മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തതിനുപിന്നാലെ ബിജെപിക്ക് നൽകിയ മുന്നറിയിപ്പ് വെറുതെയല്ലെന്ന് തെളിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അപകീര്‍ത്തികരമായ ട്വീറ്റ് ചെയ്ത ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യ അറസ്റ്റില്‍. സിപിഎം മധുര എംപി സു വെങ്കിടേശനെതിരായ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്.
മന്ത്രി സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ 'നാന്‍ തിരുപ്പി അടിച്ചാല്‍ ഉങ്കളാല്‍ താങ്കമുടിയാത്' എന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ അറസ്റ്റ്. സൂര്യയെ ജില്ലാ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പായിരുന്നു സൂര്യയുടെ വിവാദ ട്വീറ്റ്.
മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളി മരിച്ചതില്‍ മധുര എം പി വെങ്കിടേശന്‍ മതിയായ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു സൂര്യയുടെ ആരോപണം. തോട്ടിപ്പണി നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെന്ന് അറിയാമായിരുന്നിട്ടും അഴുക്കുചാല്‍ വൃത്തിയാക്കാന്‍ കൗണ്‍സിലര്‍ ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിക്കുകയായിരുന്നു. അലര്‍ജി മൂലമാണ് തൊഴിലാളി മരിച്ചതെന്നും എസ് ജി സൂര്യ ആരോപിച്ചിരുന്നു.
അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് സിപിഎം സൂര്യയ്‌ക്കെതിരെ പരാതി നല്‍കിയത്
എം പിയ്ക്ക് അയച്ച കത്തില്‍ ഈ വിഷയം ഉന്നയിച്ച് സൂര്യ രൂക്ഷവിമര്‍ശനം നടത്തി. പിന്നാലെ സിപിഎം സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് സിപിഎം സൂര്യയ്‌ക്കെതിരെ പരാതി നല്‍കിയത്. ഇന്നലെ രാത്രി പതിനൊന്നോടെ ചെന്നൈയിലെ വസതിയില്‍നിന്നാണ് സൂര്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
'വിമര്‍ശനങ്ങളില്‍ പരിഭ്രാന്തരാവുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നത് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിന് ചേര്‍ന്നതല്ല'
സംസ്ഥാന സെക്രട്ടറിയുടെ അറസ്റ്റിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
''ഡിഎംകെയുടെ സഖ്യകക്ഷിയായ കമ്മ്യൂണിസ്റ്റുകാരുടെ മോശമായ ഇരട്ടത്താപ്പ് തുറന്നുകാട്ടുക മാത്രമാണ് അദ്ദേഹം ചെയ്ത തെറ്റ്. വിമര്‍ശനങ്ങളില്‍ പരിഭ്രാന്തരാവുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നത് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിന് ചേര്‍ന്നതല്ല. ഒരു സ്വേച്ഛാധിപത്യ നേതാവ് ആവിർഭവിക്കുന്നതിന്റെ സൂചനകളാണിത്,'' ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ട്വീറ്റ് ചെയ്തു.