INDIA

ഭീകരവാദി, കൂട്ടിക്കൊടുപ്പുകാരന്‍; ബിഎസ്പി എംപിക്കെതിരേ ലോക്സഭയില്‍ വിവാദ പരാമര്‍ശവുമായി ബിജെപി എംപി

ബഹുജന്‍ സമാജ് പാര്‍ട്ടി എംപിയായ ഡാനിഷ് അലിക്കെതിരെയാണ് ബിധുരി പാര്‍ലമെന്റില്‍ വെച്ച് അപകീര്‍ത്തി പരാമര്‍ശം നടത്തിയത്.

വെബ് ഡെസ്ക്

ലോക്‌സഭയില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തി ബിജെപി എംപി രമേശ് ബിധുരി. ബഹുജന്‍ സമാജ് പാര്‍ട്ടി എംപിയായ ഡാനിഷ് അലിക്കെതിരെയാണ് ബിധുരി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വെച്ച് അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. ബിധുരിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ലോക്‌സഭയില്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായുണ്ടായ ചര്‍ച്ചയ്ക്കിടയിലാണ് സംഭവം. ബിധുരി ഡാനിഷ് അലിയെ പരിഹസിക്കുമ്പോള്‍ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ ഹര്‍ഷ് വര്‍ധന്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ബിധുരിയോട് പരാമര്‍ശത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്കുകള്‍ ശ്രദ്ധിക്കണമെന്നും ബിധുരിയോട് ഓം ബിര്‍ള നിര്‍ദേശിച്ചിട്ടുണ്ട്.

''ഈ മുല്ലയെ പുറത്താക്കൂ, ഈ മുല്ല തീവ്രവാദിയാണ്'' എന്നാണ് സഭാ നടപടികള്‍ക്കിടെ ബിധുരി ആക്രോശിച്ചത്. കൂടാതെ ഡാനിഷ് അലിയെ കൂട്ടിക്കൊടുപ്പുകാരന്‍ എന്നും സുന്നത്ത് ചെയ്തവന്‍ എന്നും വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. അതേസമയം ബിധുരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. എംപിയോട് സീറ്റില്‍ ഇരിക്കാന്‍ ചെയറിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. ബിധുരിയുടെ പരാമര്‍ശങ്ങള്‍ സഭാ റെക്കോര്‍ഡില്‍ നിന്ന് ഒഴിവാക്കിയെന്ന് ഉറപ്പാക്കാന്‍ അധികാരികളോട് പറഞ്ഞിട്ടുണ്ടെന്നും പിന്നീട് സുരേഷ് അറിയിച്ചു.

പാര്‍ലമെന്റിലെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ഖേദ പ്രകടനം നടത്തി. താന്‍ ഈ പരാമര്‍ശം കേട്ടില്ലെന്നും പാര്‍ലമെന്റ് അംഗം നടത്തിയ പരാമര്‍ശം പ്രതിപക്ഷത്തെ വേദനിപ്പിച്ചെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിധുരിക്കെതിരെ ബിജെപി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം കണ്ണില്‍ പൊടിയിടുന്നതാണെന്നും പകുതി മനസോടെയുള്ളതാണെന്നും അതുകൊണ്ട് അത് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പാര്‍ലമെന്റിനെ മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാരെയും അപമാനിക്കുന്ന തരത്തിലുള്ള ഭാഷയിലാണ് ബിധുരി സംസാരിച്ചതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

വീഡിയോ പങ്കുവെച്ച് കൊണ്ട് ഓം ബിര്‍ളയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയോടും എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും എക്സിലൂടെ ചോദിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇന്ത്യ ടുഡേയോട് പ്രതികരിച്ച ബിധുരി ധിക്കാരം തുടരുകയും പാര്‍ലമെന്റില്‍ സംഭവിച്ചതിനെ കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും അറിയിക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ