INDIA

ഈശ്വരപ്പയെ തഴഞ്ഞതിൽ പ്രതിഷേധം; ശിവമോഗ ബിജെപിയിൽ കൂട്ടരാജി

ജില്ലാ അധ്യക്ഷനും കോർപറേഷൻ മേയറും ഉൾപ്പെടെ നിരവധിപേർ രാജിവച്ചു

ദ ഫോർത്ത് - ബെംഗളൂരു

മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പയെ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കർണാടക ശിവമോഗ ബിജെപിയിൽ കൂട്ട രാജി. ഈശ്വരപ്പ അനുയായികളായ ജില്ലാ അധ്യക്ഷൻ, സിറ്റി മുൻസിപ്പൽ കോർപറേഷൻ മേയർ, ഡെപ്യുട്ടി മേയർ എന്നിവരുള്‍പ്പെടെ 19 പേരാണ് പാർട്ടി അംഗത്വം രാജിവച്ചത്.

ശിവമോഗ ടിക്കറ്റിന് എന്തുകൊണ്ടും യോഗ്യനായ നേതാവിനെയാണ് നേതൃത്വം തഴഞ്ഞതെന്നും മകൻ കെ ഇ കാന്തേഷിനെങ്കിലും അവസരം നൽകാമായിരുന്നെന്നും രാജിവച്ചവർ പറയുന്നു. ബിജെപി സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് രാജിയെന്നും ഈശ്വരപ്പ അനുയായികൾ വ്യക്തമാക്കി.

ശിവമോഗയിൽ ടിക്കറ്റില്ലെന്ന് ദേശീയ നേതൃത്വം അറിയിച്ചതിന് പിന്നാലെയായിരുന്നു ഈശ്വരപ്പ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി കെ എസ് ഈശ്വരപ്പ ഇന്നലെയായിരുന്നു പ്രഖ്യാപിച്ചത്. ബിജെപിയുടെ ഭൂരിപക്ഷ സർക്കാരിനെ അധികാരത്തിലേറ്റാൻ ഇനിയുള്ള കാലം പ്രവർത്തിക്കുമെന്ന് അറിയിച്ചായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ശിവമോഗയിൽ ടിക്കറ്റില്ലെന്ന് ദേശീയ നേതൃത്വം അറിയിച്ചതിന് പിന്നാലെയായിരുന്നു ഈശ്വരപ്പ മാധ്യമങ്ങളെ കണ്ട് നയം വ്യക്തമാക്കിയത് .

എന്നാൽ, ഈശ്വരപ്പ അനുകൂലികൾ ദേശീയ നേതൃത്വത്തിനെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിൽ സംഘടിക്കുകയായിരുന്നു. 75 വയസുള്ള ഈശ്വരപ്പയെ പ്രായപരിധി മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് മത്സരത്തിൽനിന്ന് മാറ്റിനിർത്തുന്നത്. എന്നാൽ മകന് സീറ്റ് നിഷേധിച്ചത് എന്ത് കാരണത്താൽ ആണെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

കർണാടക സർക്കാരിനെതിരെ പ്രതിപക്ഷം നയിക്കുന്ന അഴിമതിവിരുദ്ധ പ്രചാരണത്തിന് കാരണക്കാരനാണ് കെ എസ് ഈശ്വരപ്പ. അദ്ദേഹം മന്ത്രിയായിരുന്ന സമയത്തായിരുന്നു സർക്കാർ പദ്ധതികളുടെ ടെണ്ടർ ലഭിക്കാൻ 40 ശതമാനം കമ്മീഷൻ ചോദിച്ചെന്ന ആരോപണം പൊതുമരാമത്ത് കോൺട്രാക്ടർമാർ ഉന്നയിച്ചത്. ഒരു കരാറുകാരന്റെ ആത്മഹത്യയെത്തുടർന്ന് ഈശ്വരപ്പയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവരികയായിരുന്നു. യെദ്യൂരപ്പയെ പോലെ ആർഎസ്എസിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കമിട്ട ഈശ്വരപ്പ ശിവമോഗയെ കാവി കോട്ടയാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ