INDIA

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവി; പുതുച്ചേരി സർക്കാരിൽ ഭിന്നത, മുഖ്യമന്ത്രിക്കെതിരെ ബിജെപി എംഎല്‍എമാർ

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പുതുച്ചേരി സർക്കാരിൽ പ്രതിസന്ധി രൂക്ഷം. പുതുച്ചേരിയിലെ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് - ബിജെപി സർക്കാരിലാണ് ഭിന്നത. എൻ ആർ കോൺഗ്രസിന്റെ മുഖ്യമന്ത്രി എൻ രംഗസ്വാമിക്കെതിരെ ബിജെപി എംഎൽഎമാർ രംഗത്തെത്തി.

മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് ബിജെപി എംഎൽഎമാരുടെ ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം രംഗസ്വാമിയുടെ ദുർഭരണമെന്ന് ബിജെപി എംഎൽഎ കല്യാണ സുന്ദരവും അഭിപ്രായപ്പെട്ടു.

അതേസമയം, സർക്കാരിൽ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് എംഎൽഎമാർ ബിജെപി ദേശീയ നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. രംഗസ്വാമി നേതൃത്വം വഹിക്കുന്ന സര്‍ക്കാരിന്റെ ദുര്‍ഭരണവും ആഭ്യന്തര മന്ത്രിയായ ബിജെപിയുടെ നമശിവായത്തിന്റെ മോശം തിരഞ്ഞെടുപ്പ് തന്ത്രവുമാണ് തോല്‍വിക്ക് കാരണമെന്നാണ് ബിജെപി എംഎല്‍എമാരുടെ അഭിപ്രായം.

അതുകൊണ്ട് നമശിവായത്തെ മാറ്റി ബിജെപിയില്‍ നിന്ന് തന്നെ ഒരു മന്ത്രിയെ കൊണ്ടുവരണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി സഖ്യസര്‍ക്കാരില്‍ നിന്നും പിന്മാറി പുറത്ത് നിന്നും പിന്തുണ നല്‍കുന്നതാണ് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് നല്ലതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം, പുതുച്ചേരി ബിജെപി പ്രസിഡന്റും രാജ്യസഭാ എംപിയുമായ എസ് സെല്‍വഗണപതി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അനുമതി തേടിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നമശിവായത്തിന്റെ തോല്‍വിയെ തുടര്‍ന്ന് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍, തോല്‍വിക്ക് കാരണം സെല്‍വഗണപതിയാണെന്ന് മുന്‍ ബിജെപി പ്രസിഡന്റ് വി സാമിനാഥന്‍ ആരോപിച്ചു.

10 ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് എംഎൽഎമാരും ആറ് ബിജെപി എംഎൽഎമാരും ആറ് സ്വതന്ത്രരും ചേർന്നതാണ് 22 അംഗ പുതുച്ചേരി മന്ത്രിസഭ. ബിജെപി അംഗങ്ങളും സ്വതന്ത്രരും പിന്തുണ പിൻവലിച്ചാൽ സർക്കാർ ന്യൂനപക്ഷമാകും. 30 അംഗ നിയമസഭയിൽ 16 ആണ് കേവല ഭൂരിപക്ഷം. ഡിഎംകെ(6)യും കോണ്‍ഗ്രസും(2) ചേർന്ന ഇന്ത്യ മുന്നണിക്ക് 8 സീറ്റുകളാണ് പുതുച്ചേരിയിലുള്ളത്.

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?