കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആരോപിച്ച നാല്‍പത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് തെളിവ് കാണിക്കാന്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വെല്ലുവിളി. തന്റെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിക്കാട്ടി വോട്ടഭ്യര്‍ത്ഥിച്ച് അധികാരം പിടിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇനി അതിന് തെളിവ് നിരത്തണമെന്നാണ് ബൊമ്മെയുടെ ആവശ്യം. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ അഴിമതി കേസുകള്‍ക്കൊപ്പം മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരെ നാല്‍പത് ശതമാനം കമ്മീഷന്‍ ആരോപണം കൊണ്ട് വന്ന കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനെയും ബൊമ്മെ വെല്ലുവിളിച്ചു
സര്‍ക്കാരിനെതിരെ നാല്‍പത് ശതമാനം കമ്മീഷന്‍ ആരോപണം കൊണ്ട് വന്ന കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനെയും ബൊമ്മെ വെല്ലു വിളിച്ചു. ഇനി സര്‍ക്കാര്‍ പദ്ധതികളുടെ ടെണ്ടര്‍ വിളിക്കുമ്പോള്‍ കോണ്‍ട്രാക്ടർമാർ നാല്‍പത് ശതമാനം തുക കുറച്ച് ക്വാട്ട് ചെയ്താല്‍ മതിയാകും. അതല്ല പഴയ തുക തന്നെ ആണെങ്കില്‍ ഈ സര്‍ക്കാരും അഴിമതിക്കാരാണെന്ന് പറയാന്‍ മടിക്കരുതെന്നും ബൊമ്മെ ആവശ്യപ്പെട്ടു. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ അധ്യക്ഷന്‍ കെംപണ്ണയെ സംബോധന ചെയ്തായിരുന്നു ബസവരാജ് ബൊമ്മെയുടെ വെല്ലുവിളി. അസോസിയേഷന് കീഴിലുള്ള എല്ലാ കരാറുകാരും നാല്‍പത് ശതമാനം തുക കുറച്ചാണ് ക്വോട്ട് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തല്‍ ഇനി കെംപണ്ണയുടെ ഉത്തരവാദിത്വമാണ്. കമ്മീഷന്‍ പറ്റിയതിന് തെളിവ് പുറത്തുവിടാന്‍ ഇനിയെങ്കിലും അദ്ദേഹം തയ്യാറാകണമെന്നും ബൊമ്മെ ആവശ്യപ്പെട്ടു.
ബിജെപിയുടെ തോല്‍വി ഉറപ്പാക്കാന്‍ ഈ പ്രചാരണം കുറച്ചൊന്നുമല്ല കോണ്‍ഗ്രസിനെ സഹായിച്ചത്
കോണ്‍ട്രാക്ടേഴ്സ് അസോസിയയേഷന്‍ അധ്യക്ഷന്‍ കെംപണ്ണ ആയിരുന്നു ബൊമ്മെ സര്‍ക്കാരിന്റെ പൊതു മരാമത്ത് വകുപ്പിനെതിരെ നാല്പത് ശതമാനം കമ്മീഷന്‍ വ്യവസ്ഥയും അഴിമതിയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. പൊതുമരാമത്ത് കരാര്‍ പണി പൂര്‍ത്തിയാക്കിയിട്ടും പണം അനുവദിച്ച് തരാന്‍ മന്ത്രി കെ എസ് ഈശ്വരപ്പയും ഉദ്യോഗസ്ഥരും നാല്‍പത് ശതമാനം കമ്മീഷന്‍ ചോദിക്കുന്നു എന്നായിരുന്നു പരാതിയുടെ രത്‌ന ചുരുക്കം.
മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് അത് ഏറ്റുപിടിക്കുകയും തിരഞ്ഞെടുപ്പ് ആയുധമാക്കുകയായിരുന്നു. ബൊമ്മെക്കെതിരെ 'പേ സി എം ' (മുഖ്യമന്ത്രിക്ക് പണം നല്‍കൂ ) ഹാഷ് ടാഗ് പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കി. ബിജെപിയുടെ തോല്‍വി ഉറപ്പാക്കാന്‍ ഈ പ്രചാരണം കുറച്ചൊന്നുമല്ല കോണ്‍ഗ്രസിനെ സഹായിച്ചത്. സംസ്ഥാനത്തെ 224 മണ്ഡലങ്ങളില്‍ 135 സീറ്റുകള്‍ തൂത്തുവാരി റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസിന്റെ വിജയം. അഴിമതി ആരോപണവും ഭരണ വിരുദ്ധ വികാരവും നേരിട്ട ബിജെപി 66 സീറ്റുകളില്‍ ഒതുങ്ങി പോയി.