INDIA

'ഭയാനകം, നീചമായ കുറ്റകൃത്യം..'; മണിപ്പൂർ കൂട്ടബലാത്സംഗത്തിൽ പ്രതികരിച്ച് ബോളിവുഡ്

അക്ഷയ് കുമാർ, റിച്ച ചദ്ദ, കിയാര അദ്വാനി തുടങ്ങിയ താരങ്ങളും നേരത്തെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ന​ഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കൂടുതൽ ബോളിവുഡ് താരങ്ങൾ. സ്ത്രീകളെ കരുവാക്കുന്ന നടപടി അനുവദിക്കാനാവില്ലെന്നും നീതിക്കായി കൂട്ടായി ശബ്ദം ഉയർത്തണമെന്നും ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പ്രതികരിച്ചു. മണിപ്പൂരിലെ സ്ഥിതിഗതികൾ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്ന് നടി കരീന കപൂറും പ്രതികരിച്ചു. മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ ഭയാനകമായിരുന്നെന്നും താൻ നടുങ്ങിപ്പോയെന്നും നടി കിയാര അദ്വാനി പറഞ്ഞു.

"ഈ നീചമായ കുറ്റകൃത്യം നടന്ന് 77 ദിവസങ്ങൾക്ക് ശേഷമാണ് നടപടിയെടുക്കുന്നത്. അതിന് ഒരു വീഡിയോ വൈറലാകേണ്ടി വന്നു. സ്ത്രീകളെ കരുവാക്കുന്ന നടപടി അനുവദിക്കാനാകില്ല. അങ്ങനെ ചെയ്യുന്നതിൽ ഒരു ന്യായീകരണവും അർഹിക്കുന്നില്ല. വേഗത്തിൽ നീതി നടപ്പാക്കാനായി കൂട്ടായി ശബ്‍ദമുയർത്തണം"- പ്രിയങ്ക ചോപ്ര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കരീന കപൂറിന്റെ പ്രതികരണം. "മണിപ്പൂരിലെ സ്ഥിതിഗതികളിൽ അങ്ങേയറ്റം അസ്വസ്ഥയാണ്. വേഗത്തിൽ നടപടിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം"- കരീന കുറിച്ചു.

അക്ഷയ് കുമാർ, റിച്ച ചദ്ദ, കിയാര അദ്വാനി തുടങ്ങിയ താരങ്ങളും നേരത്തെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. മണിപ്പുരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് താൻ ഞെട്ടിയെന്നും അറപ്പ് തോന്നിയെന്നുമായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. സ്ത്രീകൾക്ക് എത്രയും പെട്ടെന്ന് നീതി ലഭിക്കട്ടെയെന്ന് താൻ പ്രാർഥിക്കുന്നുവെന്നും ഉത്തരവാദികൾ അവർ അർഹിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കണമെന്നും കിയാര അദ്വാനി പറഞ്ഞു.

മണിപ്പൂരിൽ കുകി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത വീഡിയോ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണുയരുന്നത്. സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മെയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തായത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ