INDIA

ഏകീകൃത സിവിൽ കോഡ്: വർഗീയ ധ്രുവീകരണമെന്ന ആക്ഷേപത്തിന് ബലം പകരുന്ന നീക്കവുമായി ബിജെപി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും മറ്റ് മേഖലകളിലെയും ആദിവാസ- ഗോത്ര വിഭാഗങ്ങളെ പുതിയ നിയമത്തിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു

വെബ് ഡെസ്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഏകീകൃത സിവിൽ കോഡ് ചർച്ചകൾ വീണ്ടും സജീവമാക്കുന്നതെന്ന ആരോപണം സാധൂകരിക്കുന്ന നീക്കവുമായി ബിജെപി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും മറ്റ് മേഖലകളിലെയും ആദിവാസ- ഗോത്ര വിഭാഗങ്ങളെ പുതിയ നിയമത്തിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പാർലമെന്റ് സ്ഥിരം സമിതിയിലായിരുന്നു ബിജെപി നിർദേശം മുന്നോട്ട് വച്ചത്.

സുശീല്‍ മോദി

ചില സമുദായങ്ങളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് ബിജെപി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന ആക്ഷേപം കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ നീക്കം. ഏക സിവിൽ കോഡ് നടപടികളിലെ പുരോഗതി ചർച്ച ചെയ്യാൻ പാർലമെന്റിന്റെ നിയമകാര്യ സ്ഥിരം സമിതി വിളിച്ചുചേർത്ത നിയമകാര്യ, നിയമനിർമാണ വകുപ്പിലെ പ്രതിനിധികളുടെ യോഗത്തിലായിരുന്നു ബിജെപി അഭിപ്രായം അറിയിച്ചത്. സമിതിയുടെ അധ്യക്ഷനായ ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ മോദി തന്നെയാണ് ആദിവാസി - ഗോത്രവർഗ വിഭാഗങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. എല്ലാ നിയമങ്ങളിലും ചില ഒഴിവുകൾ അനുവദിക്കാറുണ്ടെന്ന ന്യായവും അദ്ദേഹം നിരത്തി. ''ഭരണഘടനയുടെ ആറാം ഷെഡ്യൂളിലെ അനുഛേദം 371 പ്രകാരമാണ് അവർക്ക് പ്രത്യേക പരിരക്ഷ നൽകുന്നത് അത് നിലനിർത്തണം'' സുശീൽ കുമാർ മോദി പറഞ്ഞു.

അതേസമയം, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ പാർലമെന്ററി സമിതി യോഗത്തിൽ പ്രതിപക്ഷം എതിർപ്പറിയിച്ചു. കോൺഗ്രസ്, ബിആർഎസ് , ഡിംകെ പാർട്ടികളാണ് യോഗത്തിൽ എതിർപ്പുന്നയിച്ചത്. ബില്ല് കൊണ്ടുവരുന്നതിന് സർക്കാരിന് ഇത്ര തിടുക്കമെന്തിനാണെന്നും പ്രതിപക്ഷ കക്ഷികൾ ആരാഞ്ഞു. ഈ ഘട്ടത്തിൽ ഒരു ഏക വ്യക്തി നിയമത്തിന്റെ ആവശ്യമില്ലെന്നും പകരം ഓരോ നിയമവും ക്രോഡീകരിക്കണമെന്നും വിവേചനപരമായ വ്യവസ്ഥകൾ ഇല്ലതാക്കണമെന്നും കോൺഗ്രസ് നിർദേശിച്ചു.

ഭോപ്പാലിൽ പത്തുലക്ഷത്തോളം വരുന്ന ബിജെപി ബൂത്തുതല പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യുസിസിയെന്ന ആവശ്യം വീണ്ടും സജീവ ചർച്ചയാക്കിത്. 22-ാം നിയമകമ്മിഷനും കഴിഞ്ഞ 14ന് സമർപ്പിച്ച റിപ്പോർട്ടിൽ യുസിസി നടപ്പാക്കണമെന്ന് ശുപാർശ നൽകിയിരുന്നു. ഈ മാസം 14 വരെയാണ് ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് മതസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന തീയതി. ഇതുവരെ 19 ലക്ഷം പേർ അഭിപ്രായം രേഖപെടുത്തിയതായും കമ്മിഷൻ അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ