INDIA

ഗുജറാത്തില്‍ ഏഴാമൂഴം; പല മണ്ഡലങ്ങളിലും ബിജെപിക്ക് ചരിത്ര ഭൂരിപക്ഷം

1985-ൽ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സ്വന്തമാക്കിയ 149 സീറ്റുകളുടെ റെക്കോർഡും തകർന്നടിഞ്ഞു

വെബ് ഡെസ്ക്

ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി ബിജെപി അധികാരത്തിലേറുന്നത് 2002 ലാണ്. ഗുജറാത്ത് കലാപത്തിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ 127 സീറ്റുകള്‍ നേടിയായിരുന്നു വിജയം. തുടർച്ചയായ ഏഴാം തവണയും അധികാരം പിടിക്കുമ്പോള്‍ ബിജെപി തിരുത്തിയത് ആ റെക്കോർഡ് മാത്രമല്ല. 1985-ൽ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സ്വന്തമാക്കിയ 149 സീറ്റുകളുടെ റെക്കോർഡും തകർന്നടിഞ്ഞു. ആകെ 182 സീറ്റുകളില്‍ 156 എണ്ണവും ബിജെപി നേടി. വോട്ട് വിഹിതത്തിന്‌റെ വലിയൊരു ഭാഗം ആംആദ്മി പാര്‍ട്ടിയിലേക്ക് ഒഴുകിയതോടെ കോൺഗ്രസ് ചിത്രത്തിന് പുറത്തായി. കോണ്‍ഗ്രസ് 17 ലേക്ക് ഒതുങ്ങിയപ്പോള്‍ ആംആദ്മി അഞ്ച് സീറ്റുകള്‍ നേടി.

മിക്ക മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ വിജയം. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതോടെ രണ്ടാം വട്ടവും മുഖ്യമന്ത്രിയാകുന്ന ഭൂപേന്ദ്ര പട്ടേലിന്റേത് തന്നെയാണ് ഏറ്റവും തിളക്കമേറിയ ജയം. 2017 ലെ തന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്താണ് ഘട്ട്‌ലോഡിയ മണ്ഡലത്തില്‍ നിന്ന് വീണ്ടും അധികാരത്തിലേറുന്നത്. 2,13,530 വോട്ടാണ് പട്ടേലിന്റെ പെട്ടിയില്‍ വീണത്. നരേന്ദ്ര മോദി നേരിട്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോള്‍ പോലും കിട്ടാത്ത വമ്പന്‍ ഭൂരിപക്ഷമാണിത്.

തുടർച്ചയായ എട്ടാം തവണയാണ് ബിജെപി നവ്സാരി കീഴടക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയായ റിവാബ ജഡേജ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജാംനഗര്‍ മണ്ഡലത്തിലെ ഫലം എല്ലാവരും ഉറ്റു നോക്കിയ ഒന്നായിരുന്നു. ഇവിടെ 60,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന്റെ ബിപേന്ദ്ര സിങ്ങിനെ പരാജയപ്പെടുത്തി റിവാബ മിന്നും വിജയം കരസ്ഥമാക്കി. എഎപിക്ക് ഇവിടെ 34000ത്തോളം വോട്ടുകളും ലഭിച്ചു. 84,336 വോട്ടുകൾ നേടിയ റിവാബയ്ക്ക്, രണ്ടാം സ്ഥാനത്തെത്തിയ എഎപിയുടെ കർഷൻഭായ് കർമുറിനേക്കാൾ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. സിറ്റിങ് എംഎല്‍എയെ മാറ്റിനിർത്തിയാണ് ബിജെപി റിവാബയെ പരീക്ഷിച്ചത്.കോൺഗ്രസ് സ്ഥാനാർഥി ബിപേന്ദ്രസിങ് ജഡേജയുടെ പ്രചാരണത്തിന്റെ മുന്‍നിരയില്‍ രവീന്ദ്ര ജഡേജയുടെ സഹോദരി നയനാബയും കളത്തിലിറങ്ങിയതോടെയായിരുന്നു മണ്ഡലം ശ്രദ്ധാകേന്ദ്രമായത്.

ഗോണ്ടാല്‍ മണ്ഡലത്തില്‍ ബിജെപിയുടെ ഗീതാബ ജഡേജ 40,000 ത്തിലധികം ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന്റെ യതീഷ് ദേശായിയെ പരാജയപ്പെടുത്തി. എഎപിക്ക് ഇവിടെ ലഭിച്ചത് 12,800 വോട്ടുകളാണ്. തുടർച്ചയായ രണ്ടാം തവണയാണ് ഗീതാബ ഗോണ്ടാലില്‍ ജയിച്ചുകയറുന്നത്. 2017 ല്‍ കോൺഗ്രസിന്റെ കടാരിയ അർജുന്‍ ഭായിയെ പരാജയപ്പെടുത്തിയായിരുന്നു അധികാരത്തലേറിയത്.

നവ്‌സാരി മണ്ഡലത്തിലും ബിജെപിക്ക് വമ്പിച്ച ഭൂരിപക്ഷമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ ദീപക് ബാറോട്ട് 34,400 വോട്ടുകളിലൊതുങ്ങിയപ്പോള്‍ ബിജെപിയുടെ രാകേഷ് ദേശായി ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നേടി. ബിജെപി, കോൺഗ്രസ്, ആപ് ത്രികോണമത്സരത്തിനായിരുന്നു നവ്സാരി സാക്ഷിയായത്. തുടർച്ചയായ എട്ടാം തവണയാണ് ബിജെപി നവ്സാരി കീഴടക്കുന്നത്. 2017ലും 2012ലും ബിജെപി ടിക്കറ്റില്‍ പീയുഷ് ദേശായിയാണ് മണ്ഡലത്തില്‍ വിജയിച്ചത്.

രാജ്‌കോട്ട് സൗത്തില്‍ ബിജെപിയുടെ രമേഷ്ഭായി തിലാരയ്ക്ക് 80,000 ത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. തിലാരയും കോൺഗ്രസിന്റെ ഹിതേഷ്ഭായ് വോറയും ആപ്പിന്റെ ശിവ്ലാല്‍ ബറാസിയയും തമ്മിലായിരുന്നു പോരാട്ടം. 2012,2017 ലും കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരം കയ്യടക്കിയ മണ്ഡലമാണ് രാജ്കോട്ട് സൗത്ത്.

150 സീറ്റുകളിലെങ്കിലും വിജയിപ്പിക്കൂ എന്നായിരുന്നു ഗുജറാത്ത് ജനതയോട് നരേന്ദ്രമോദി ആവശ്യപ്പെട്ടത്

ജഗാഡിയ മണ്ഡലത്തില്‍ ബിജെപിക്ക് 90,000 ത്തോളം വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് 15,000 വോട്ടുകളിലൊതുങ്ങി. ബിജെപിയുടെ റിതേഷ്ഭായ് വാസവ കോൺഗ്രസിന്റെ ഫത്തേഹ്സിങ് അമന്‍ഭായ് വാസവയെയാണ് പരാജയപ്പെടുത്തിയത്. 2012ല്‍ ജെഡിയു സ്ഥാനാർത്ഥി വാസവ ചോട്ടുഭായി അമർസിങ്ങായിരുന്നു വിജയി. എന്നാല്‍, 2017 ലെ വിജയത്തുടർച്ചയാണ് ബിജെപിക്ക് ഇത്തവണ മണ്ഡലത്തിലേത്. തുടർച്ചയായ രണ്ടാം തവണ ബിജെപി അധികാരം നിലനിർത്തി.

ഭവ്‌നഗര്‍ റൂറല്‍ മണ്ഡലത്തില്‍ ബിജെപിയുടെ പര്‍ഷോട്ടംഭായി സൊളാങ്കി 72,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടി. സൗരാഷ്ട്ര-കച്ച് പ്രദേശത്ത് 54ല്‍ 42 സീറ്റിലും ബിജെപി സ്ഥാനാർഥികള്‍ വിജയിച്ചു. 2017ല്‍ ഇവിടെ 23 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. വടക്കന്‍ ഗുജറാത്തില്‍ 65ല്‍ 55 സീറ്റും ബിജെപി നേടി. നിലവിലെ ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘവി 8000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മജുറ മണ്ഡലത്തില്‍ വിജയിച്ചു. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദാന്‍ ഗഢ്വി, ഖംഭാലിയ മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്തു.

150 സീറ്റുകളിലെങ്കിലും വിജയിപ്പിക്കൂ എന്നായിരുന്നു ഗുജറാത്ത് ജനതയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത്. 2017ല്‍ നേടിയ 99 സീറ്റില്‍ നിന്നാണ് 150ന് അപ്പുറത്തേക്കുള്ള മുന്നേറ്റം. 135 പേരുടെ മരണത്തിനിടയാക്കിയ മോർബി പാലം ദുരന്തത്തിന് പിന്നാലെ തിരിച്ചടിയുണ്ടായേക്കുമെന്ന എല്ലാ കണക്കുക്കൂട്ടലുകളെയും തിരുത്തിയ ചരിത്ര വിജയമാണ് ബിജെപിയുടേത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി