ബാബരി മസ്ജിദ് പൊളിച്ച് പണിയുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് സംബന്ധിച്ച വാര്‍ത്തകളും വിവാദങ്ങളുമാണ് ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ചാവിഷയം. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. നിലവില്‍ ബിജെപിയും ബിജെപി അനുകൂല പാര്‍ട്ടികളുമാണ് പരിപാടിയില്‍ പങ്കെടുക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് പണി തീരാത്ത രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും അയോധ്യയിലൊരുക്കിയിട്ടുണ്ട്.
പതിനായിരത്തിലധികം പേരെയാണ് നിലവില്‍ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയൊഴികെ മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ശിവസേന (യുബിടി) നേതാവ് ഉദ്ദവ് താക്കറെ തുടങ്ങി മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ ആരും തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മതപരമായ ഒരു ചടങ്ങിനെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി രാഷ്ട്രീയചടങ്ങായി ചിത്രീകരിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ അഭിപ്രായം. എന്നാല്‍ രാമക്ഷേത്രത്തെയോ പ്രതിഷ്ഠാ ചടങ്ങിനെയോ മൊത്തത്തില്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷത്തിനറിയാം. അങ്ങനെ സംഭവിച്ചാല്‍ അത് വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ തങ്ങളെ ബാധിക്കുമെന്നും അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ ബിജെപി ആഘോഷിക്കാന്‍ പോകുന്ന ജനുവരി 22ലെ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ പല പ്രതിപക്ഷ പാര്‍ട്ടികളും അവരുടെതായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
മമത ബാനര്‍ജി - കാളിഘട്ട് സന്ദര്‍ശനം
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ജനുവരി 22ന് കൊല്‍ക്കത്തയ്ക്കടുത്തുള്ള കാളിഘട്ട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ അന്നേദിവസം സാമുദായിക സൗഹാര്‍ദ്ദം ആഹ്വാനം ചെയ്തുകൊണ്ടുള്ള ജനമൈത്രി റാലി സംഘടിപ്പിക്കാനും മമത തീരുമാനിച്ചിട്ടുണ്ട്.
തെക്കന്‍ കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് മൈതാനില്‍ സമാപിക്കുന്ന റാലിയില്‍ എല്ലാ സമുദായത്തില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തുന്നുണ്ട്. കൂടാതെ ക്ഷേത്രങ്ങള്‍, പള്ളികള്‍, ഗുരുദ്വാരകള്‍, മുസ്‌ലിം പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങളും റാലിയില്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുല്‍ ഗാന്ധി- അസം ക്ഷേത്രം
വിജയകരമായ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം മണിപ്പൂര്‍ മുതല്‍ മുംബൈ വരെ നീളുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടയിലാണ് രാഹുല്‍ ഗാന്ധി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് രാഹുല്‍ ഗാന്ധി അസം ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അരവിന്ദ് കെജ്‌രിവാള്‍- ഹനുമാന്‍ ചലിസ
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് നിലവില്‍ ക്ഷണം ലഭിച്ചിട്ടില്ല. എന്നാല്‍ കെജ്‌രിവാള്‍ ഡല്‍ഹിയിലുട നീളം സുന്ദര കാണ്ഡം- ഹനുമാന്‍ ചലിസ പരിപാടി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്നലെ രോഹിണിയിലെ ഒരു ക്ഷേത്രത്തില്‍ കെജ്രിവാള്‍ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടാന്‍ ഞാന്‍ ശ്രീരാമനോടും ഹനുമാനോടും പ്രാര്‍ഥിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഉദ്ദവ് താക്കറെ- മഹാ ആരതി
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും ഇതുവരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാല്‍ താനും തന്റെ പാര്‍ട്ടിയും ജനുവരി 22ന് നാസിക്കിലെ കലാറാം ക്ഷേത്രം സന്ദര്‍ശിക്കുമെന്നും മഹാ ആരതി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
നവീന്‍ പട്‌നായിക്- ജഗന്നാഥ് പദ്ധതി
അയോധ്യ ക്ഷേത്രത്തിലെ ചടങ്ങുകള്‍ പുരോഗമിക്കുമ്പോള്‍ ജഗന്നാഥ പൈതൃക ഇടനാഴിയുടെ ബൃഹത് പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജെഡി. ഇതിലൂടെ മതവികാരം പ്രോത്സാഹിപ്പിക്കല്‍ മാത്രമല്ല, സംസ്ഥാനത്ത് ബിജെപിയെ നേരിടാനുമാണ് നവീന്‍ പട്‌നായിക്കിന്റെ തന്ത്രം.
പുരിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിവര്‍ത്തനം ചെയ്യാന്‍ 'അമ ഒഡിഷ, നബിന്‍ ഒഡിഷ' എന്നീ പദ്ധതിയുടെ ഭാഗമായി 4000 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്.
ശരദ് പവാര്‍
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വളരെ സൂക്ഷ്മമായാണ് എന്‍സിപി നേതാവ് ശരദ് പവാര്‍ പ്രതികരിച്ചത്. ക്ഷണത്തിന് നന്ദി പ്രകടിപ്പിച്ച അദ്ദേഹത്തിന് ചരിത്ര സംഭവത്തിന് (ഉദ്ഘാടനം) ശേഷം ദര്‍ശനം നടത്താന്‍ എളുപ്പമായിരിക്കുമെന്നാണ് പ്രതികരിച്ചത്. അപ്പോഴേക്കും രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് ശരദ് പവാറിന്റെ അഭിപ്രായം.
നിലവില്‍ പകരം പരിപാടികളുമായി സിപിഎമ്മും സിപിഐയും രംഗത്ത് വന്നിട്ടില്ല. ആര്‍ജെഡിയും ഡിഎംകെയും സമാന നിലപാടുമായാണ് നില്‍ക്കുന്നത്. ജനുവരി 22ന് രാജ്യം ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ പ്രതിപക്ഷത്തിന് അത് പ്രതിരോധിക്കാന്‍ ഏത് ബദല്‍ പരിപാടി കൊണ്ട് വന്നാലും സാധിക്കില്ലെന്ന് വ്യക്തമാണ്.