INDIA

ജയിച്ചു, പക്ഷേ ആര് നയിക്കും; ഹിന്ദി ഹൃദയഭൂമിയിൽ മുഖ്യമന്ത്രിമാരെ കണ്ടെത്താനാകാതെ ബിജെപി; രാജസ്ഥാനിൽ മാരത്തണ്‍ ചർച്ചകള്‍

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിനായി പാർട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പടെയുള്ളവരുടെ ഉന്നതതലയോഗം ചേർന്നതായാണ് റിപ്പോർട്ടുകള്‍

വെബ് ഡെസ്ക്

ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്‌ഗഡ് എന്നിവിടങ്ങളില്‍ ചുവടുറപ്പിച്ചെങ്കിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനാകാതെ ബിജെപി നേതൃത്വം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിനായി പാർട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പടെയുള്ളവരുടെ ഉന്നതതലയോഗം ചേർന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ യോഗത്തിലുണ്ടായ തീരുമാനങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി വൃത്തങ്ങള്‍ തയാറായിട്ടില്ല.

അന്തിമതീരുമാനത്തിലെത്തുന്നതിന് മുന്‍പ് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താല്‍പ്പര്യം പാർട്ടി പരിഗണിച്ചേക്കുമെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബിജെപി നേതാവിനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എംഎല്‍എമാരെ മുന്‍നിർത്തി ശക്തി തെളിയിക്കാനുള്ള ശ്രമങ്ങളോട് ബിജെപി നേതൃത്വത്തിന് താല്‍പ്പര്യമില്ലെന്നും ബിജെപി നേതാവ് പറയുന്നു. രാജസ്ഥാനില്‍ മുന്‍മുഖ്യമന്ത്രി വസുന്ദര രാജെയുടെ വസതിയില്‍ കഴിഞ്ഞ ദിവസം എംഎല്‍എമാരെത്തിയിരുന്നു.

രാജസ്ഥാനില്‍ സസ്‌പെന്‍സ് നീളുകയാണ്. മുഖ്യമന്ത്രി ആരാകണമെന്നതില്‍ സംസ്ഥാനനേതൃത്വത്തിനിടയില്‍ തന്നെ ചർച്ചകളുടെ പരമ്പര തന്നെ നടക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പുതിയ എംഎല്‍എമാർ വസുന്ദര രാജെയേയും സംസ്ഥാന അധ്യക്ഷന്‍ സിപി ജോഷിയേയും സന്ദർശിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുണ്‍ സിങും ജോഷിയും തമ്മിലും ചർച്ചകള്‍ നടന്നു.

ശേഷം പാർട്ടി ജനറല്‍ സെക്രട്ടറി ചന്ദ്രശേഖറുമായി ഇരുവരും ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടില്‍ പറയുന്നു. ജോഷിയും അരുണ്‍ സിങും നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു തുടർ ചർച്ചകള്‍. മുഖ്യമന്ത്രിയാരാകുമെന്നതില്‍ സൂചന നല്‍കിയില്ലെങ്കിലും തീരുമാനം ഉടനുണ്ടാകുമെന്നാണ് അരുണ്‍ സിങ് പ്രതികരിച്ചത്.

ഛത്തിസ്‌ഗഡില്‍ രേണുക സിങ്ങിന്റേയും മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റേയും വീടുകള്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം പോലീസ് സുരക്ഷയൊരുക്കിയിരുന്നു. മുഖ്യമന്ത്രിയാരാകുമെന്നത് സംബന്ധിച്ച് ചില സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടപടി. നിരവധി എംഎല്‍എമാർ രമണ്‍ സിങ്ങിനെ വസതിയിലെത്തി കാണുകയും ചെയ്തിരുന്നു.

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാനിലേക്കാണ് എല്ലാ കണ്ണുകളും. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും താന്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി പട്ടികയിലില്ലെന്ന് ശിവരാജ് സിങ് ചൗഹാന്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. തന്നെ പാർട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിർവഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ചൗഹാന്‍ കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി മധ്യപ്രദേശില്‍ ഭരണത്തിലെത്തിയത്. കോണ്‍ഗ്രസ് 66 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. രാജസ്ഥാനില്‍ 115ഉം ഛത്തീസ്‌ഗഡില്‍ 54ഉം സീറ്റ് നേടിയായിരുന്നും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടിയത്.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം