പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ഭൂരിപക്ഷ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പങ്ക് കുറയ്ക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ പ്രൈസ് ജേതാവുമായ അമര്‍ത്യ സെന്‍. മുസ്ലീങ്ങളെപ്പോലുള്ള ന്യൂനപക്ഷങ്ങളോടുള്ള അവഗണനയിൽ ഇന്ത്യ എന്നെങ്കിലും ഖേദിക്കുമെന്നും അമര്‍ത്യ സെൻ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിഎഎ നടപ്പാക്കുന്നതിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത് രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ പ്രാധാന്യം കുറയ്ക്കുകയും പ്രത്യക്ഷവും പരോക്ഷവുമായി ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷ ശക്തികളുടെ പങ്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും രാഷ്ട്രീയ സമത്വത്തിനും നീതിക്കും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.
''ഇന്ത്യയെ പോലെയുള്ള ഒരു മതേതര, സമത്വ രാഷ്ട്രമാകാന്‍ ഉദ്ദേശിക്കുന്ന ഒരു രാജ്യത്തിന് ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന ന്യൂനപക്ഷങ്ങളായ കുടിയേറ്റക്കാരെ തദ്ദേശികളായി പരിഗണിക്കാതെ വിദേശികളായി പ്രഖ്യാപിക്കുന്നത് നിര്‍ഭാഗ്യകരമാണ്. അവരെ താഴ്ത്തിക്കെട്ടുകയും വിവേചനപരമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നത് അടിസ്ഥാനപരമായി ഒരു മോശം നീക്കമായാണ് ഞാന്‍ കണക്കാക്കുന്നത്'' അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷങ്ങളിലൊക്കെ വളരെ മോശം പ്രകടനമാണ് കാഴ്ച്ച വെയ്ക്കുന്നതെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ''രാജ്യത്തെ ഓരോ പൗരനും അവകാശങ്ങളുണ്ട് അത് പൗരത്വത്തില്‍ നിന്നുമാണ് ഉയര്‍ന്നുവരുന്നത്. എല്ലാത്തിനുമപ്പുറം ഗാന്ധിജി നേടിയെടുക്കാന്‍ ശ്രമിച്ചതും അതു തന്നെയാണ്''-അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധി ഒരിക്കലും ഒരു വിഭാഗത്തിനെതിരെ മറ്റൊന്നിനെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ഹിന്ദുക്കളെ പോലെ തന്നെ അദ്ദേഹം മുസ്ലീങ്ങളെയും പരിഗണിച്ചിരുന്നു. മുസ്ലീങ്ങള്‍ക്ക് സ്വാതന്ത്രത്തിന് മുന്‍പ് ഉള്ളതിനേക്കാള്‍ സ്ഥാനം നല്‍കാനും അദ്ദേഹം തയ്യാറായിരുന്നുവെന്നും സെന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതിന് നേര്‍ വിപരീതമായുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ മുസ്ലീങ്ങളെപ്പോലുള്ള ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതില്‍ ഇന്ത്യ ഖേദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം അല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ തീരുമാനിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ സിഎഎ 2019 ഡിസംബര്‍ 11 ന് പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യപരമായ തീരുമാനമാണ് ഇതെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവന്നതിന് പിന്നാലെ രാജ്യത്താകമാനം പ്രതിഷേധം ആളിപ്പടര്‍ന്നിരുന്നു. എന്നാല്‍ സിഎഎയുടെ കീഴിലുള്ള നിയമങ്ങള്‍ ഇനിയും രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ പൗരത്വ ഭേദഗതി നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് സിഎഎ ലക്ഷ്യമിടുന്നത്. സ്വന്തം രാജ്യത്ത് നിന്ന് മതപരമായ പീഡനങ്ങള്‍ അനുഭവിച്ച് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലേക്ക് എത്തിയവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല. അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും ചെയ്യും. എന്നാല്‍ അതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയ വിവേചനപരമായ പൗരത്വ ബില്ലിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.