ത്രിപുരയില്‍ തിപ്രാമോത പാര്‍ട്ടിയെ കൂടെ നിര്‍ത്താന്‍ നീക്കങ്ങളുമായി ബിജെപി. മണിക് സാഹ സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം ബിജെപി നേതാക്കളും പ്രദ്യോത് ദേബ്ബര്‍മയും കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനമാകാതെ വഴിമുട്ടിയ ചര്‍ച്ചകളാണ് തിരഞ്ഞെടുപ്പിന് ശേഷം പുനരാരംഭിച്ചത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി നീക്കമെന്നാണ് വിലയിരുത്തല്‍. ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതെന്ന് ബിജെപിയും തിപ്രാമോതയും പ്രതികരിച്ചു.
ഗോത്ര വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഭരണഘടനാ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ കേന്ദ്രം ആരംഭിച്ചതായി യോഗ ശേഷം പ്രദ്യോത് ദേബ്ബര്‍മ പറഞ്ഞു. ഇതിനായി മധ്യസ്ഥനെ ചുമതലപ്പെടുത്തുമെന്നും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും പ്രദ്യോത് ദേബ്ബര്‍മ പ്രതികരിച്ചു. അഗര്‍ത്തലയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ, ബിജെപിയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ കോ- ഓര്‍ഡിനേറ്റര്‍ സാംബിത് പത്ര എന്നിവര്‍ പങ്കെടുത്തു.
ഗോത്ര വിഭാഗക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തിപ്രാമോത അധ്യക്ഷനുമായി ചര്‍ച്ച നടത്തിയെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും സാംബിത് പാത്ര വ്യക്തമാക്കി. തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയെ വിഭജിക്കില്ലെന്നും എന്നാല്‍ ഗോത്ര വിഭാഗങ്ങളുടെ പ്രശ്‌ന പരിഹരിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞു. ഇതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തിപ്രാമോത ത്രിപുര സര്‍ക്കാരിന്‌റെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ഗോത്രവിഭാഗത്തിന്‌റെ പ്രശ്‌ന പരിഹാരത്തിന് ഉചിതമായ നടപടി ഉണ്ടാകും വരെ സര്‍ക്കാരിന്‌റെ ഭാഗമാകില്ലെന്ന് തിപ്രാമോതയും അറിയിച്ചിട്ടുണ്ട്. 13 സീറ്റുമായി ത്രിപുര നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് തിപ്രാമോത. പ്രതിപക്ഷത്തിരിക്കുമെന്നും എന്നാല്‍ സിപിഎമ്മിനും കോണ്‍ഗ്രസിനുമൊപ്പം നില്‍ക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കുന്നു.
ത്രിപുരയില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരത്തിലേറാനായെങ്കിലും കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കാൻ ബിജെപി സഖ്യത്തിനായില്ല. വോട്ട് ഷെയറിലും സീറ്റുകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ത്രിപ്രാമോതയുടെ സ്വാധീനത്താല്‍ ഗോത്രമേഖലയില്‍ സഖ്യത്തിന് വലിയ നഷ്ടമാണ് ഇത്തവണയുണ്ടായത്. ഇടത്- സിപിഎം സഖ്യം 14 ഇടത്ത് ജയിച്ചപ്പോള്‍ 13 സീറ്റുമായി തിപ്രാമോത മുഖ്യ പ്രതിപക്ഷമായി. ഇടത്- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ത്രിപ്രാമോതയും ചേര്‍ന്നിരുന്നെങ്കിൽ ബിജെപിക്ക് തിരിച്ചടിയായേനെ എന്നാണ് വോട്ട് കണക്ക് വ്യക്തമാക്കുന്നത്. തിപ്രാമോത എതിര്‍ ചേരിയില്‍ എത്തുന്നത് പ്രതിസന്ധിയാകുമെന്ന തിരിച്ചറിവ് കൂടിയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ സീറ്റുകളില്‍ ഒന്ന് ഗോത്രവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തതാണ്. ഈ വസ്തുതയും ബിജെപിയുടെ നീക്കങ്ങള്‍ക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.
ത്രിപുര പ്രദേശ് കോണ്‍ഗ്രസിന്‌റെ അധ്യക്ഷനായിരുന്ന പ്രദ്യോത് ബിക്രം മാണിക്യ ദേബ്ബര്‍മ, 2019 ലാണ് രാജിവച്ച് പുതിയ സംഘടന രൂപീകരിക്കുന്നത്. 2021 ല്‍ അത് രാഷ്ട്രീയ പാര്‍ട്ടിയായി മാറി. ഇന്‍ഡീജിനസ് നാഷണല്‍ പാര്‍ട്ടി ഓഫ് ത്വിപ്ര, തിപ്രാലാന്‍ഡ് സ്റ്റേറ്റ് പാര്‍ട്ടി, ഐപിഎഫ്ടി (ത്രിപ്രാ) എന്നിവ സംയോജിച്ചാണ്, തിപ്രാ ഇന്‍ഡിജിനസ് പ്രോഗ്രസീവ് റീജണല്‍ അലയന്‍സ് എന്ന തിപ്രാമോത പാര്‍ട്ടി രൂപീകരിക്കുന്നത്. ഗ്രേറ്റര്‍ ത്രിപ്രാ ലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാന രൂപീകരണമായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍ ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനമെന്ന ഈ ആവശ്യം തിപ്രാമോത പിന്നീട് മയപ്പെടുത്തി. ഗോത്ര വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഭരണഘടനാപരമായ പരിഹാരം ഉറപ്പാക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. പ്രത്യേക സംസ്ഥാനമെന്ന ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്ത ബിജെപിക്ക് , തിപ്രാമോതയുടെ മാറ്റം ആശ്വാസകരമാണ്.