ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനം. ബിജെപി പാര്‍ലമെന്റ് അംഗങ്ങള്‍ക്കാണ് ഇതിന്റെ ചുമതല. ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ ദിവസേന 7-8 പോസ്റ്റുകള്‍ നിര്‍ബന്ധമായും ഇടണമെന്നാണ് പാര്‍ട്ടി സര്‍ക്കുലര്‍. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെ നേതൃത്വത്തില്‍ ഏപ്രില്‍ നാലിന് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ദിവസേന ഒമ്പത് ടാസ്കുകളും ആഴ്ച്ചയില്‍ മൂന്ന് ടാസ്കുകളും എംപിമാര്‍ ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തണമെന്നാണ് പാര്‍ട്ടി തീരുമാനം.
പ്രധാന രാഷ്ട്രീയ സംഭവങ്ങള്‍, മന്‍കിബാത്ത്, കേന്ദ്ര ബജറ്റ്, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നിങ്ങനെയുളള പ്രധാനപ്പെട്ട കാര്യങ്ങള്‍ ദിവസേനയുളള പ്രചരണത്തില്‍ ഉള്‍പ്പെടുത്തണം. പ്രധാനമന്ത്രിയുടെ ദിവസേനയുളള ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യണം. ട്വിറ്ററില്‍ 17 ലക്ഷം ഫോളോവേഴ്‌സുളള ഡല്‍ഹി എംപി മനോജ് തിവാരിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക. ബിജെപിയുടെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്ന വാര്‍ത്താ ലേഖനങ്ങള്‍ കണ്ടാല്‍ അത് റീട്വീറ്റ് ചെയ്യണം, അതിലൂടെ ആശയപ്രചാരണം സാധ്യമാകും. എംപിമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായുളള വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഇതിനോടകം തന്നെ പാര്‍ട്ടി നിര്‍മ്മിച്ചിട്ടുണ്ട്.
പുതിയ നീക്കത്തിന് പിന്നില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവയടങ്ങുന്ന സോഷ്യല്‍ മീഡിയയുടെ കാലമാണെന്നും ആശയവിനിമയത്തിനും വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതിനും സോഷ്യല്‍ മീഡിയ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും പാര്‍ട്ടിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിനായി പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് വരെ നമ്മുടെ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംപിമാര്‍ അതത് മണ്ഡലങ്ങളില്‍ എങ്ങനെ വിജയിച്ചു, ആ വിജയം അടുത്ത ഇലക്ഷനില്‍ നിലനിര്‍ത്താന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തണം, അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാനുളള കാര്യങ്ങള്‍ എന്നിവ ആഴ്ച്ചയിലുളള ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണം. എംപിമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യുന്നതിനായി മൂന്ന് പേരെ പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്.