ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 90 ശതമാനവും സ്വീകരിച്ചിരിക്കുന്നത് ബിജെപി. ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന സുപ്രീംകോടതി വിധിക്കുശേഷം ചർച്ചയാകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച കണക്കുകളിലെ വിവരങ്ങൾ. 2023 സെപ്റ്റംബർ 30വരെ രാഷ്ട്രീയ പാർട്ടികൾ ഇലക്ട്‌റൽ ബോണ്ടുകൾ വഴി സ്വീകരിച്ച സംഭാവനകളുടെ കണക്കുകൾ നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് സമർപ്പിച്ച കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
2022-2023 സാമ്പത്തിക വർഷത്തിൽ അഞ്ച് ദേശീയ പാർട്ടികൾക്ക് കോർപ്പറേറ്റ് ഇലക്ട്‌റൽ ബോണ്ടുകൾ വഴി ലഭിച്ചത് 680.49 കോടി രൂപയാണ്. അതിന്റെ 90 ശതമാനവും ലഭിച്ചത് ബിജെപിക്കാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സന്നദ്ധ സംഘടന പുറത്ത് വിട്ട കണക്കുകൾ പറയുന്നു. 20000 രൂപയിൽ കൂടുതലുള്ള സംഭാവനകളുടെ വിവരങ്ങളാണ് കോടതിയിൽ സമർപ്പിച്ചിരുന്നത്.
ഭാരതീയ ജനത പാർട്ടി (ബിജെപി), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), ആം ആദ്മി പാർട്ടി (എഎപി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഐഎം), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) എന്നീ സംഘടനകൾക്ക് ലഭിച്ച സംഭാവനകളുടെ വിവരമാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
2022-2023 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾക്ക് സംഭാവനയായി ലഭിച്ചിരിക്കുന്ന ആകെ തുകയായ 850.438 കോടി രൂപയിൽ 719.858 കോടി രൂപ ബിജെപിക്കാണ് ലഭിച്ചത്. കോൺഗ്രസിന് ലഭിച്ചത് 79.924 കോടി രൂപയാണ്. ബിജെപി ഒഴികെയുള്ള സംഘടനകൾക്കു ലഭിച്ച തുക ചേർത്ത് വച്ചാൽ ലഭിക്കുന്ന തുകയുടെ അഞ്ചിരട്ടിയിലധികം ബിജെപിക്കു ലഭിച്ചതായാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് 2022-23 സാമ്പത്തിക വർഷത്തിൽ ലഭിച്ച സംഭാവനയിൽ മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 12.09 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അവർക്ക് 2022-23 സാമ്പത്തിക വർഷം സംഭാവനയായി 91.701 കോടി രൂപ ലഭിച്ചു. എന്നാൽ ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി 2021-22 സാമ്പത്തിക വർഷം ലഭിച്ച 614.626 കോടി രൂപയിൽ നിന്ന് വലിയ വർദ്ധനവ് സംഭവിച്ച് 2022-23ൽ 719.858 കോടി രൂപയായി. അതേസമയം കോൺഗ്രസിന് ലഭിച്ച സംഭാവന പരിശോധിച്ചാൽ 2021-22 സാമ്പത്തിക വർഷത്തിൽ ലഭിച്ച 94.459 കോടിരൂപ, 2022-23 സാമ്പത്തിക വർഷത്തിലേക്കെത്തുമ്പോൾ 79.924 കോടി രൂപയായി കുറഞ്ഞു.
ഡൽഹിയിൽ നിന്ന് മാത്രം ദേശീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച സംഭാവന 276.202 കോടിരൂപയാണ്. ഗുജറാത്തിൽ നിന്ന് 160.509 കോടി രൂപ. മഹാരാഷ്ട്രയിൽ നിന്ന് 96.273 കോടിരൂപയും. കോർപറേറ്റുകൾ മാത്രം പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുകളിലൂടെ നൽകിയത് 680.495 കോടി രൂപയാണ്. അതിന്റെ 90 ശതമാനവും ലഭിക്കുന്നത് ബിജെപിക്കാണ്. അത് 610.491 കോടിരൂപയോളം വരും. അതിൽ നിന്ന് കോൺഗ്രസിന് ലഭിച്ചത് 55.625 കോടിരൂപയാണ്. മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച കോർപറേറ്റ് സംഭാവനകളുടെ ആകെ തുകയെടുത്തൽ അതിന്റെ എട്ടിരട്ടിയിലധികമാണ് ബിജെപിക്കു ലഭിച്ചത്.