ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തേസില്‍ സുപ്രീംകോടതി ജയില്‍ മോചിതരാക്കിയ കൂറ്റവാഴികഴുടെ സംസ്‌കാരത്തെ പുകഴ്ത്തി ബിജെപി നേതാവ്. ഗോധ്ര എംഎല്‍എ കൂടിയായ സി കെ റൗള്‍ജിയാണ് ജയില്‍ മോചിതരായ കുറ്റവാളികള്‍ ബ്രാഹ്‌മണരും നല്ല സംസ്‌കാരം പുലര്‍ത്തുന്നവരുമെന്ന് വിശേഷിപ്പിച്ചത്. ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന പതിനൊന്ന് പ്രതികളെ മോചിപ്പിക്കുന്നതിനായി സാഹചര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച സമിതി അംഗം കൂടിയായിരുന്നു ഗോധ്ര എംഎല്‍എ സി കെ റൗള്‍ജി. ഓഗസ്റ്റ് 15നാണ് ബിൽക്കിസ് ബാനു കേസിലെ പതിനൊന്ന് പ്രതികൾ ഗോധ്ര സബ് ജയിലിൽനിന്ന് മോചിതരായത്.
ശിക്ഷിക്കപ്പെട്ടരുടെ ജയിലിലെ അവരുടെ പെരുമാറ്റങ്ങള്‍ വിലയിരുത്തിയാണ് മോചനം സംബന്ധിച്ച തീരുമാനം എടുത്തത് എന്നും മോജോ സ്റ്റോറി ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ സി കെ റൗള്‍ജി പറയുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ വിഷയം സമിതി പരിശോധിച്ചത്. 'പ്രതികളില്‍ ഏതാനും ചിലര്‍ ബ്രാഹ്‌മണന്മാരാണ്, അവര്‍ നല്ല സംസ്‌കാരം പുലര്‍ത്തുന്നവരാണ്' റൗള്‍ജി പറഞ്ഞു.
കലാപം നടക്കുമ്പോള്‍ അതില്‍ പങ്കില്ലാത്തവരുടെയും പേരുകള്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടാനുള്ള സാധ്യത ഉണ്ട്. അവരുടെ കുടുംബത്തിന്റെ പൂര്‍വകാല പ്രവര്‍ത്തികളുടെ പശ്ചാത്തലത്തില്‍ ആകും ഇവര്‍ കേസില്‍ ഉള്‍പെട്ടിട്ടുണ്ടാവുക. സി കെ റൗള്‍ജി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജയില്‍ മോചിതരായവവര്‍ക്ക് സ്വീകരണം നല്‍കിയ സംഭവത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തങ്ങള്‍ അത്തരം നടപടി സ്വീകരിച്ചിട്ടില്ലെന്നായിരുന്നു റൗള്‍ജി നല്‍കിയ മറുപടി.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ 19 കാരി ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഇവരുടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളാണ് ജയില്‍ മോചിതരായത്. 2008 ജനുവരി 21നാണ് മുംബൈയിലെ സിബിഐ കോടതി ബിൽക്കിസ് ബാനു കേസിലെ പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം വിധിച്ചത്. ഇതിനെതിരെ പ്രതികൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിബിഐ കോടതിയുടെ വിധിയെ ശരിവക്കുകയായിരുന്നു.
പതിനഞ്ച് വർഷം ജയിലിൽ പൂർത്തിയാക്കിയതിന് പിന്നാലെ പ്രതികളിൽ ഒരാൾ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോചനത്തിന് വഴി തുറന്നത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി തീരുമാനം ഗുജറാത്ത് സർക്കാരിന് വിട്ടു. ഇതേ തുടർന്ന് സംസ്ഥാനത്തിന്റെ 1992ലെ വിടുതൽ നയ പ്രകാരം പ്രതികളെ ജയിൽ മോചിതരാക്കുകയായിരുന്നു.