മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തകര്‍ക്കപ്പെട്ട് പകരം രാമക്ഷേത്രം ഉയര്‍ന്നിട്ടും അയോധ്യയിലെ ബാബരി മസ്ജിദിന്റെ പേരില്‍ കര്‍ണാടകയില്‍ കടുക്കുകയാണ് രാഷ്ട്രീയ വാക്‌പോര്. 1992ല്‍ പള്ളി തകര്‍ക്കപ്പെട്ടപ്പോള്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഹുബ്ബള്ളി ( ഹൂബ്ലി) തന്നെയാണ് ഇത്തവണയും വാക്ക്‌പോരിന്റെ കേന്ദ്രം. മുപ്പത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അന്നത്തെ കര്‍സേവകരെ ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റു ചെയ്തു ജയിലിലടച്ചതാണ് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. ഹുബ്ബള്ളിയില്‍ അന്ന് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട കര്‍സേവകന്‍ ശ്രീകാന്ത് പൂജാരിയുടെ അറസ്റ്റാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. അയോധ്യയില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് വേണ്ടി രാമക്ഷേത്രം ഉയരുന്നതിലുള്ള അതൃപ്തിയാണ് ഹൈന്ദവ വിരുദ്ധരായ സിദ്ധരാമയ്യ സര്‍ക്കാരിന്റെ പ്രവൃത്തിയിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം .
അറസ്റ്റിലായ കര്‍സേവകനെ ഉടന്‍ വിട്ടു നല്‍കണമെന്നും ഇനി ആര്‍ക്കെതിരെയും കേസില്‍ തുടര്‍നടപടി ഉണ്ടാകരുതെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച സംസ്ഥാന വ്യാപകമായി കര്‍ണാടക ബിജെപി ഉപരോധ സമരം സംഘടിപ്പിച്ചു. ഹുബ്ബള്ളി ടൗണ്‍ സ്റ്റേഷന്‍ ഉപരോധിക്കാന്‍ നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് ആര്‍ അശോക് ഉള്‍പ്പടെ നിരവധി ബിജെപി നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. രാമക്ഷേത്ര ഉദ്ഘാടനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമായും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമായും ഉയര്‍ത്തിക്കാട്ടാനിരിക്കുന്ന ബിജെപി ' ബാബിരി മസ്ജിദ് അറസ്റ്റ്'കര്‍ണാടകയില്‍ കച്ചിത്തുരുമ്പായി മാറ്റുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് പോയ നിഷ്പക്ഷ ഹിന്ദു വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ ഈ വിഷയം സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. കോണ്‍ഗ്രസിനെ ഹൈന്ദവ വിരുദ്ധരായി ചിത്രീകരിച്ച് ഹുബ്ബള്ളി പോലുള്ള പഴയ കാവികോട്ടകളില്‍ നിന്ന് വീണ്ടും നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. കെട്ടി കിടക്കുന്ന കേസുകള്‍ തീര്‍പ്പാകാനുള്ള ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് 1992ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ അറസ്റ്റുണ്ടായതെന്നു സംസ്ഥാന ആഭ്യന്തര മന്ത്രി ഉള്‍പ്പടെ വിശദീകരിച്ചിട്ടും ബിജെപി ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല .
ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാവും എം എല്‍ സിയുമായ ബി കെ ഹരിപ്രസാദ് നടത്തിയ 'ഗോധ്രാ മുന്നറിയിപ്പ് ' വിവാദമായി. അയോധ്യയില്‍ രാമക്ഷേത്ര ദര്‍ശനത്തിനു പോകുന്നവര്‍ക്ക് ഗോധ്രക്ക് സമാനമായ സംഭവം നേരിടേണ്ടി വരുമെന്നായിരുന്നു ബി കെ ഹരിപ്രസാദിന്റെ മുന്നറിയിപ്പ്. 2002ലെ ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച സബര്‍മതി എക്‌സ്പ്രസ് ട്രെയിന്‍ തീ വെപ്പിനെ ഓര്‍മിപ്പിച്ചായിരുന്നു പ്രസ്താവന. അയോധ്യയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച ട്രെയിനിലെ ബോഗികള്‍ ഗുജറാത്തിലെ ഗോധ്രാ സ്റ്റേഷന് സമീപം അഗ്‌നിക്കിരയാക്കുകയായിരുന്നു. 59 പേരായിരുന്നു സംഭവത്തില്‍ മരണപ്പെട്ടത്. വിവാദ പരാമര്‍ശം നടത്തിയ ബി കെ ഹരിപ്രസാദിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നു കഴിഞ്ഞു. എന്നാല്‍ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായി മാത്രം കണ്ട് തള്ളുന്നതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി .
രാമക്ഷേത്രത്തിനോ രാമനോ എതിരല്ലെന്ന് പറഞ്ഞു നിലപാട് മയപ്പെടുത്തിയാണ് ബിജെപിയുടെ നീക്കത്തെ കിട്ടാവുന്ന വേദികളിലെല്ലാം കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ മുതല്‍ എല്ലാ നേതാക്കളും ഒരേ സ്വരത്തിലാണ് അയോധ്യയിലെ രാമക്ഷേത്രത്തെ പുകഴ്ത്തുന്നത്. രാമക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചാല്‍ അയോധ്യയില്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കുന്ന കാര്യം പരിഗണിക്കുമെന്നുവരെ പൊതു വേദിയില്‍ സിദ്ധരാമയ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ചാഞ്ചാട്ടം കണ്ടു ഭയന്നാണ് കര്‍സേവകന്റെ അറസ്റ്റു വിഷയം ബിജെപി സജീവമാക്കുന്നതും.