INDIA

ലൈംഗികാതിക്രമക്കേസ്: പ്രജ്വല്‍ രേവണ്ണയെ കണ്ടെത്താന്‍ ബ്ലൂ കോർണർ നോട്ടിസ്; എസ്ഐടിക്ക് പൂർണ സ്വാതന്ത്ര്യം നല്‍കി സർക്കാർ

വെബ് ഡെസ്ക്

ലൈംഗികാതിക്രമക്കേസിലെ മുഖ്യപ്രതിയും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയെ കണ്ടെത്താൻ ബ്ലു കോർണർ നോട്ടിസ് പുറപ്പെടുവിച്ചതായി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സംസ്ഥാന സർക്കാർ പൂർണ സ്വാതന്ത്ര്യം (എസ്ഐടി) നല്‍കിയിട്ടുണ്ടെന്നും പരമേശ്വര വ്യക്തമാക്കി.

"നടപടിക്രമങ്ങള്‍ക്കനുസരിച്ചാണ് അന്വേഷണം സംഘം നീങ്ങുന്നത്. കേസില്‍ നീതിയുക്തമായ അന്വേഷണം നടത്തും. ഇതിനായി എസ്ഐടിക്ക് പൂർണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്," ആഭ്യന്തര മന്ത്രി പറഞ്ഞു.

പ്രജ്വലിനെ കണ്ടെത്തുന്നതിനായി ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ച കാര്യവും മന്ത്രി സ്ഥിരീകരിച്ചു. "ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രജ്വലിനെ കണ്ടെത്തുകതന്നെ ചെയ്യും. പ്രജ്വലിനെ രാജ്യത്തേക്കു തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. നടപടിക്രമങ്ങള്‍ക്ക് അനുസരിച്ച് തന്നെ പ്രജ്വലിനെ ഇന്ത്യയിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും എസ്ഐടി നടത്തുന്നുണ്ട്," പരമേശ്വര കൂട്ടിച്ചേർത്തു.

പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജെഡിഎസ് എംഎൽഎയും പ്രജ്വലിന്റെ പിതാവുമായ എച്ച് ഡി രേവണ്ണയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പ്രജ്വല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന സൂചനകളും നിലനില്‍ക്കുന്നു. ലൈംഗികാതിക്രമ പരാതി ഉയർന്നതിനു പിന്നാലെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്കു കടന്ന പ്രജ്വൽ ഞായറാഴ്ച തിരിച്ചെത്തുമെന്നാണ് കരുതുന്നത്. പ്രജ്വലിന്റെ ജാമ്യഹർജി കോടതി തള്ളിയതിനാൽ ഇന്ത്യയിൽ എത്തിയാലുടനെ അറസ്റ്റുണ്ടാകും.

പ്രജ്വല്‍ കീഴടങ്ങി നിയമനടപടിക്കു വിധേയനാകണമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ ജെഡിഎസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി കുമാര സ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രജ്വലിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹാസന്‍ എംപിയുടെ മടക്കമെന്നാണ് റിപ്പോര്‍ട്ട്. പ്രജ്വൽ രേവണ്ണ ഇന്ത്യയിലേക്ക് ഇന്ന് തിരിച്ചെത്തുമെന്ന് കഴിഞ്ഞദിവസം ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ സിഎസ് പുട്ടരാജു പറഞ്ഞിരുന്നു. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് പ്രജ്വലുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. പ്രതിയുടെ നീക്കങ്ങൾ എസ് ഐ ടി നിരീക്ഷിച്ച് വരികയായിരുന്നു. പ്രജ്വലിനെതിരെ ഇന്റർപോളുമായി സഹകരിച്ച് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാനും നീക്കമുണ്ടായിരുന്നു.

പ്രജ്വൽ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ മൂവായിരത്തിലധികം വീഡിയോകൾ ഏപ്രിൽ ഇരുപത്തിയെട്ടിനാണ് പുറത്തുവരുന്നത്. ഹാസനിൽ എൻ ഡി എ സ്ഥാനാർഥി കൂടിയായ പ്രജ്വലിനെതിരെയുള്ള പരാതികൾ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സംഭവം വിവാദമായതോടെ, കർണാടകയിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26ന് തൊട്ടടുത്ത ദിവസം പ്രജ്വൽ രാജ്യം വിടുകയായിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ സംഭവം അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചത്

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും