വനിതാ സംവരണ ബിൽ പാസാക്കിയെടുത്തതിലൂടെ രാജ്യത്തെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ മുഴുവന്‍ ക്രെഡിറ്റും സ്വന്തമാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന ബിജെപിയും നടത്തുന്നത്. വനിതാ സംവരണ ബില്ലിലെ വ്യവസ്ഥകള്‍ ഉയര്‍ത്തിക്കാട്ടിയാണ് നിലവില്‍ തിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പ്രചാരണം. രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ദൈവ നിയോഗമാണ് എന്നായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി പോലും കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. അവകാശവാദങ്ങള്‍ നിരവധിയെങ്കിലും, സ്ത്രീകളെ പരിഗണിക്കുന്നതില്‍ ബിജെപി എന്ന പാര്‍ട്ടി എത്രത്തോളം തയാറായിട്ടുണ്ടെന്ന ചോദ്യം പ്രസക്തമാണ്. സ്ത്രീസംവരണ ബില്‍ അവതരിപ്പിച്ച് കൊണ്ട് ലോക്സഭയിലും രാജ്യസഭയിലും ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ അവകാശവാദങ്ങൾ പക്ഷേ സ്വന്തം പാർട്ടിയിൽ നടപ്പാക്കാൻ ഇക്കാലമത്രയും ബിജെപിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ബിജെപിയുടെ നേതൃനിരകളിലെ സ്ത്രീ സാന്നിധ്യത്തിന്റെ കണക്കുകൾ ഈ ആരോപണത്തിന് അടിവരയിടുന്നതാണ്.
സ്ത്രീ സമത്വത്തിനായി നിയമം കൊണ്ടുവന്ന ബിജെപി ഇപ്പോഴും പുരുഷ കേന്ദ്രീകൃതമായ നേതൃനിരയുള്ള പാർട്ടിയാണ്. ബിജെപിയുടെ ദേശീയ നിർവാഹക സമിതി, എംപിമാർ എംഎൽഎമാർ മുഖ്യമന്ത്രിമാർ എന്നിങ്ങനെ തുടങ്ങി ഏത് വിഭാഗത്തിലെയും സ്ത്രീ പ്രാതിനിധ്യം പരിശോധിച്ചാല്‍ ഈ വസ്തുത തെളിഞ്ഞുകാണാം.
നിലവിലെ കണക്കനുസരിച്ച് 90 അംഗങ്ങളുള്ള ബിജെപി ദേശീയ നിർവാഹക സമിതിയിൽ ആകെയുള്ളത് 14 വനിതകളാണ്. അതായത് 15.56 ശതമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അംഗങ്ങളായ സമിതി 2021 ലാണ് പുതുക്കിയത്.
36 ഇടങ്ങളിലെ പാർട്ടി പ്രസിഡന്റുമാരിൽ രണ്ടുപേരാണ് സ്ത്രീകൾ. ദേശീയ ജനറൽ സെക്രട്ടറിമാരുടെ കാര്യത്തിലാകട്ടെ എട്ടിൽ എട്ടും പുരുഷന്മാർ
പാർട്ടിയുടെ ഏറ്റവും ഉന്നത സമിതിയായ പാർലമെന്ററി ബോർഡിലും ഈ അസന്തുലിതാവസ്ഥ പ്രകടമാണ്. 11 അംഗ സമിതിയിൽ ഒന്നും, 15 അംഗ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിൽ രണ്ട് പേരുമാണ് വനിതകളായുള്ളത്. ബിജെപിയുടെ തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്ന ഉന്നത സമിതിയാണ് പാർലമെന്ററി ബോർഡ്. അതേസമയം, തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും തീരുമാനിക്കും. അത്രത്തോളം അധികാരമുള്ള പാർട്ടി സമിതികളിൽ വനിതകളുടെ എണ്ണം ശുഷ്കിച്ചുനിൽക്കവെയാണ് സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി ബിജെപി സ്വയം വിശേഷിപ്പിക്കുന്നത്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പാർട്ടി പ്രസിഡന്റുമാരുടെ കാര്യവും സമാനമാണ്. 36 ഇടങ്ങളിലെ പാർട്ടി പ്രസിഡന്റുമാരിൽ രണ്ടുപേരാണ് സ്ത്രീകൾ. ദേശീയ ജനറൽ സെക്രട്ടറിമാരുടെ കാര്യത്തിലാകട്ടെ എട്ടിൽ എട്ടും പുരുഷന്മാർ. ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി കസേരകളിലും സ്ത്രീ പ്രാതിനിധ്യം വട്ടപൂജ്യമാണ്.
ബിജെപി 1980ൽ രൂപീകൃതമായതിന് ശേഷം ഒരൊറ്റ വനിതാ ദേശീയ പ്രസിഡന്റുപോലും പാർട്ടിക്കുണ്ടായിട്ടില്ല. സുഷമ സ്വരാജ്, വസുന്ധര രാജെ, ഉമാ ഭാരതി തുടങ്ങി കരുത്തരായ വനിതാ നേതാക്കൾ ഉണ്ടെന്നിരിക്കെയായിരുന്നു ഈ അവഗണന. ദേശീയ ജനറൽ സെക്രട്ടറി പദവിയിലും വനിതകൾ ഒന്നുപോലുമുണ്ടായിട്ടില്ല. ലോക്സഭയിൽ ബിജെപിക്ക് 301 എംപിമാർ ഉള്ളതിൽ 42 പേർ (14 ശതമാനം) മാത്രമേ വനിതകളുള്ളൂ. രാജ്യത്താകമാനം 1283 എംഎൽഎമാർ ഉള്ളത്തിലാകട്ടെ അതിന്റെ പത്ത് ശതമാന മാത്രമാണ് സ്ത്രീകൾ.