ്‌റ്റോറേജില്‍ വെച്ചു. 1990-ല്‍ അത് അംഗീകരിച്ചപ്പോള്‍ ഒബിസി സംവരണത്തെ എതിര്‍ത്ത് രാജീവ് ഗാന്ധി രണ്ടര മണിക്കൂര്‍ പ്രസംഗം നടത്തി. കര്‍ണാടകയില്‍ ഒബിസിക്കാരില്‍ നിന്ന് സംവരണം പിടിച്ചെടുത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കി. അവര്‍ അധികാരത്തിലെത്തിയാല്‍ ഇവിടേയും അത് സംഭവിക്കും. മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്'',അമിത് ഷാ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം കഴിഞ്ഞപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ, നിരന്തരമായ വര്‍ഗീയ പ്രചാരണമാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായത്. കോണ്‍ഗ്രസ് ഒബിസിക്കാരുടെ താലിമാല വരെ പൊട്ടിച്ച് മുസ്ലിങ്ങള്‍ക്ക് നല്‍കും എന്നായിരുന്നു ഏപ്രില്‍ ഒന്നിന് രാജസ്ഥാനിലെ ബന്‍സ്‌വാഡയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞത്.

രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്ലിങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്നവര്‍ക്ക് നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നും മോദി പറഞ്ഞു.

''കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വര്‍ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും. രാജ്യത്തിന്റെ സമ്പത്തിനു മുകളില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞത് മന്‍മോഹന്‍ സിങ് സര്‍ക്കാരാണ്. ഈ അര്‍ബന്‍ നക്‌സല്‍ ചിന്താഗതികള്‍ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകള്‍ പോലും ബാക്കിവയ്ക്കില്ല''
നരേന്ദ്ര മോദി

കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടും നരേന്ദ്ര മോദിക്ക് എതിരെ ഉടനടി നടപടി സ്വീകരിക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷന് എതിരേയും വിമര്‍ശനങ്ങളുയര്‍ന്നു. ഒടുവില്‍, സര്‍ക്കാരിന് എതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ക്കും മോദിയുടെ പരാമര്‍ശങ്ങള്‍ക്കും എതിരെ ഒരുമിച്ച് നടപടി സ്വീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടിയൂരിയത്. നരേന്ദ്ര മോദിക്ക് നേരിട്ട് നോട്ടീസ് നല്‍കുന്നത് ഒഴിവാക്കാന്‍ ബിജെപി, കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. താര പ്രചാരകര്‍ പരിധിവിട്ടു പോകുന്നത് തടയണം എന്നായിരുന്നു പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. താരപ്രചാരകര്‍ വര്‍ഗീയപ്രചാരണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മിഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടു. സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സേനയുടെ സാമൂഹിക-സാമ്പത്തിക ഘടനയെക്കുറിച്ച് ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും കമ്മിഷന്‍ കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കി. അഗ്നിവീര്‍ പദ്ധതിയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചാരണം ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്‍ നിര്‍ദേശം.

നരേന്ദ്ര മോദിയും അമിത് ഷായും

തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടും ഈ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ ബിജെപി തയാറായിരുന്നില്ല. ഒബിസി വോട്ടുകള്‍ കൂടെനിര്‍ത്താനായിരുന്നു ബിജെപി ശ്രമം. എന്നാല്‍, ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഉള്‍പ്പെടെ ഈ നീക്കം ബിജെപിക്ക് തിരച്ചടിയായിരുന്നു. യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 37 സീറ്റ് നേടി സമാജ്‌വാദി പാര്‍ട്ടി വന്‍ മുന്നേറ്റം സാധ്യമാക്കിയപ്പോള്‍, ബിജെപി 33 സീറ്റിലൊതുങ്ങി. ആറ് സീറ്റ് നേടി കോണ്‍ഗ്രസും നില മെച്ചപ്പെടുത്തി. ഹരിയാനയിലും ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരുന്നു. 2019-ല്‍ പത്തില്‍ പത്തും നേടിയ ബിജെപിക്ക് ഇത്തവണ അഞ്ച് സീറ്റ് മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് അഞ്ചു സീറ്റിലും വിജയിച്ചു.

ഏതു നിമിഷവും വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് നിലവില്‍ ഹരിയാന. 2023 ജൂലൈയില്‍ നൂഹ് ജില്ലയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും ഹരിയാന മോചിതമായിട്ടില്ല

തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ഹരിയാനയില്‍ ബിജെപി മുഖ്യമന്ത്രിയെ മാറ്റിയിരുന്നു. കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമായി അടിച്ചമര്‍ത്തിയ മനോഹര്‍ ലാല്‍ ഘട്ടാറിനെ മാറ്റി നയാബ് സിങ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കി. സഖ്യകക്ഷിയായ ജെജെപിയെ പിളര്‍ത്തി അഞ്ച് എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്തിയ ബിജെപി സഭയില്‍ ഭൂരിരക്ഷം തെളിയിച്ചു. പിന്നാലെ, ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ഒബിസിക്കാരെ കൂടെനിര്‍ത്താന്‍ വര്‍ഗീയ പ്രചാരണവുമായി അമിത് ഷാ രംഗത്തിറങ്ങിയിരിക്കുന്നത്.

കർഷക സമരത്തിൽ നിന്ന്

കര്‍ഷക രോഷം, വര്‍ഗീയ കലാപം, സംഘർഷ ഭരിതം ഹരിയാന

കര്‍ഷക സമരവും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ ലൈംഗിക പീഡന ആരോപണങ്ങളും ഹരിയാനയിലെ പ്രബല വോട്ട് ബാങ്കായ ജാട്ട് സമുദായത്തെ ബിജെപിയില്‍ നിന്നകറ്റിയിട്ടുണ്ട്. ഇത് അടുത്ത നിയമഭ തിരഞ്ഞെടുപ്പില്‍ തിരച്ചടിയാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ട്. മനോഹര്‍ ലാല്‍ ഘട്ടാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതില്‍ ബിജെപിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. കര്‍ണാലില്‍ നിന്ന് ജയിച്ച് ലോക്‌സഭയിലെത്തിയ ഘട്ടാറിന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കി വിമത നീക്കങ്ങള്‍ക്ക് തടയിടാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായി വിജയിച്ചിട്ടില്ല.

ജാട്ട് വിഭാഗം അകലുന്നത് മറികടക്കനാണ് സെയ്‌നി വിഭാഗത്തില്‍ നിന്നുള്ള നായബ് സിങ് സെയ്‌നിയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്. എട്ട് ശതമാനമാണ് ഹരിയാനയില്‍ സെയ്‌നി വിഭാഗമുള്ളത്. എന്നാല്‍, ഈ നീക്കവും പാളി. നിലവിലെ മുഖ്യമന്ത്രി സെയ്‌നിക്ക് ഇതുവരേയും ജനങ്ങള്‍ക്കിടയില്‍ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് ബിജെപിയില്‍ തന്നെ വിലയിരുത്തലുണ്ട്.

നൂഹ് കലാപത്തിൽ നിന്നുള്ള ദൃശ്യം

ഏതു നിമിഷവും വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് നിലവില്‍ ഹരിയാന. 2023 ജൂലൈയില്‍ നൂഹ് ജില്ലയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും ഹരിയാന മോചിതമായിട്ടില്ല. വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ബ്രജ്മണ്ഡല്‍ യാത്രക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളും അതിനുപിന്നാലെ നടന്ന വര്‍ഗീയ കലാപവും ഏഴു പേരുടെ ജീവനാണ് എടുത്തത്. ഇരുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ മോനു മനേസറും സംഘവും ഘോഷയാത്രയില്‍ പങ്കാളികളായതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. ഘോഷയാത്രയുടെ ഭാഗമായി വിഎച്ച്പി പ്രവര്‍ത്തകന്‍ സമൂഹമാധ്യമത്തില്‍ എതിര്‍സമുദായത്തെ വെല്ലുവിളിക്കുന്നതും പ്രകോപനപരവുമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന് വഴിയൊരുക്കി.

ഗുരുഗ്രാമിലെ സിവില്‍ ലൈനില്‍ നിന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഗാര്‍ഗി കക്കര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ഘോഷയാത്ര നൂഹിലെ ഖേദ്ല മോഡിന് സമീപം ഒരു സംഘം ആളുകള്‍ തടയുകയായിരുന്നു. ഇതിന് പിന്നാലെ കൊലപാതകവും കല്ലേറും തീവയ്പ്പും ഉള്‍പ്പെടെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷ ഭരിതമായി തുടരുന്ന ഹരിയാനയിലെ രാഷ്ട്രീയ ഭൂമികയില്‍ വെറുപ്പിന്റെ വിത്തുകള്‍ ഒന്നുകൂടി പാകാന്‍ ശ്രമിക്കുകയാണ് അമിത് ഷാ. ഈ നീക്കം ഹരിയാനയെ വീണ്ടും സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടുമോയെന്ന് കാത്തിരുന്നു കാണണം.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ