INDIA

ഉപതിരഞ്ഞെടുപ്പ്: മൂന്ന് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ നാലിടത്ത് ബിജെപി; തെലങ്കാനയില്‍ കരുത്ത് തെളിയിച്ച് ടിആര്‍എസ്

വെബ് ഡെസ്ക്

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നേട്ടംകൊയ്ത് ബിജെപി. ഉത്തര്‍പ്രദേശിലെ ഗോലാ ഗോകര്‍നാഥ്, ഒഡിഷയിലെ ധാംനഗര്‍, ബിഹാറിലെ ഗോപാല്‍ഗഞ്ച് എന്നീ സിറ്റിംഗ് സീറ്റുകള്‍ക്കൊപ്പം ഹരിയാനയിലെ കോണ്‍ഗ്രസ് മണ്ഡലമായ ആദംപുരും ബിജെപി സ്വന്തമാക്കി. അതേസമയം, ബിഹാറിലെ മൊകാമ സീറ്റ് ആര്‍ജെഡി നിലനിര്‍ത്തി. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ ശിവസേന ഉദ്ധവ് താക്കറെ പക്ഷം ജയിച്ചു. ദേശീയശ്രദ്ധ നേടിയ തെലങ്കാനയിലെ മുനുഗോഡില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടി ആർ എസിനാണ് ജയം. സിറ്റിംഗ് സീറ്റുകള്‍ പോലും നഷ്ടപ്പെട്ട കോണ്‍ഗ്രസിന് ഉപ തിരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായി.

തെലങ്കാനയിലെ മുനുഗോഡ് മണ്ഡലത്തില്‍ ബിജെപിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ടിആര്‍സും (നിലവില്‍ ഭാരത് രാഷ്ട്ര സമിതി) തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത്. കോണ്‍ഗ്രസ് എംഎല്‍എ കോമതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ സാന്നിധ്യവും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഇടതുപാര്‍ട്ടികള്‍ ചന്ദ്രശേഖര്‍ റാവുവിനൊപ്പം അണിനിരക്കുന്നതും തിരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കിയിരുന്നു. ടിആര്‍എസ് അംഗങ്ങളെ വിലയ്‌ക്കെടുക്കാന്‍ ബിജെപി നടത്തിയ ശ്രമവും ഏജന്റ് പിടിയിലായതുമൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി.

എന്നാല്‍, വിജയം ടിആര്‍സിനൊപ്പമാണ്. 10000 വോട്ടുകൾക്കാണ് ടിആര്‍ എസിലെ മുന്‍ എംഎല്‍എ കുസുകുന്ത്‌ല പ്രഭാകര്‍ റെഡ്ഡി വിജയിച്ചത്. ദേശീയ ശ്രദ്ധ നേടിയ പോരാട്ടത്തില്‍ ടിആര്‍എസ് അഭിമാന വിജയം നേടിയപ്പോള്‍, സിറ്റിംഗ് സീറ്റ് വിട്ടുകളഞ്ഞ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് പോലും നഷ്ടമാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തർപ്രദേശിലെ ഗോലാ ഗോകര്‍നാഥ് മണ്ഡലത്തിലെ സീറ്റ് ബിജെപി നിലനിർത്തി. ബിജെപി സ്ഥാനാർഥി അമൻ ഗിരി എതിരാളിയായ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി വിനയ് തിവാരിയെ 34,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. സെപ്റ്റംബർ ആറിന് എംഎൽഎ അരവിന്ദ് ഗിരിയുടെ മരണത്തെത്തുടർന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഒഡീഷയിലെ ധാംനഗറിൽ ഭരണകക്ഷിയായ ബിജെഡിയെ അട്ടിമറിച്ചാണ് ബിജെപി സ്ഥാനാര്‍ഥി സൂര്യബൻഷി സൂരജ് വിജയിച്ചത്. 9881 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ബിജെഡിയുടെ അബാന്തി ദാസ് ആയിരുന്നു എതിർ സ്ഥാനാർഥി. എംഎൽഎ ബിഷ്ണു ചരൺ സേത്തിയുടെ മരണമാണ് തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

ബിഹാറില്‍ ബിജെപി ബന്ധംവിട്ട് തേജസ്വി യാദവിന്റെ ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം മഹാഗഡ്ബന്ധന്‍ കക്ഷി രൂപീകരിച്ച് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു രണ്ട് മണ്ഡലങ്ങളിലെ ഉപ തിരഞ്ഞെടുപ്പ്. അതില്‍ ഗോപാൽഗഞ്ചിലെ സീറ്റ് ഭരണകക്ഷിയായ ബിജെപി നിലനിർത്തി. എന്നാൽ ബിജെപിയുടെ ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാർഥി കുസുമാദേവി 1794 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആർജെഡി സ്ഥാനാർഥി മോഹൻ കുമാർ ഗുപ്തയെ പരാജയപ്പെടുത്തിയത്.

അതേസമയം, മറ്റൊരു മണ്ഡലമായ മൊകമയിൽ ഭരണകക്ഷിയായ ആർജെഡി സ്ഥാനാർഥി നീലം ദേവി വിജയിച്ചു. 16,741 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ സോനം ദേവിയെ നീലം ദേവി തോൽപ്പിച്ചത്. അനധികൃതമായി തോക്ക് കൈവശം വെച്ചതിന് അനന്ത് സിംഗ് ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അനന്ത് സിംഗിന്റെ ഭാര്യയാണ് ജയിച്ച നീലം ദേവി.

ഹരിയാനയില്‍ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ആദംപുര്‍ ബിജെപി പിടിച്ചെടുത്തു. 16,606 വോട്ടിനാണ് ആദംപുരിൽ ബിഷ്‌ണോയിയുടെ മകനും ബിജെപി സ്ഥാനാർഥിയുമായ ഭവ്യ ബിഷ്‌ണോയി കോണ്‍ഗ്രസിന്റെ മൂന്ന് തവണ എംപിയും രണ്ട് തവണ എംഎല്‍എയുമായ മുന്‍ കേന്ദ്രമന്ത്രി ജയ് പ്രകാശിനെ പരാജയപ്പെടുത്തിയത്.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും മറ്റ് എംഎല്‍എമാരും നടത്തിയ വിമത നീക്കത്തില്‍ അടിപതറിയ ഉദ്ധവ് താക്കറെയ്ക്കും ഉപ തിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. എന്നാല്‍, അന്ധേരി ഈസ്റ്റിൽ ശിവസേനാ മുൻ നേതാവ് അന്തരിച്ച രമേഷ് ലാത്കെയുടെ ഭാര്യയും ഉദ്ധവ് വിഭാഗം ശിവസേന സ്ഥാനാർഥിയുമായ റുതുജ ലാത്കെ വൻ വിജയമാണ് നേടിയത്. 66,000 വോട്ടിനാണ് റുതുജ വിജയിച്ചത്. നേരത്തെ തന്നെ ബിജെപി അന്ധേരിയിൽ സ്ഥാനാർഥിയെ പിൻവലിച്ചിരുന്നു. എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉദ്ധവ് വിഭാഗത്തിന് ഉണ്ടായിരുന്നു.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി