INDIA

പ്രജ്വലിന്റെ ലൈംഗിക വീഡിയോ പ്രചരിപ്പിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റില്‍

പ്രജ്വലിനെതിരായ ലൈംഗികാതിക്രമ ആരോപണത്തെക്കുറിച്ച് ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയത് ദേവരാജെ ആയിരുന്നു

വെബ് ഡെസ്ക്

ജെഡിഎസ് നേതാവും ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപിച്ച ദേവരാജെ ഗൗഡയെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്ര ദൃശ്യങ്ങള്‍ പ്രജ്വലിന്റെ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഡി ദേവരാജെയെ ഏല്‍പ്പിക്കുകയായിരുന്നു.

ദേവരാജെ ഗൗഡയില്‍നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഐ ടി നിയമപ്രകാരം എടുത്ത കേസിലാണ് ദേവരാജെ ഗൗഡയുടെ അറസ്റ്റ്. പ്രജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണത്തെക്കുറിച്ച് ബിജെപി നേതൃത്വത്തിനു പരാതി നല്‍കിയത് ദേവരാജെ ആയിരുന്നു. ബിജെപി നേതൃത്വം ഇത് അവഗണിച്ചായിരുന്നു ജെഡിഎസുമായി സഖ്യമുണ്ടാക്കിയതും പ്രജ്വലിനെ ഹാസനില്‍ പിന്തുണച്ചതും.

അതേസമയം, പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലൈംഗികാതിക്രമ കേസുകള്‍ നല്‍കാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ദേശീയ വനിതാ കമ്മിഷന്‍ രംഗത്തെത്തി. പോലീസുകാരെന്ന വ്യാജേനയെത്തി പരാതി നല്‍കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വനിതാ കമ്മിഷന്‍ ആരോപിക്കുന്നത്.

കര്‍ണാടക പോലീസെന്ന പേരില്‍ തന്നെ സമീപിച്ച മൂന്ന് പേര്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരു സ്ത്രീ ദേശീയ വനിതാ കമ്മിഷനെ സമീപിച്ചതായാണ് വെളിപ്പെടുത്തല്‍. പ്രതികള്‍ക്കെതിരെ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത നമ്പറുകളില്‍നിന്ന് നിരവധി കോളുകള്‍ വന്നതായും അവര്‍ പരാതിപ്പെട്ടു. സ്ത്രീയെ ഒരു കൂട്ടം വ്യക്തികള്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് വ്യക്തമായിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ പറഞ്ഞു. പരാതി നല്‍കിയ സ്ത്രീക്കു സംരക്ഷണം നല്‍കാന്‍ കമ്മിഷന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കി.

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ എഴുന്നൂറോളം സ്ത്രീകള്‍ തങ്ങൾക്ക് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ വനിതാ കമ്മിഷന്‍ നിഷേധിച്ചു. പ്രജ്വല്‍ രേവണ്ണ കേസുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ വനിതാ കമ്മിഷന് പരാതികളൊന്നും നല്‍കിയിട്ടില്ല. ചില ചാനലുകള്‍ ഇങ്ങനെ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതായും കമ്മിഷന്‍ എക്സില്‍ കുറിച്ചു.

അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമെ, പ്രജ്വല്‍ ജര്‍മനിയില്‍നിന്ന് ഇന്ത്യയിലെത്തി കീഴടങ്ങുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം ജര്‍മനിയിലേക്ക് പോകാന്‍ പദ്ധതിയിട്ടെങ്കിലും തുടര്‍നടപടിയുണ്ടായില്ല. പ്രജ്വലിനെ കണ്ടെത്താൻ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിച്ചിരുന്നു.

പ്രജ്വലിന്റെ പീഡനത്തിന് ഇരയായ യുവതിയെ പിതാവ് എച്ച്ഡി രേവണ്ണ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ നാല് പേരെ കൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. രേവണ്ണയുടെ അടുത്ത അനുയായി സതീഷ് ബാബണ്ണ നേരത്തെ അറസ്റ്റിലായിരുന്നു. പാരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലുള്ള രേവണ്ണയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി 13നു പരിഗണിക്കാനായി മാറ്റി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം