മനീഷ് സിസോദിയ 
INDIA

ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ റദ്ദാക്കാമെന്ന് വാഗ്ദാനം ലഭിച്ചതായി മനീഷ് സിസോദിയ

തനിക്കെതിരായ എല്ലാ കേസുകളും വ്യാജമാണെന്നും തനിക്കെതിരെ എന്ത് നീക്കം വേണമെങ്കിലും നടത്താമെന്നും സിസോദിയ

വെബ് ഡെസ്ക്

ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരായ കേസുകള്‍ റദ്ദാക്കാമെന്ന് ബിജെപി വാഗ്ദാനം നല്‍കിയതായി മദ്യ നയക്കേസില്‍ സിബിഐ കുറ്റം ചുമത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ട്വിറ്ററിലൂടെയായിരുന്നു സിസോദിയയുടെ വെളിപ്പെടുത്തല്‍.

''ബിജെപിയില്‍ നിന്നും എനിക്ക് ഒരു സന്ദേശം ലഭിച്ചു. ആപ്പ് വിട്ട് ബിജെപിയില്‍ ചേരൂ.സിബിഐ യും ഇഡിയും താങ്കള്‍ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും റദ്ദാക്കാമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു.'' സിസോദിയ ട്വീറ്റ് ചെയ്തു.

എന്നാല്‍ തനിക്കെതിരായ എല്ലാ കേസുകളും വ്യാജമാണെന്നു ആവർത്തിച്ച സിസോദിയ തനിക്കെതിരെ എന്തു നീക്കം വേണമെങ്കിലും നടത്താമെന്നു പറഞ്ഞ് ബിജെപിയെ വെല്ലു വിളിച്ചു. '' ഞാന്‍ ഒരു രാജ്പുത് ആണ്, മഹാറാണാ പ്രതാപിന്റെ പിന്‍ഗാമിയാണ്.എന്റെ തല വെട്ടാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ അഴിമതിക്കാര്‍ക്കും ഗൂഡാലോചനക്കാര്‍ക്കും മുന്നില്‍ തല കുനിക്കാൻ തയ്യാറല്ല.എനിക്കെതിരായ എല്ലാ കേസുകളും വ്യാജമാണ്. നിങ്ങള്‍ക്കു വേണ്ടതെല്ലാം നിങ്ങള്‍ ചെയ്‌തോളൂ.'' സിസോദിയ ട്വിറ്ററില്‍ കുറിച്ചു.

അരവിന്ദ് കെജ്രിവാൾ

ആപ്പിന്റെ ജനപ്രീതിയിൽ ഭയന്ന് ബിജെപി തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് സിസോദിയ ആരോപിച്ചു. 2024 ലെ പൊതു തിരഞ്ഞടുപ്പ് പ്രധാന മന്ത്രി നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും തമ്മിലുള്ള മത്സരമായിരിക്കുമെന്നും ബിജെപി അന്വേഷണ ഏജൻസികളെ തങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനീഷ് സിസോദിയയെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബിജെപിക്കെതിരെ രംഗത്തു വന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പവും രൂപയുടെ ഇടിവും മൂലം ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് ‍‍‍‍‍‍ജനങ്ങൾ തിരഞ്ഞടുത്ത സർക്കാരിനെ താഴെയിറക്കാനാണ് ബി‍‍ജെപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

മദ്യ ലൈസന്‍സ് അഴിമതിക്കേസുമായി ബന്ധപ്പട്ട് അടുത്തിടെ സിസോദിയയുടെ വീട്ടിലും മുൻ എക്സൈസ് കമ്മീഷണർ അരവ ​ഗോപീകൃഷ്ണ, മറ്റു രണ്ടു എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ വീടുകളിലുമടക്കം 31 സ്ഥലങ്ങളിൽ സിബിഐ റയ്ഡ് നടത്തിയിരുന്നു. മദ്യ വില്‍പനക്കായുളള ലൈസന്‍സ് നല്‍കുന്നതില്‍ ചില കമ്പനികള്‍ക്ക് വഴിവിട്ട ഇളവുകള്‍ നല്‍കിയെന്നും പ്രത്യുപകാരമായി കോടികള്‍ വാങ്ങിയെന്നുമാണ് സിസോദിയക്കെതിരായ സിബിഐ ആരോപണം.

2021 നവംബര്‍ മുതലാണ് ഡല്‍ഹി സര്‍ക്കാര്‍ പുതിയ മദ്യ നയം നടപ്പാക്കിയത്. സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഔട്‌ലറ്റുകളിലൂടെയായിരുന്നു ആദ്യം മദ്യ വില്‍പന നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ മദ്യ നയ പ്രകാരം സര്‍ക്കാര്‍ മദ്യ വില്‍പനയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയാണ്. 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 ഔട്‌ലറ്റുകള്‍ വീതം മൊത്തം 864 ഔട്‌ലറ്റുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മദ്യ മാഫിയയെ ഇല്ലാതാക്കാനാണ് പുതിയ മദ്യ നയം ശ്രമിക്കുന്നത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.

പുതിയ മദ്യ നയം നടപ്പിലാക്കിയതോടെ മദ്യ വില്‍പന മത്സരമായി മാറിയെന്നും മദ്യത്തിന്റെ ഗുണനിലവാരത്തില്‍ കുറവുവന്നെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മദ്യ നയം നടപ്പാക്കിയ രീതിയില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നു കേട്ടു. പിന്നീട് ഈ വിഷയം അന്വേഷിച്ച ചീഫ് സെക്രട്ടറി പുതിയ മദ്യ നയം നടപ്പാക്കിയ രീതിയില്‍ ചട്ട ലംഘനം നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

അതേ സമയം അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഗുജറാത്തിലെത്തി. ഡൽഹിയെ പോലെ ഗുജറാത്തിലും മെച്ചപ്പെട്ട സ്കൂളുകളും ആശുപത്രികളും മൊഹല്ല ക്ലിനിക്കുകളും നിർമിക്കുമെന്നും എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട ചികിത്സയും ഉറപ്പുവരുത്തുമെന്നും കെജ്രിവാൾ ട്വിറ്ററിൽ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ