രാജസ്ഥാനിൽ അധികാരം പിടിച്ച ബിജെപിക്ക് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. കരണ്‍പൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മന്ത്രി സുരേന്ദർപാല്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാർഥി രുപീന്ദർ സിങ് കൂനറിനോട് പരാജയപ്പെട്ടു. 11,284 വോട്ടിനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വിജയം.
കരണ്‍പൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥി ഗുർമീത് സിങ് കൂനെറിന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്. ഗുർമീതിന്റെ മകനാണ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രുപീന്ദർ സിങ്.
മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രൂപീന്ദർ സിങ്ങിനെ പ്രസ്താവനയിലൂടെ അഭിനന്ദിച്ചു. "ശ്രീകരണ്‍പൂരിലെ ജനങ്ങള്‍ ബിജെപിയുടെ അഭിമാനത്തെ പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥിയെ മന്ത്രിയാക്കി പെരുമാറ്റച്ചട്ടം ലംഘിച്ച ബിജെപിയെ പൊതുജനം ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു," ഗെലോട്ട് കുറിച്ചു.
ശ്രീകരണ്‍പൂർ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥിയായിരിക്കെയാണ് ഭജന്‍ലാല്‍ സർക്കാർ മന്ത്രിസഭ വിപുലീകരിച്ചപ്പോള്‍ സുരേന്ദർപാലിനെ മന്ത്രിയായി നിയമിച്ചത്. ഇതിന് പിന്നാലെ പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് എതിർപ്പ് ഉന്നയിച്ചിരുന്നു.
നവംബർ 25നായിരുന്നു സംസ്ഥാന നിയമസഭയിലേക്കുള്ള തിരിഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ 199 സീറ്റുകളില്‍ 115ഉം വിജയിച്ചായിരുന്നു ബിജെപി അധികാരത്തിലേറിയത്. കോണ്‍ഗ്രസ് 69 സീറ്റിലേക്ക് ഒതുങ്ങി.