'ഇന്ത്യ' മുന്നണിയും ബിജെപിയും തമ്മില്‍ ആദ്യമായി നേരിട്ട് പോരാടുന്നെന്ന് എഎപി അവകാശപ്പെട്ട പഞ്ചാബിലെ ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. ബിജെപിയുടെ മനോജ് സോന്‍കര്‍ ആണ് വിജയിച്ചത്. എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാര്‍ 12 വോട്ട് നേടിയപ്പോള്‍, സോന്‍കര്‍ 16 വോട്ട് നേടി. എട്ടു വോട്ടുകള്‍ അസാധുവായി. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് എഎപി രംഗത്തെത്തി. മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും സഖ്യമായാണ് മത്സരിച്ചത്. 14 കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. എഎപിക്ക് പതിമൂന്നും കോണ്‍ഗ്രസിന് ഏഴും കൗണ്‍സിലര്‍മാരാണുള്ളത്.
മേയര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, ബിജെപിക്ക് എതിരെ എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ രംഗത്തെത്തി. ബിജെപി ചതിയിലൂടെയാണ് ജയിച്ചത് എന്നാണ് കെജരിവാളിന്റെ ആരോപണം. ഒരു മേയര്‍ തിരഞ്ഞെടുപ്പില്‍ ഇത്രയും തരംതാഴാന്‍ സാധിക്കുമെങ്കില്‍ ദേശീയ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഏതറ്റം വരെയും പോകാന്‍ സാധിക്കുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് എഎപി
മേയര്‍ സ്ഥാനത്തേക്കാണ് എഎപി മത്സരിച്ചത്. സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഡെപ്യൂട്ടി, സീനിയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും ബിജെപി വിജയിച്ചു. മേയര്‍ തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്ന് ആരോപിച്ച് ഈ സ്ഥാനങ്ങളിലേക്ക് എഎപി, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തില്ല. കഴിഞ്ഞതവണ മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നിരുന്നു. ഇതേത്തുടര്‍ന്ന് ബിജെപി വിജയിക്കുകയും ചെയ്തു. ഇന്ത്യ മുന്നണി രൂപീകരിച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ എഎപിക്ക് വിജയപ്രതീക്ഷുണ്ടായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായുള്ള തിരിച്ചടി എഎപി, കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.
ഇന്ത്യ മുന്നണി ആദ്യമായി മത്സരിക്കാന്‍ പോകുന്നത് ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പിലാണെന്നും ഇവിടെ ജയിച്ച് സഖ്യത്തിന്റെ യാത്രക്ക് തുടക്കം കുറിക്കും എന്നുമായിരുന്നു എഎപി അവകാശപ്പെട്ടിരുന്നത്. കോണ്‍ഗ്രസ്-എഎപി സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ ആരംഭിച്ച സമയത്തായിരുന്നു എഎപി നേതൃത്വത്തിന്റെ പ്രതികരണം. എന്നാല്‍, പഞ്ചാബില്‍ സഖ്യമായി മത്സരിക്കില്ലെന്നു ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നുമാണ് പഞ്ചാബ് ബിജെപി ഘടകം ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.