2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണിയുമായി ബിജെപി. മുന്‍ മന്ത്രിമാരായ മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വം വിവിധ സംസ്ഥാനങ്ങളുടെ ചുമതല നല്‍കി. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്ന മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങളില്‍ തന്ത്രപരമായ നീക്കങ്ങളാകും പാര്‍ട്ടി സ്വീകരിക്കുക.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി പഞ്ചാബിന്റേയും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിന്റേയും ചുമതല വഹിക്കും. ആം ആദ്മി സര്‍ക്കാര്‍ ഭരിക്കുന്ന പഞ്ചാബ് ബിജെപി ലക്ഷ്യമിടുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപിക്കായിരുന്നില്ല. ഇത് മറികടക്കാനുള്ള തന്ത്രങ്ങളാണ് പഞ്ചാബില്‍ മെനയുന്നത്. കര്‍ഷക ബില്ലിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി ശിരോമണി അകാലി ദള്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചതും പഞ്ചാബില്‍ തിരിച്ചടിയായിരുന്നു.
ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനാണ് ഹരിയാനയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഹരിയാനയില്‍ പാര്‍ട്ടി അധികാരത്തിലുണ്ടെങ്കിലും, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനാകുമോ എന്ന ആശങ്ക നിലവിലുണ്ട് . ഇത് മറികടന്ന് വിജയം ഉറപ്പാക്കുക എന്നതാണ് ബിപ്ലബ് കുമാര്‍ ദേബിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
നാളുകളായി ചുവടുറപ്പിക്കാന്‍ ബിജെപി കിണഞ്ഞ് പരിശ്രമിക്കുന്ന കേരളത്തിന്റെ ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ്. പാര്‍ട്ടി അധികാരത്തിലുണ്ടെങ്കിലും ഉടനെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ മഹേഷ് ശര്‍മ പാര്‍ട്ടിയെ നയിക്കും. ത്രിപുരയിലും തൃണമൂല്‍ കോണ്‍ഗ്രസ് വെല്ലുവിളി ഉയര്‍ത്തുമോ എന്ന് ബിജെപി ഭയക്കുന്നുണ്ട്.
പശ്ചിമ ബംഗാളില്‍ ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളവ്യയും ബിഹാറില്‍ നിന്നുള്ള നേതാവ് മംഗള്‍ പാണ്ഡെയുമാകും പാര്‍ട്ടിയെ നയിക്കുക. മമതാ ബാനര്‍ജി എന്‍ഡിഎ സര്‍ക്കാറിനെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാക്കാന്‍ നേതൃത്വം നല്‍കുന്നതിനാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സങ്കീര്‍ണമാണ്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയ്ക്ക് ബിഹാറിന്റെ ചുമതല നല്‍കി. ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയാമായുള്ള സഖ്യം അവസാനിപ്പിച്ച് തേജസ്വി യാദവിന്റെ ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും കൈ കോര്‍ത്ത സാഹചര്യത്തില്‍ പാര്‍ട്ടി പ്രതിസന്ധിയിലാണ്. അതോടൊപ്പം പ്രതിപക്ഷ സഖ്യം വികസിപ്പിക്കാന്‍ നിതീഷ് കുമാര്‍ വിവിധ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
ജാര്‍ഖണ്ഡില്‍ ലക്ഷ്മികാന്ത് വാജ്‌പേയ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ബിജെപി തങ്ങളുടെ എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ ഉയര്‍ത്തുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈയായ ഓം മാതുറില്‍ കേന്ദ്ര നേതൃത്വത്തിന്റെ വിശ്വാസം വലുതാണ്. ഈയിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മാതുര്‍ ചത്തീസ്ഗഢിന്റെ ചുമതലയും വഹിക്കും. കോണ്‍ഗ്രസ് ഭരണത്തിലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് ചത്തീസ്ഗഢ്.
ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ പാര്‍ട്ടി മുഖമായി മാറിയ സാംപീത് പാത്ര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കും.