INDIA

എരിതീയില്‍ എണ്ണയൊഴിച്ച് ആര്‍എസ്എസ്; മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി പോര് കടുക്കുന്നു

വെബ് ഡെസ്ക്

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ തമ്മില്‍ ആരംഭിച്ച പോര് രൂക്ഷമാകുന്നു. എന്‍സിപിയും ബിജെപിയും തമ്മിലുളള പോരിലേക്ക് ആര്‍എസ്എസ് കൂടി പ്രവേശിച്ചതോടെ, വിഷയം കൂടുതല്‍ രൂക്ഷമായി.

എന്‍സിപി അജിത് പവാര്‍ പക്ഷത്തെ കടന്നാക്രമിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരണം ഓര്‍ഗനൈസറില്‍ ലേഖനം വന്നിരുന്നു. എന്‍സിപിയുമായുള്ള സഖ്യനീക്കത്തെ അനാവശ്യ രാഷ്ട്രീയം എന്നാണ് ഓര്‍ഗനൈസര്‍ വിമര്‍ശിച്ചത്. അജിത് പവാറിന്റെ എന്‍സിപിയെ എന്‍ഡിഎയിലേക്ക് ചേര്‍ത്തത് ബിജെപിയുടെ ബ്രാന്‍ഡ് മൂല്യം തകര്‍ത്തെന്ന് ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തില്‍ ആര്‍എസ്എസ് നേതാവ് രത്തന്‍ ഷാര്‍ദ ആരോപിച്ചിരുന്നു. വിമര്‍ശനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണന്ന് പറഞ്ഞ് ബിജെപി വിഷയം ലഘൂകരിക്കാന്‍ നോക്കിയെങ്കിലും എന്‍സിപി നേതാക്കള്‍ പ്രകോപിതരായി.

മഹാരാഷ്ട്രയില്‍ എന്‍സിപിയെ കുറ്റം പറയുന്ന ആര്‍എസ്എസ്, യുപിയില്‍ എന്തുകൊണ്ട് സീറ്റ് കുറഞ്ഞു എന്നതിനെപ്പറ്റി ആലോചിച്ചോ എന്നായിരുന്നു എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍ ചോദിച്ചത്.''ഒരു പരിധിവരെ ലേഖനം സത്യമായിരിക്കാം. മുന്‍ മുഖ്യമന്ത്രി അശോക് ചവാനെപ്പോലുള്ള കോണ്‍ഗ്രസില്‍നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയതിനെയും ചിലര്‍ ബിജെപിയെ വിമര്‍ശിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റയെപ്പോലും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന ഉള്‍പ്പെടുത്തി രാജ്യസഭാംഗമാക്കി. എന്നാല്‍ ബിജെപിക്ക് സീറ്റ് കുറഞ്ഞ ഉത്തര്‍പ്രദേശിലെ ഫലത്തെക്കുറിച്ച് ആരാണ് സംസാരിക്കുക? അവര്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെട്ട മറ്റ് സംസ്ഥാനങ്ങളുടെ കാര്യമോ?'' അദ്ദേഹം ചോദിച്ചു.

അതേസമയം, സംയമനം പാലിച്ചുള്ള പ്രതികരണമാണ് അജിത് പവാര്‍ പക്ഷത്തിലെ പ്രമുഖ നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഭാഗത്തുനിന്നുണ്ടായത്. ഒരു വാരികയില്‍ വന്ന ലേഖനം ബിജെപിയുടെ നിലപാട് പ്രതിഫലിക്കുന്നതല്ലെന്നായിരുന്നു പ്രഫുല്‍ പട്ടേലിന്റെ പ്രതികരണം. ആ പ്രതികരണത്തെ ബിജെപിയുടെ നിലപാടായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് എന്‍സിപിയുടെ യുജവനവിഭാഗം നേതാവ് സൂരജ് ചവാന്‍ രംഗത്തെത്തിയത്. ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അതിന്റെ ക്രെഡിറ്റ് ആര്‍എസ്എസിനും പരാജയത്തിന്റെ ഉത്തരവാദിത്തം എന്‍സിപിക്കും ആണോ എന്നായിരുന്നു സൂരജ് ചവാന്റെ ചോദ്യം.

സൂരജ് ചവാന്റെ വാക്കുകള്‍ ബിജെപിയെ പ്രകോപിപ്പിച്ചു. സൂരജ് ചവാന്‍ ആര്‍എസ്എസിനെക്കുറിച്ച് അഭിപ്രായം പറയേണ്ടെന്നായിരുന്നു ബിജെപി നേതാവ് പ്രവീണ്‍ ധരേക്കര്‍ പറഞ്ഞു. ആര്‍എസ്എസിനെക്കുറിച്ച് പ്രതികരിക്കാന്‍ സൂരജ് തിരക്കുകൂട്ടരുതായിരുന്നുവെന്നും അഭിപ്രായങ്ങള്‍ എന്‍ഡിഎ വേദികളില്‍ പറയണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, ഉടക്കിനില്‍ക്കുന്ന എന്‍സിപി അജിത് പവാര്‍ പക്ഷത്തെ അനുനയിപ്പിക്കാന്‍ മഹാരാഷ്ട്ര ബിജെപിയുടെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപിക്ക് എന്‍സിപി അജിത് പവാര്‍ പക്ഷത്തെ ഒഴിവാക്കാനുളള ആലോചനയുണ്ടന്നും പാര്‍ട്ടി വൃത്തങ്ങളില്‍നിന്ന് സൂചനയുണ്ട്. ഇരു ശിവസേനകളുടെയും ഏകീകരണം സാധ്യമാക്കി ഉദ്ധവ് താക്കറെ പക്ഷത്തെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളും ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഉദ്ധവ് താക്കറെ പക്ഷത്തെ പുകഴ്ത്തി ബിജെപി നേതാക്കള്‍ രംഗത്തുവന്നത് ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

അജിത് പവാറിനും മറ്റു എന്‍സിപി നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ സഖ്യത്തിന് തിരിച്ചടിയായെന്ന് ബിജെപിക്കുള്ളിലും വിമര്‍ശനമുണ്ട്. നാല് സീറ്റാണ് അജിത് പവാര്‍ പക്ഷത്തിന് അനുവദിച്ചിരുന്നത്. എന്നാല്‍ ഒരൊറ്റ സീറ്റ് മാത്രമാണ് എന്‍സിപി നേടിയത്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തന്നെ എന്‍സിപിയും ബിജെപിയും തമ്മിലുള്ള ഭിന്നത പ്രകടമായിരുന്നു. പല മണ്ഡലങ്ങളിലും ബിജെപി നേതാക്കള്‍ എന്‍സിപി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നില്ല. എന്‍സിപി നേതാക്കളും ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനിന്നിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ അസംതൃപ്തി എന്‍സിപി പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഇതും ബജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം, അജിത് പവാറിനെയും ഏക്‌നാഥ് ഷിന്‍ഡെയെയും തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ടെന്നും സൂചനയുണ്ട്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്