INDIA

കർണാടക സർക്കാരിനെ മറിച്ചിടാൻ കേരളത്തിൽ ദുർമന്ത്രവാദം! വെളിപ്പെടുത്തലുമായി ഡി കെ ശിവകുമാർ

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ കേരളത്തിൽ ദുർമന്ത്രവാദം നടക്കുന്നതായുള്ള വെളിപ്പെടുത്തലുമായി    കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കോൺഗ്രസ് സർക്കാരിന്  പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടാകാനും സർക്കാർ നിലംപൊത്താനുമുള്ള കരു നീക്കങ്ങൾക്കു രാഷ്ട്രീയ ശത്രുക്കൾ  ദുർമന്ത്രവാദത്തെ കൂട്ടുപിടിച്ചതായി വിവരം ലഭിച്ചെന്നാണ്  കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ഡികെയുടെ ആരോപണം.

"കേരളത്തിലെ രാജ രാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് വിവിധ യാഗങ്ങളും മൃഗബലിയും നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശത്രു ഭൈരവി യാഗം ഉൾപ്പടെ നടന്ന, ഇതിൽ പങ്കെടുത്തയാളാണ്  രഹസ്യ വിവരം നൽകിയത്. അവർ എന്ത് വേണേലും ചെയ്യട്ടെ. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണ് " ശിവകുമാർ  മാധ്യമങ്ങളോട്  പറഞ്ഞു. 

ദക്ഷിണ കന്നഡ ജില്ലയിലെ ധർമ്മസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ച്‌ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി സിദ്ധരാമയ്യയും

കേരളത്തിൽ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന രാജ രാജേശ്വരി ക്ഷേത്രത്തിലാണ് കർണാടകയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ ദർശനത്തിന് എത്താറുള്ളത്. എന്നാൽ ഈ ക്ഷേത്രം കേന്ദ്രീകരിച്ചാണോ ദുർമന്ത്രവാദ കർമങ്ങൾ നടന്നതെന്ന് ശിവകുമാർ വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് സർക്കാരിനെ  താഴെ ഇറക്കാൻ നീക്കം നടത്തുന്നതും ദുർമന്ത്രവാദത്തെ കൂട്ട് പിടിക്കുന്നതും ആരെന്നു തനിക്ക്  അറിയാമെന്നും അവരതിൽ വിദഗ്ധർ ആണെന്നും ഡികെ പറഞ്ഞു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. 

അഘോരി സന്യാസിമാരും ഈ ദുർമന്ത്രവാദ കർമങ്ങളിൽ പങ്കെടുത്തു. 42 ആടുകളെയും മൂന്നു കന്നുകാലികളെയും അഞ്ചു  പന്നികളെയും യാഗത്തിന് ശേഷം ബലി നൽകിയാണ് കർമങ്ങൾ അവസാനിച്ചത്. രാജ കണ്ടക, മരണ മോഹന സ്തംഭന  യാഗങ്ങളാണ്‌ സർക്കാരിനെതിരെ നടത്തിയതെന്നും കർണാടക ഉപമുഖ്യമന്ത്രി വിവരം നൽകിയ ആളുടെ പേര് വെളിപ്പെടുത്താതെ  വിശദീകരിച്ചു. 

ശിവകുമാർ ആരെയാണ് ഉന്നം വെക്കുന്നതെന്നു  വ്യക്തമല്ലെങ്കിലും രാജ രാജേശ്വരി ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായ എതിർചേരിയിലെ നേതാക്കളിലേക്കാണ്  ആരോപണത്തിന്റെ കുന്തമുന നീളുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കർണാടക സർക്കാറിൽ വൻ  പൊട്ടിത്തെറിയുണ്ടാകുമെന്നും നിരവധി എംഎൽഎമാർ മറുകണ്ടം ചാടുമെന്നുമുള്ള പ്രസ്താവനകൾ ബിജെപി നേതാക്കളിൽ നിന്നുണ്ടായിരുന്നു. നേതൃമാറ്റത്തെ ചൊല്ലി  മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമിടയിൽ   ശീത യുദ്ധം മുറുകുകയാണ്. ഈ പശ്ചാത്തലത്തിൽ  ഡികെ ഉന്നയിക്കുന്ന ദുർമന്ത്രവാദ ആരോപണത്തിന്റെ പൊരുളെന്തെന്ന് ചിന്തിക്കുകയാണ്  രാഷ്ട്രീയ നിരീക്ഷകർ. 

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും