കർണാടകയിൽ പാലുല്പന്നങ്ങളുമായെത്തുന്ന 'അമൂൽ' ബ്രാൻഡിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കർണാടകയുടെ സ്വന്തം ബ്രാൻഡായ നന്ദിനിയുമായി അമൂൽ വിപണിയിൽ മത്സരിക്കട്ടെയെന്നും രാജ്യത്തെ ഒന്നാം നമ്പർ ബ്രാൻഡായി നന്ദിനി അറിയപ്പെടുമെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
കർണാടകയുടെ സ്വന്തം 'നന്ദിനി'ബ്രാൻഡിനെ തകർക്കാനാണ് കേന്ദ്ര സർക്കാരിനെ കൂട്ടുപിടിച്ച് ബൊമ്മെ സർക്കാരിന്റെ ശ്രമമെന്ന് സിദ്ധരാമയ്യ
അതേസമയം, അമൂലിന്റെ കർണാടക പ്രവേശത്തെ നഖശിഖാന്തം എതിർത്ത് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ജെഡിഎസും രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾ അമൂലിനെതിരെ ശക്തമായ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. കർഷകർ അവരുടെ പ്രയത്നത്താൽ പടുത്തുയർത്തിയ കർണാടകയുടെ സ്വന്തം 'നന്ദിനി'ബ്രാൻഡിനെ തകർക്കാനാണ് കേന്ദ്ര സർക്കാരിനെ കൂട്ടുപിടിച്ച് ബൊമ്മെ സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു. ഗുജറാത്തിലെ അമൂലിനെ വളർത്തി കർണാടകയിലെ ക്ഷീര കർഷകരെ തളർത്താനാണ് ബിജെപി നീക്കം. ഒരു കാരണവശാലും അമൂലിനെ സ്വാഗതം ചെയ്യരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ ക്ഷീര കർഷകരോട് ആഹ്വാനം ചെയ്‌തു. അമൂലിന്റെ കടന്നുവരവിനെ എതിർത്ത് ജെഡിഎസ് അധ്യക്ഷൻ എച് ഡി കുമാരസ്വാമിയും രംഗത്തെത്തി. കർണാടക മിൽക്ക് ഫെഡറേഷന്റെ നാശത്തിലാണ് അമൂലിന്റെ കടന്നുവരവ് വഴിവെക്കുകയെന്ന് കുമാരസ്വാമി ചൂണ്ടിക്കാട്ടി.
കർഷക താല്പര്യം ഹനിച്ചുള്ള സർക്കാർ നീക്കം തിരഞ്ഞെടുപ്പ് വിഷയമാക്കാനാണ് കോൺഗ്രസിന്റെയും ജെഡിഎസിന്റേയും നീക്കം. സംസ്ഥാനത്ത് കൃത്രിമ പാൽ ദൗർലഭ്യം സൃഷ്ടിച്ച് അമൂലിനെ വരവേൽക്കാനുള്ള നീക്കം മാസങ്ങൾക്ക് മുൻപേ തുടങ്ങിയതായാണ് പ്രതിപക്ഷ ആരോപണം. നന്ദിനിയും അമൂലും സംയുക്തമായി പ്രവർത്തിച്ച് സംസ്ഥാനത്തെ ഗ്രാമങ്ങളിലുടനീളം പാൽ വിതരണ കേന്ദ്രങ്ങൾ നടത്തുമെന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനം സംശയത്തോടെയാണ് കോൺഗ്രസും ജെഡിഎസും കാണുന്നത്.
അമൂൽ ബിജെപിയുടെ ബ്രാൻഡും നന്ദിനി കോൺഗ്രസിന്റെ ബ്രാൻഡുമാണെന്ന തരത്തിൽ സംസാരിക്കുന്നത് ഖേദകരമാണെന്ന് കർണാടക ആരോഗ്യമന്ത്രി
നന്ദിനി പാൽ ഉത്പന്നങ്ങൾ മഹാരാഷ്ട്ര, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളിൽ വിറ്റഴിക്കുംപോലെ മറ്റു സംസ്ഥാനങ്ങളുടെ ബ്രാൻഡുകളും കർണാടകയിൽ എത്തുന്നതിൽ അനാവശ്യ വിവാദമെന്തിനെന്നാണ് കർണാടക സർക്കാരിന്റെ ചോദ്യം. അമൂൽ ബിജെപിയുടെ ബ്രാൻഡും നന്ദിനി കോൺഗ്രസിന്റെ ബ്രാൻഡുമാണെന്ന തരത്തിൽ സംസാരിക്കുന്നത് ഖേദകരമാണെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പാലുല്പന്ന ബ്രാൻഡായ നന്ദിനി കർണാടക മിൽക്ക് ഫെഡറേഷന് കീഴിൽ 1974ൽ ആണ് നിലവിൽ വന്നത്. തുടക്കത്തിൽ പാലും തൈരും മാത്രം വിപണിയിലെത്തിച്ച നന്ദിനി പിന്നീട് ഇവയ്ക്ക് പുറമെ, വെണ്ണ, നെയ്യ്, മധുര പലഹാരങ്ങൾ, പാൽ മിശ്രിത ശീതളപാനീയങ്ങൾ, പനീർ തുടങ്ങിയവ നിർമിച്ച് ജനപ്രിയമാകുകയായിരുന്നു. 1990കളിൽ കന്നഡ സൂപ്പർ താരം രാജ്‌കുമാറും അദ്ദേഹത്തിന്റെ മരണ ശേഷം മകൻ പുനീത് രാജ്‌കുമാറും പ്രതിഫലം വാങ്ങാതെ ഉത്പന്നത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി പ്രവർത്തിക്കുകയും ചെയ്‌തു. ഇന്ത്യയിൽ ധവള വിപ്ലവത്തിന് തിരി കൊളുത്തിയ മലയാളിയായ വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ക്ഷീര കർഷകർക്കായി രൂപപ്പെട്ട ബ്രാൻഡാണ് അമൂൽ.